- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെള്ളിയാഴ്‌ച്ച വരെ കനത്ത ചൂട് തുടരും; താപനില 25 ഡിഗ്രി വരെ ഉയർന്നേക്കും; അയർലന്റിൽ ജല വിതരണത്തിൽ നിയന്ത്രണം
ഡബ്ലിൻ : രാജ്യത്ത് വെള്ളിയാഴ്‌ച്ച വരെ കനത്ത ചൂട് തുടരുംമെന്ന് മെറ്റ് എൈറാൻ. പകൽ സമയ താപനില 25 ഡിഗ്രിയും കഴിഞ്ഞെത്തിയേക്കാമെന്നും രാത്രിയിൽ ഈർപ്പമുള്ള അന്തരീക്ഷം തുടരുമെന്നും മെറ്റ് ഏറാൻ പറഞ്ഞു.അടുത്ത ആഴ്ച ആരംഭിക്കുന്നത് തന്നെ 22 സി മുതൽ 26 സി വരെയുള്ള ഉയർന്ന താപനിലയിലായിരിക്കും. വരണ്ട കാലാവസ്ഥയും അതുപോലെ തുടരുമെന്നും മെറ്റ് ഏറാൻ വ്യക്തമാക്കി.
പോയ ആഴ്ചയിലെ ഏറ്റവും ഉയർന്ന താപനിലയായ 27.1ഡിഗ്രി സെൽഷ്യസ് വെള്ളിയാഴ്ച രേഖപ്പെടുത്തി. ഇതുവരെയുള്ള ഈ വർഷത്തെ ഉയർന്ന മുൻ താപനില 25.6സിയായിരുന്നു.
ഇതോടെ ജലവിതരണത്തിൽ നിയന്ത്രണമേർപ്പെടുത്തുകയാണ് സർക്കാർ. രാജ്യത്തെ താപനില മെഡിറ്ററേനിയൻ ലെവലിലേയ്ക്ക് ഉയർന്നതിനെ തുടർന്നാണ് രാജ്യത്തുടനീളം വിവിധ സ്ഥലങ്ങളിൽ ജല വിതരണത്തിൽ നിയന്ത്രണങ്ങളേർപ്പെടുത്തിയത്.ജലലഭ്യത കുറയുന്നത് കണക്കിലെടുത്ത് തടാകങ്ങൾ, നദികൾ, നീരുറവകൾ, ഭൂഗർഭ സ്രോതസ്സുകൾ എന്നിവയടക്കമുള്ള ഐറിഷ് വാട്ടറിന്റെ ജലസ്രോതസ്സുകളെല്ലാം നിരീക്ഷണത്തിലാണെന്നും അധികൃതർ വെളിപ്പെടുത്തുന്നു.
പോർട്ട് ലീഷ് , കെറി, വെക്‌സ്‌ഫോർഡ്, ഡബ്ലിൻ, മീത്ത്, ഡോണഗേൽ എന്നിവിടങ്ങളിലാണ് രാത്രി നിയന്ത്രണവും മറ്റും ഏർപ്പെടുത്തിയത്.ഡബ്ലിനിൽ, ഗാരിസ്റ്റൗൺ, ബലിമാഡൂൺ, ടോബർഗ്രെഗൻ, ബാൽഡ്വിൻസ്റ്റൗൺ, പാമർസ്റ്റൗൺ ഏരിയകളിൽ ജലവിതരണത്തിൽ നേരിയ തടസ്സമുണ്ടായേക്കാമെന്ന് ഐറിഷ് വാട്ടർ അറിയിച്ചു.വാട്ടർ കൺസർവേഷൻ ഓർഡറൊന്നും പുറത്തിറക്കിയിട്ടില്ലെങ്കിലും വെള്ളം ഉപയോഗിക്കുന്നതിൽ മിതത്വം പാലിക്കണമെന്ന് ഐറിഷ് വാട്ടർ പറഞ്ഞു.
ഷവർ ഉപയോഗം കുറയ്ക്കുക, പാഡ്‌ലിങ് പൂളുകൾ ഒഴിവാക്കുക, കാർ കഴുകുന്നതിന് ഹോസിന് പകരം ബക്കറ്റും സ്‌പോഞ്ചും ഉപയോഗിക്കുക തുടങ്ങിയ നിർദ്ദേശങ്ങളും അവർ മുന്നോട്ടുവെയ്ക്കുന്നു. ഹോസിനുപകരം പൂന്തോട്ടങ്ങളിൽ റോസ് ഹെഡ് വാട്ടറിങ് ക്യാനുകൾ ഉപയോഗിക്കണം. ഡ്രിപ്പ് ടാപ്പുകളും ടോയ്ലറ്റുകളിലെ ചോർച്ചയും തടയണം.പല്ല് തേയ്ക്കുമ്പോൾ ടാപ്പ് ഓഫ് ചെയ്യണം. ബാത്ത്, ഷവർ, ഹാൻഡ് ബേസിനുകൾ എന്നിവയിൽ നിന്ന് ശേഖരിക്കുന്ന വെള്ളം വീണ്ടും ഉപയോഗിക്കാൻ ശ്രമിക്കണമെന്നും ഐറിഷ് വാട്ടർ നിർദ്ദേശിക്കുന്നു.