ബുക്കിങ് ആരംഭിച്ച് ആദ്യ ദിനം തന്നെ തരംഗമായി ഓല സ്‌കൂട്ടർ. ബുക്കിങ് ആരംഭിച്ച് 24 മണിക്കൂറിൽ ഏകദേശം ഒരു ലക്ഷം അന്വേഷണങ്ങളാണ് സ്‌കൂട്ടറിന് ലഭിച്ചത്. 18 മിനറ്റ് ചാർജ് ചെയ്താൽ 50 ശതമാനം ചാർജ് കയറുമെന്നും 75 കിലോമീറ്റർ ദൂരം സഞ്ചരിക്കാനാവുമെന്നുമാണ് ഓല പറയുന്നത്. പൂർണമായും ചാർജ് ചെയ്താൽ വാഹനം 150 കിലോമീറ്റർ വരെ ഓടും എന്നാണ് പ്രതീക്ഷ. 499 രൂപ നൽകി ഓൺലൈനിൽ ബുക്ക് ചെയ്യാനുള്ള അവസരമാണ് ഓല ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഓല ഇലക്ട്രിക്കിന്റെ ബുക്കിങ് കമ്പനി ആരംഭിച്ചത്. ബുക്കിങ് ആരംഭിച്ച് 24 മണിക്കൂറിനകം തന്നെ ഒരു ലക്ഷം ഓർഡർ ലഭിക്കുക ആയിരുന്നു.

വാഹനം വാങ്ങിയില്ലെങ്കിലും ഓർഡർ ചെയ്ത തുക പൂർണമായും തിരിച്ചു നൽകുമെന്നും കമ്പനി അറിയിച്ചിരുന്നു. വാഹനത്തിന്റെ വില എത്രയെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. വിൽപനയ്‌ക്കെത്തുന്നതിന്റെ ഭാഗമായി 400 നഗരങ്ങളിലായി ഒരു ലക്ഷത്തോളം ചാർജിങ് പോയിന്റുകൾ സജ്ജമാക്കുന്ന ഹൈപ്പർ ചാർജർ നെറ്റ്‌വർക്കും ഓല ഇലക്ട്രിക് സ്ഥാപിക്കാൻ ലക്ഷ്യമിടുന്നുണ്ട്.

അതേസമയം സ്‌കൂട്ടറിന്റെ വില സംബന്ധിച്ച സൂചനയൊന്നും ഓല ഇലക്ട്രിക് നൽകിയിട്ടില്ല. വൈദ്യുത വാഹന വിൽപ്പന മെച്ചപ്പെടാൻ ചാർജിങ് ശൃംഖല വിപുലീകരണം അനിവാര്യമാണെന്ന് അഗർവാൾ അഭിപ്രായപ്പെട്ടു. നിലവിൽ രാജ്യത്തെ വൈദ്യുത വാഹന ചാർജിങ്ങിനു ലഭ്യമായ സൗകര്യം തികച്ചും അപര്യാപ്തമാണ്. അതിനാൽ രാജ്യത്തെ ഏറ്റവും വലിയ ഇരുചക്രവാഹന ചാർജിങ് ശൃംഖല(ഹൈപ്പർ ചാർജർ നെറ്റ്‌വർക്ക്) അവതരിപ്പിക്കാനും ഓല ഇലക്ട്രിക് തയ്യാറെടുക്കുന്നുണ്ട്. നാനൂറോളം നഗരങ്ങളിലും പട്ടണങ്ങളിലുമായി ഘട്ടം ഘട്ടമായി ഒരു ലക്ഷത്തോളം ചാർജിങ് പോയിന്റുകൾ സജ്ജമാക്കാനാണ് ഓല ലക്ഷ്യമിടുന്നത്.

ആദ്യ വർഷം 100 നഗരങ്ങളിലായി അയ്യായിരത്തോളം ചാർജിങ് കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്ന് അഗർവാൾ അറിയിച്ചു. വെറും 18 മിനിറ്റിൽ ഓല സ്‌കൂട്ടറിലെ ബാറ്ററി 50% ചാർജ് ചെയ്യാൻ ഈ കേന്ദ്രങ്ങൾക്കാവും; ഇത്രയും ചാർജിങ് സ്‌കൂട്ടർ 75 കിലോമീറ്റർ സഞ്ചരിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി. സ്വതന്ത്രമായി പ്രവർത്തിക്കുന്ന ചാർജിങ് സ്റ്റേഷനുകൾക്കൊപ്പം മാൾ, ഐ ടി പാർക്ക്, ഓഫിസ് സമുച്ചയം തുടങ്ങിയവിടങ്ങളിലുമൊക്കെ ഇത്തരം കേന്ദ്രങ്ങൾ തുടങ്ങാൻ ഓല ഇലക്ട്രിക്കിനു പദ്ധതിയുണ്ട്.