- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജന്മഭൂമി തിരുവനന്തപുരം പതിപ്പിന്റെ പ്രിന്റർ ആൻഡ് പബ്ലിഷർ; തലസ്ഥാനത്തെ ആദ്യകാല ആർ.എസ്.എസ്. പ്രവർത്തകൻ: അന്തരിച്ച എസ്.രംഗനാഥന് ആദരാഞ്ജലികൾ അർപ്പിച്ച് ബിജെപി നേതാക്കൾ

തിരുവനന്തപുരം: തലസ്ഥാനത്തെ ആദ്യകാല ആർ.എസ്.എസ്. പ്രവർത്തകനും ജന്മഭൂമി തിരുവനന്തപുരം പതിപ്പിന്റെ പ്രിന്റർ ആൻഡ് പബ്ലിഷറുമായ എസ്.രംഗനാഥന് (86) ആദരാഞ്ജലികൾ അർപ്പിച്ച് ബിജെപി നേതാക്കളും അണികളും. ഇന്ന് രാവിലെ എട്ട് മണിക്ക് പുത്തൻകോട്ട ശ്മശാനത്തിലായിരുന്നു സംസ്‌ക്കാരം. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരിക്കെ ശനിയാഴ്ച വൈകീട്ടോടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ശാസ്തമംഗലം, ഇടപ്പഴിഞ്ഞി, സി.എസ്.എം. നഗർ 285, നാഥൻസ് എൻക്ലേവിലായിരുന്നു താമസം. വിവിധ ഹൈന്ദവ സംഘടനാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തിയായിരുന്നു അദ്ദേഹം. സഹോദരങ്ങളായ ശേഷാചലം, പരേതനായ രാമനാഥൻ, സുബ്രമണ്യം എന്നിവരും സംഘപ്രവർത്തനത്തിൽ സജീവമായിരുന്നു. വിശ്വഹിന്ദു പരിഷത്തിന്റെ ആരംഭം മുതൽ കാശിവിശ്വനാഥനോടും, കൃഷ്ണശർമ്മ, നീലകണ്ഠൻ നായർ, കുമാരൻ നായർ, പ്രൊഫ. കെ.എസ്.കൃഷ്ണൻ, ഡോ.ശങ്കരൻ തുടങ്ങിയവരോടൊപ്പവും സജീവ പ്രവർത്തകനായിരുന്നു.
പ്രമുഖ വ്യവസായി കൂടിയായ എസ്.രംഗനാഥൻ നാഥൻസ് ഡയറിയെന്ന സ്ഥാപനത്തിന്റെ ഡയറക്ടറായിരുന്നു. തിരുവനന്തപുത്തെ ആർ.എസ്.എസ്. വിഭാഗ് കാര്യാലയ സമിതിയുടെ രക്ഷാധികാരിയായും ഭാരതീയ വ്യാപാരി-വ്യവസായി സംഘിന്റെ ആദ്യ അധ്യക്ഷനായും പ്രവർത്തിച്ചു.
അടിയന്തരാവസ്ഥ കാലഘട്ടത്തിൽ ഒളി പ്രവർത്തനത്തിന്റെ കേന്ദ്രം നാഥൻസ് ഡയറിയും അദ്ദേഹത്തിന്റെ വാസസ്ഥലവും ആയിരുന്നു. അക്കാലത്തെ ആർ.എസ്.എസ്. അഖിലഭാരതീയ അധികാരിമാർക്ക് ആതിഥേയത്വം നൽകിയിരുന്നത് രംഗനാഥിന്റെ കുടുംബമായിരുന്നു. ഭാര്യ: പുഷ്പവല്ലി. മക്കൾ: മൈഥിലി സുന്ദരം, ആർ.എസ്.നാഥൻ. മരുമക്കൾ: പരേതനായ സുന്ദരം, മീര നാഥൻ.
കേന്ദ്രമന്ത്രി വി.മുരളീധരൻ, ആർ.എസ്.എസ്. അഖില ഭാരതീയ കാര്യകാരി സദസ്യൻ എസ്.സേതുമാധവൻ, മഹാനഗർ സംഘചാലക് പി.ഗിരീഷ്, ബിജെപി. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ, ദേശീയ നിർവാഹകസമിതിയംഗം പി.കെ.കൃഷ്ണദാസ്, മുതിർന്ന ബിജെപി. നേതാവ് പി.പി.മുകുന്ദൻ എന്നിവർ അനുശോചിച്ചു.

