- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏഴ് വർഷം മുൻപ് നടന്ന കൊലപാതകം; കീഴ്‌ക്കോടതി ശിക്ഷിച്ചയാളെ വിട്ടയച്ച് ഹൈക്കോടതി: യഥാർത്ഥ പ്രതിയെ കണ്ടെത്താൻ കേസിൽ പുനരന്വേഷണം നടത്താനും ഉത്തരവ്
ചാരുംമൂട്: ഏഴു വർഷം മുൻപു ബംഗാൾ സ്വദേശി കൊല്ലപ്പെട്ട കേസിൽ കീഴ്‌ക്കോടതി ശിക്ഷിച്ചയാളെ ഹൈക്കോടതി വെറുതേ വിട്ടു. സംഭവത്തിൽ ഹൈക്കോടതി നിർദേശപ്രകാരം പ്രത്യേക സംഘം പുനരന്വേഷണം തുടങ്ങി. ബംഗാൾ സ്വദേശി ഹഫിജുൽ മുഹമ്മദ് (കാലിയ 39) കൊല്ലപ്പെട്ട കേസിൽ ജീവപര്യന്തം തടവിനു കീഴ്‌ക്കോടതി ശിക്ഷിച്ച ബംഗാൾ സ്വദേശിയെ വിട്ടയച്ചാണ് ഹൈക്കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ടത്.
2014 ജൂൺ 18നാണ് ഹഫിജുൽ തലയ്ക്കടിയേറ്റു മരിച്ചത്. കേസിൽ ബംഗാൾ സ്വദേശി സഞ്ജയ് ഒറാന് (38) ജീവപര്യന്തം തടവും 10,000 രൂപ പിഴയും മാവേലിക്കര ഒന്നാം അഡീഷനൽ സെഷൻസ് കോടതി വിധിച്ചിരുന്നു. ശിക്ഷ അനുഭവിക്കുന്നതിനിടെ സഞ്ജയ് നൽകിയ അപ്പീൽ പരിഗണിച്ചാണ് വിട്ടയയ്ക്കാനും പുനരന്വേഷണത്തിനും കഴിഞ്ഞ മാസം 21നു ഹൈക്കോടതി ഉത്തരവിട്ടത്. തുടർന്ന് കേസിൽ പ്രത്യേക പൊലീസ് ടീം പുനരന്വേഷണം തുടങ്ങി.
സംഭവം നടന്ന കുടശനാട്ടെ ഫർണിച്ചർ വർക്ഷോപ്പിൽ ഇന്നലെ എത്തിയ അന്വേഷണ സംഘം രക്തക്കറയുടെ സാംപിൾ ശേഖരിച്ചു. ചെങ്ങന്നൂർ ഡിവൈഎസ്‌പി ഡോ. ആർ.ജോസിന്റെ നേതൃത്വത്തിൽ സയന്റിഫിക് ടീമും പരിശോധനയ്‌ക്കെത്തി. സുഹൃത്തുക്കളായ ഹഫിജുലും സഞ്ജയും തമ്മിലുണ്ടായ തർക്കത്തിനിടെ ഹഫിജുൽ തലയ്ക്കടിയേറ്റു മരിച്ചെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. എന്നാൽ, ഫർണിച്ചർ സ്ഥാപന ഉടമയുടെ മകനുമായുള്ള തർക്കമാണ് കൊലപാതകത്തിനു കാരണമെന്നും തന്നെ കേസിൽ കുടുക്കിയതാണെന്നുമാണ് സഞ്ജയ് ഹൈക്കോടതിയിൽ ബോധിപ്പിച്ചത്. ഇത് ശരിയാണെന്ന് കണ്ടെത്തിയാണ് സഞ്ജയ്‌നെ വെറുതേ വിട്ടത്.
കേസന്വേഷിച്ച എസ്‌ഐക്കെതിരെ വകുപ്പുതല അന്വേഷണം വേണമെന്നും പുനരന്വേഷണം ഈ വർഷം തന്നെ പൂർത്തിയാക്കണമെന്നും ജസ്റ്റിസുമാരായ കെ.വിനോദ് ചന്ദ്രന്റെയും എം.ആർ.അനിതയുടെയും ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. ഉടമയിൽനിന്നു കിട്ടാനുള്ള 30,000 രൂപ ചോദിച്ചതിനെത്തുടർന്നുണ്ടായ തർക്കത്തിനിടയിലാണ് ഹഫിജുൽ കൊല്ലപ്പെട്ടതെന്നാണ് സഞ്ജയ് കോടതിയെ അറിയിച്ചത്. എന്നാൽ, ഹഫിജുൽ ഈ സ്ഥാപനത്തിൽ ജോലിക്കെത്തിയിട്ടു 3 ദിവസമേ ആയിരുന്നുള്ളൂ എന്നാണ് അന്വേഷണ സംഘത്തിനു ലഭിച്ച വിവരം. അതിനിടെ ഇത്രയും പണം കിട്ടാനുണ്ടാകുമോ എന്നു സംശയമാണെന്നും ഉദ്യോഗസ്ഥർ പറയുന്നു.
കേസിൽ സാക്ഷികളിൽ പലരും സ്ഥാപനത്തിലെ തൊഴിലാളികളായതിനാൽ അവരുടെ മൊഴികൾ പൂർണമായി വിശ്വാസത്തിലെടുക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. അന്വേഷണത്തിലെ പാളിച്ചകൾ ചൂണ്ടിക്കാട്ടുകയും ചെയ്തു. ഡിവൈഎസ്‌പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ പുനരന്വേഷണം നടത്തണമെന്ന് ഡിജിപിക്കു നിർദ്ദേശം നൽകി. ഇതനുസരിച്ച് ദക്ഷിണ മേഖലാ ഐജിയുടെ നിർദേശപ്രകാരം ആർ.ജോസിനു ചുമതല നൽകുകയായിരുന്നു. അന്വേഷണ സംഘം ഇന്നലെ സ്ഥാപന ഉടമ, മകൻ എന്നിവരിൽനിന്നു വിവരങ്ങൾ ശേഖരിച്ചു.
നൂറനാട് സിഐ വി.ആർ.ജഗദീഷ്, കുറത്തികാട് എസ്‌ഐ വി.ബിജു, നൂറനാട് എസ്‌ഐ അൽത്താഫ്, എഎസ്‌ഐമാരായ എസ്.ബിന്ദുരാജ്, സജി, റെജി, സിവിൽ പൊലീസ് ഓഫിസർമാരായ സി.സജിൻ, ആർ.രതീഷ്, ടി.കെ.രാജി, ഉണ്ണിക്കൃഷ്ണൻ, ഷെഫീഖ്, പി.ജി.രഞ്ജിത്ത്, സയന്റിഫിക് ഓഫിസർ ഗ്രീഷ്മ സുനിൽ, വിരലടയാള വിദഗ്ധൻ വിനോദ് കുമാർ, ഫിംഗർപ്രിന്റ് സർജൻ സുഭാഷ് എന്നിവരാണു പരിശോധന നടത്തിയത്.