കോട്ടയം: കേരളത്തിലെ എല്ലാ സ്‌കൂളുകളിലും ഫസ്റ്റ് എയ്ഡ്കിറ്റും ഫസ്റ്റ് എയിഡ് സേവനം നൽകുന്നതിന് പരിശീലനം ലഭിച്ച ഒന്നോ അതിലധികമോ അദ്ധ്യാപകർ ഉണ്ടെന്ന് അതാതു സ്‌കൂൾ പ്രഥമാധ്യാപകർ ഉറപ്പു വരുത്തണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ഉത്തരവിട്ടു. സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും നഴ്‌സിങ് കെയർ സൗകര്യവും ഓൺ കോൾ ഡോക്ടർ സൗകര്യവും അടക്കമുള്ള ഫസ്റ്റ് എയിഡ്‌റൂം ഏർപ്പെടുത്തണമെന്നും എല്ലാ സ്‌കൂളുകളിലും നഴ്‌സിങ് പരിശീലനം സിദ്ധിച്ച ഒരാളെയെങ്കിലും നിയമിക്കണമെന്നാവശ്യപ്പെട്ട് പാലായിലെ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന ബാലാവകാശ കമ്മീഷന്റെ ഉത്തരവ്. സംസ്ഥാനത്തെ ഗവൺമെന്റ്, എയിഡഡ്, അൺ എയിഡഡ് ഉൾപ്പെടെ എല്ലാ സ്‌കൂളുകൾക്കും ഉത്തരവ് ബാധകമാണെന്ന് കമ്മീഷനംഗം ഫാ ഫിലിപ്പ് പരക്കാട്ടിന്റെ ഉത്തരവിൽ പറയുന്നു.

എല്ലാ സ്‌കൂളുകളിലും അടിയന്തിര മെഡിക്കൽ സേവനം ലഭ്യമാക്കുന്നതിന് ബന്ധപ്പെടാവുന്ന ആശുപത്രികൾ, ആംബുലൻസ്, ഡോക്ടർമാർ, പൊലീസ്, ചൈൽഡ് ലൈൻ എന്നിവയുടെ വിവരങ്ങൾ ഫസ്റ്റ് എയ്ഡ് റൂമിലോ സ്റ്റാഫ് റൂമിലോ പൊതുവിടത്തോ പ്രദർശിപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു. അയ്യായിരം വിദ്യാർത്ഥികളിൽ കൂടുതലുള്ള സ്‌കൂളുകളിൽ പരിശീലനം സിദ്ധിച്ച നഴ്‌സിങ് സ്റ്റാഫിന്റെ മുഴുവൻ സമയ സേവനം ഉറപ്പാക്കണമെന്നും അടിയന്തിര ഘട്ടത്തിൽ ഉപയോഗിക്കേണ്ടതായ മെഡിക്കൽ കിറ്റും ഫസ്റ്റ് എയിഡ് റൂമും ഉണ്ടായിരിക്കണമെന്നും ഉത്തരവ് തുടരുന്നു.

ആരോഗ്യ വകുപ്പിന്റെ സഹായത്തോടെ എല്ലാ സ്‌കൂളുകളിലും 500 കുട്ടികൾക്ക് ഒരു സ്റ്റാഫ് എന്ന രീതിയിൽ അദ്ധ്യാപകർക്ക് പ്രഥമ ശുശ്രൂഷ പരിശീലനം നൽകാൻ പ്രധാനാദ്ധ്യാപകൻ നടപടി സ്വീകരിക്കണം. ഇവ നടപ്പാക്കുന്നതിനാവശ്യമായ സർക്കാർ തല ഉത്തരവ് പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി പുറപ്പെടുവിക്കണമെന്നും ആരോഗ്യ- കുടുംബക്ഷേമവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും പൊതുവിദ്യാഭ്യാസ ഡയറക്ടറും നിരീക്ഷിച്ച് ഉറപ്പു വരുത്തണമെന്നും ഉത്തരവിൽ പറഞ്ഞിട്ടുണ്ട്. സ്വീകരിച്ച നടപടികൾ സംബന്ധിച്ചു ഡിസംബർ 31 നകം കമ്മീഷനിൽ റിപ്പോർട്ട് ചെയ്യണമെന്നും ഉത്തരവിൽ നിർദ്ദേശിച്ചു. 2005 ലെ ബാലാവകാശ കമ്മീഷൻ നിയമത്തിലെ 15 വകുപ്പ് പ്രകാരമാണ് ഉത്തരവ്.

വയനാട് ബത്തേരി പുത്തൻകുന്നിലെ സർവ്വജന സ്‌കൂളിൽ വിദ്യാർത്ഥി പാമ്പുകടിയേറ്റ് മരിക്കാനിടയായ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് എബി ജെ ജോസ് ബാലാവകാശ സംരക്ഷണ കമ്മീഷനെ സമീപിച്ചത്.