കുമളി: നാട്ടുകാരുടെ കാരുണ്യ വർഷത്തിനു കാത്തു നിൽക്കാതെ കുഞ്ഞ് മെൽവ ലോകത്തോട് വിടപറഞ്ഞു. ഓട്ടോ ഇമ്യൂൺ എൻസഫലൈറ്റിസ് എന്ന അപൂർവ രോഗത്തിനു ചികിത്സയിലായിരുന്ന മൂന്ന് വയസ്സുകാരി മേൽവ മരിയയാണ് വീട്ടുകാരെയും നാട്ടുകാരെയും സങ്കടക്കടലിലാക്കി മരണം വരിച്ചത്. ഇന്നലെ രാവിലെ കൊച്ചി അമൃത ആശുപത്രിയിലായിരുന്നു അന്ത്യം.

പത്തുമുറി പഴയംപള്ളിയിൽ ജിജോ - മെറിൻ ദമ്പതികളുടെ മകളായ മേൽവ ജീവിതത്തിലേക്കു മടങ്ങിവരാനുള്ള പ്രാർത്ഥനയിലായിരുന്നു ഒരു നാടു മുഴുവനും. അതുകൊണ്ട് തന്നെ മെൽവയുടെ ജീവൻ തിരികെ പിടിക്കാൻ പ്രാർത്ഥനയും സാമ്പത്തിക സഹായവുമായി കൂടെനിന്നവർക്കെല്ലാം ഈ കുരുന്നിന്റെ വേർപാട് തോരാക്കണ്ണീരായി മാറിയിരിക്കുകയാണ്.

ശരീരത്തിന്റെ രോഗപ്രതിരോധശേഷി തലച്ചോറിലെ ആരോഗ്യമുള്ള കോശങ്ങളെ ആക്രമിക്കുന്ന അപൂർവ രോഗാവസ്ഥയാണ് ഓട്ടോ ഇമ്യൂൺ എൻസഫലൈറ്റിസ് . ജൂൺ 18നാണ് കുട്ടിക്ക് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. ചികിത്സയ്ക്ക് ലക്ഷങ്ങൾ വേണം. മെൽവയുടെ രോഗവിവരം വാർത്തയായതോടെ ഒട്ടേറെ പേർ ഇവർക്ക് സഹായവുമായി രംഗത്തെത്തി. ഇതിിടയിലാണ് മെൽവയെ മരണം തട്ടിയെടുത്തത്.

പാലായിലെ ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷം കുട്ടിയെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയ്ക്കിടെ കോവിഡും തുടർന്ന് ന്യുമോണിയയും പിടിപെട്ടതോടെ സ്ഥിതി ഗുരുതരമായി.

കുട്ടിയുടെ ചികിത്സാ സഹായത്തിനായി കഴിഞ്ഞ ദിവസം നടത്തിയ ബിരിയാണി ചാലഞ്ചിലൂടെ ലഭിച്ച 2 ലക്ഷം രൂപ കുടുംബത്തിനു കൈമാറുമെന്ന് സിപിഎം കുമളി ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.ഐ.സിംസൺ പറഞ്ഞു.