ടെക്സസ് : ഒബാമ ഭരണത്തിൽ കൊണ്ട് വന്ന ഡിഫേർഡ് ആക്ഷൻ ഫോർ ചൈൽഡ് ഹുഡ് അറൈവൽസ് (DACA) പ്രോഗ്രാം നിയമവിരുദ്ധമാണെന്നും , ഡാക പ്രോഗ്രാം അനുസരിച്ചുള്ള പുതിയ അപേക്ഷകൾ സ്വീകരിക്കുനന്ത് നിർത്തൽ ചെയ്യണമെന്നും ടെക്സസ് ഫെഡറൽ ജഡ്ജി ആൻഡ്രു ഹാനൻ ജൂലായ് 16 വെള്ളിയാഴ്ച ഉത്തരവിട്ടു . ബൈഡൻ ഭരണകൂടത്തിനേറ്റ കനത്തപ്രഹരമാണിത് .

ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്മെന്റ് അഡ്‌മിനിസ്‌ട്രേറ്റീവ് പ്രൊസീജർ ആക്ട് (APA) ലംഘിച്ചാണ് പുതിയ പോളിസി രൂപീകരിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി .

അമേരിക്കയിൽ അനധികൃതമായി കുടിയേറിയവരുടെ മക്കളെ സംബന്ധിച്ച് അവർക്ക് ഇവിടെ നിയമവിധേയമായി തൊഴിലെടുക്കുന്നതിന് അനുമതി നൽകുന്നതാണ് ഡാക പ്രോഗ്രാം 700,000 പേരാണ് ഇതിന് അർഹത നേടിയിരിക്കുന്നത് . ഇത് കൂടാതെ ആയിരക്കണക്കിന് പേർ ഇതിന് അര്ഹതപ്പെട്ടവരായി ഇപ്പോഴും ഇവിടെയുണ്ട് . ഡാക പ്രോഗ്രാം എ.പി.എ ആക്ടിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ടെക്സസ് സംസ്ഥാന ഗവണ്മെന്റ് സമർപ്പിച്ച അപ്പീലിലാണ് കോടതി വിധി പ്രഖ്യാപിച്ചത് .

ട്രംപ് പ്രസിഡന്റായിരിക്കുമ്പോൾ ഡാക പ്രോഗ്രാം നടപ്പിലാക്കുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു . റിപ്പബ്ലിക്കൻ പാർട്ടി ഡാക പ്രോഗ്രാം നിയമവിരുദ്ധവും നിലവിലുള്ള ചട്ടങ്ങളുടെ ലംഘനവുമാണെന്ന് ആവർത്തിച്ചിരുന്നു . ബൈഡൻ അധികാരം ഏറ്റെടുത്ത ഉടനെ ഡാക പ്രോഗ്രാം സുരക്ഷിതമാക്കുന്നതിനും അതിനാവശ്യമായ അടിയന്തിര നടപടികൾ സ്വീകരിക്കുന്നതിന് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോം ലാൻഡ് സെക്യൂരിറ്റിക്ക് നിർദ്ദേശം നൽകിയിരുന്നു .