തിരുവനന്തപുരം: അന്തർസംസ്ഥാനാതിർത്തികളിലെയും പ്രധാന പാതയോരങ്ങളിലെയും വനം ചെക്‌പോസ്റ്റുകളുടെ രൂപം മാറുന്നു. സംസ്ഥാനത്ത് ആദ്യമായി ചെക്‌പോസ്റ്റുകളെ സംയോജിത ഫോറസ്റ്റ് ചെക്‌പോസ്റ്റ് സമുച്ചയങ്ങളാക്കി മാറ്റുന്ന പദ്ധതിക്ക് തുടക്കമായി. വിവരവിജ്ഞാന കേന്ദ്രം, വനശ്രീ ഇക്കോഷോപ്പ് ,മറ്റു അനുബന്ധ സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുത്തി പ്രധാന ചെക്‌പോസ്റ്റുകളെ സംയോജിത ഫോറസ്റ്റ് ചെക്‌പോസ്റ്റ് കോംപ്ലക്‌സുകളാക്കി മാറ്റുന്നതാണ് പദ്ധതി .

നൂറ് ദിന പദ്ധതികളുടെ ഭാഗമായി ഒൻപത് ജില്ലകളിലായി 14 സംയോജിത ഫോറസ്റ്റ് ചെക്‌പോസ്റ്റ് സമുച്ചയങ്ങളാണ് നിർമ്മിക്കുക. നബാർഡ് ആർ ഐ ഡി എഫ് ധനസഹായത്തോടെ സംസ്ഥാനത്ത് 15 പുതിയ ഫേറസ്റ്റ് സ്റ്റേഷൻ കെട്ടിടങ്ങളും 100 ദിനപദ്ധതിയുടെ ഭാഗമായി നിർമ്മിക്കും. പദ്ധതികളുടെ ഉദ്ഘാടനം വനം മന്ത്രി എ.കെ.ശശീന്ദ്രൻ നിർവ്വഹിച്ചു.

വനം കുറ്റകൃത്യങ്ങൾ ഗണ്യമായി കുറക്കുന്നതിനും മനുഷ്യവന്യജീവി സംഘർഷ ലഘൂകരണത്തിനും വനപരിപാലനപ്രവർത്തനങ്ങളുടെ ശാക്തീകരണത്തിനും പദ്ധതി ഏറെ പ്രയോജനകരമായിരുക്കുമെന്ന് വനംമന്ത്രി അഭിപ്രായപ്പെട്ടു. പദ്ധതിയുടെ തെക്കൻ മേഖലയിലെ ഫോറസ്റ്റ് സ്റ്റേഷൻ കെട്ടിടങ്ങളുടെയും സംയോജിത ഫോറസ്റ്റ് ചെക്‌പോസ്റ്റ് കോംപ്ലക്‌സുകളുടെയും നിർമ്മാണോദ്ഘാടനം കോതമംഗലം ഗുരുതിക്കളം ചെക്ക്‌പോസ്റ്റിൽ ഓൺലൈനായി നിർവഹിച്ചു സംസാരിക്കുകയായിരുന്നു വനംമന്ത്രി. ജനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും ഉത്തമതാൽപര്യങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായുള്ള കർമ്മപരിപാടികളുടെ ഭാഗമാണ് പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.

സംയോജിത ഫോറസ്റ്റ് ചെക്‌പോസ്റ്റ് സമുച്ചയങ്ങൾ 10.27 കോടി രൂപ ചെലവിലും ഫോറസ്റ്റ് സ്റ്റേഷനുകൾ 11.27 കോടി രൂപ ചെലവിലുമാണ് നിർമ്മിക്കുക. അടുത്തവർഷം മാർച്ചോടെ നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു. വയനാട് ജില്ലയിലെ ബാവലി , തോൽപ്പെട്ടി,മുത്തങ്ങ ചെക്‌പോസ്റ്റുകളും, പോത്തുണ്ടി,ആനക്കട്ടി ( പാലക്കാട്), മലക്കപ്പാറ(തൃശ്ശൂർ), തലപ്പാടി( കാസർഗോഡ്),കമ്പംമേട്, വഴിക്കടവ്, തലക്കോട്,ഗുരുതിക്കളം,ചട്ടമൂന്നാർ( ഇടുക്കി), കോട്ടവാസൽ ( കൊല്ലം), കല്ലാർ( തിരുവനന്തപുരം) എന്നിവിടങ്ങളിലാണ് പുതിയ സംയോജിത ഫോറസ്റ്റ് ചെക്‌പോസ്റ്റുകൾ നിലവിൽ വരിക.

കൊക്കാത്തോട്, നോർത്ത് കുമരംപേരൂർ ,കൊച്ചുകോയിക്കൽ, രാജാംപാറ(പത്തനംതിട്ട), മറയൂർ നാച്ചിവയൽ, കാന്തല്ലൂർ, വണ്ണാംതുറ( ഇടുക്കി) എവർഗ്രീൻ , എണ്ണക്കൽ, ഇടമലയാർ, വടാട്ടുപാറ, മേക്കപ്പാല, എരുമുഖം(എറണാകുളം) അമ്പലപ്പാറ ( പാലക്കാട്) എന്നിവയാണ് പുതിയ ഫോറസ്റ്റ് സ്റ്റേഷനുകൾ.

വടക്കൻ മേഖലയിലെ പുതിയ ഫോറസ്റ്റ് സ്റ്റേഷൻ കെട്ടിടങ്ങളുടെ നിർമ്മാണോദ്ഘാടനം മലയാറ്റൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ് കോൺഫറൻസ് ഹാളിൽവച്ചും സംയോജിത ഫോറസ്റ്റ് ചെക്പോസ്റ്റുകളുടെ നിർമ്മാണോദ്ഘാടനം അതത് സ്ഥലങ്ങളിൽ വച്ചും ഓൺലൈനായി വനംമന്ത്രി നിർവഹിച്ചു. ചടങ്ങുകളിൽ എം പിമാർ, എം എൽ എമാർ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.