തിരുവനന്തപുരം: പൊതുനിരത്തുകളിലും മറ്റും സ്ഥാപിച്ചിട്ടുള്ള പരസ്യബോർഡുകൾ, ഫ്‌ളക്‌സുകൾ, ഹോർഡിങ്ങുകൾ എന്നിവയ്ക്ക് ഇൻഷുറൻസ് വേണം. ഇവ മൂലം ഉണ്ടാകുന്ന അപകടത്തിൽ നഷ്ടപരിഹാരം നൽകാനുള്ള പൂർണ ഉത്തരവാദിത്വവും ബാധ്യതയും പരസ്യം സ്ഥാപിച്ചവർക്കായിരിക്കുമെന്ന് സർക്കാർ. ഈ വ്യവസ്ഥ ഉൾപ്പെടുത്തി 200 രൂപയുടെ മുദ്രപ്പത്രത്തിൽ കരാറുണ്ടാക്കണമെന്നും ബോർഡുകൾക്കും ഹോർഡിങ്ങുകൾക്കും ഇൻഷുറൻസ് ഉണ്ടെന്നു ഉറപ്പാക്കണമെന്നും തദ്ദേശസ്ഥാപനങ്ങൾക്ക് സർക്കാർ നിർദ്ദേശം നൽകി.

ഇൻഷുറൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കിയാലേ ബോർഡുകൾക്ക് അനുമതി നൽകൂ. കാലാവധിക്കുശേഷം പരസ്യം സ്വന്തംചെലവിൽ നീക്കണമെന്ന വ്യവസ്ഥയും കരാറിൽ ഉൾപ്പെടുത്തും.
ഒരുവർഷത്തേക്കാണ് കാലാവധി. ഒന്നിലധികം വർഷത്തേക്കാണ് കരാറെങ്കിൽ ഓരോവർഷവും പുതുക്കുമെന്ന സാക്ഷ്യപത്രവും വേണം. തദ്ദേശസ്ഥാപനങ്ങളുടെ പരിധിയിൽവരുന്ന അനധികൃത ബോർഡുകളും താത്കാലിക കമാനങ്ങളും ഉടനടി മാറ്റണമെന്ന് നിർദേശിച്ചു. നിരത്തുകളിലും നടപ്പാതകളിലും തൂണുകൾ നാട്ടിയതുമൂലമുള്ള കുഴികൾ ഉടൻ നികത്തണം. അനുമതിയില്ലാത്ത പരസ്യങ്ങൾ ഒരാഴ്ചയ്ക്കകം നീക്കാൻ ഉടമകൾക്ക് നോട്ടീസ് നൽകും. എന്നിട്ടും നീക്കിയില്ലെങ്കിൽ തദ്ദേശസ്ഥാപനങ്ങൾ അവ മാറ്റി ചെലവ് ഉടമകളിൽനിന്നു ഈടാക്കും.

ബോർഡ് വയ്ക്കുന്നതിന് അപേക്ഷിക്കുന്നവർ അപേക്ഷയോടൊപ്പം പരസ്യബോർഡുകളും ഫ്‌ളക്‌സുകളും സ്ഥാപിക്കുന്ന റോഡിന്റെ പേര്, വീതി, സ്ഥലം ഉടമയുടെ വിശദാംശങ്ങൾ, സമ്മതപത്രം, ലൊക്കേഷൻ പ്ലാൻ തുടങ്ങിയവ വേണം. മരങ്ങളിൽ ആണിയടിച്ചോ മറ്റുരീതികളിലോ പരസ്യം പ്രദർശിപ്പിക്കരുത്. ബോർഡുകൾ നീക്കുന്നതിൽ നിയമലംഘനമുണ്ടായാൽ തദ്ദേശസെക്രട്ടറിമാർ അക്കാര്യം കളക്ടറെ അറിയിക്കണം. ഓരോമാസവും കളക്ടർക്കു റിപ്പോർട്ട് നൽകുകയും വേണം.