മയ്യിൽ: ഒരിക്കൽ സമ്പന്നതയുടെ നടുവിലായിരുന്നു ബോംബെ രാജേട്ടന്റെ ജീവിതം. എന്നാൽ വാർദ്ധക്യത്തിലെത്തിയപ്പോൾ കയറി കിടക്കാൻ വീടു പോലും ഇല്ലാത്ത അവസ്ഥ. സഹായിക്കാൻ ആരു പോലും ഇല്ലാതിരുന്ന രാജേട്ടന് കുട്ടായി ഉണ്ടായിരുന്നത് തീർത്തും അവശയായ ഭാര്യ ശോഭയും. കഴിഞ്ഞ ദിവസമാണ് വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് അദ്ദേഹം മരിച്ചത്. ആരോരുമില്ലാതിരുന്ന അദ്ദേഹത്തിന് നാട്ടുകാർ ചിതയൊരുക്കി. എന്നാൽ അന്ത്യ കർമ്മം ചെയ്തതാവട്ടെ അതിഥി തൊഴിലാളിയായ അമിത് കുമാർ.

മരിച്ചപ്പോൾ ലഭിച്ച അദ്ദേഹത്തിന്റെ ഡയറിക്കുറിപ്പിൽ അന്ത്യകർമം ചെയ്യാൻ ഏൽപ്പിച്ചിരിക്കുന്നത് മകനെപ്പോലെ കരുതുന്ന രാജസ്ഥാൻ സ്വദേശിയായ അതിഥിത്തൊഴിലാളി അമിത്കുമാറിനെയായിരുന്നു. ഇത് മനസ്സിലാക്കിയ നാട്ടുകാർ അമിതിനെ വിവരം അറിയിക്കുക ആയിരുന്നു. ഇരിട്ടിയിൽ താമസിക്കുന്ന അമിത് വിവരം അറിഞ്ഞ ഉടനെ പാഞ്ഞെത്തി. സ്വന്തം പിതാവിനെ പോലെ കരുതിയിരുന്ന രാജേട്ടന് മകനായി നിന്ന് തന്നെ അന്ത്യ കർമ്മങ്ങളും ചെയ്തു.

നാലുപതിറ്റാണ്ടിലധികമായി മയ്യിൽ പഞ്ചായത്ത് ഓഫീസിനു സമീപത്തെ വാടക ക്വാർട്ടേഴ്സിലാണ് ബോംബെ രാജേട്ടൻ എന്ന താമരശ്ശേരിക്കാരനും ഭാര്യയും കഴിഞ്ഞിരുന്നത്. രാജേട്ടൻ മരിക്കുമ്പോഴാണ് കൂലിപ്പണിക്കാരനായ രാജസ്ഥാൻ സ്വദേശിയായ അമിത്കുമാർ ഈ കുടുംബത്തിനായി വിയർപ്പൊഴുക്കിയിരുന്നുവെന്ന് നാട്ടുകാർ അറിയുന്നത്. റുവർഷത്തിലധികമായി മയ്യിൽ-കാഞ്ഞിരോട് റോഡ് കവലയിലെ ചോയ്സ് ഹോട്ടലിൽ രാജനും ഭാര്യക്കുമുള്ള ഭക്ഷണച്ചെലവ് വഹിച്ചത് അമിത്കുമാറാണ്. മാസത്തിലൊരിക്കലെത്തി അയാൾ ഹോട്ടലിലെ ബില്ലുകളടച്ചു. തിങ്കളാഴ്ച പുലർച്ചെയാണ് വാർധക്യസഹജമായ അസുഖത്താൽ രാജൻ മരിച്ചത്.

അന്ത്യകർമങ്ങൾ ചെയ്യാനായി ഇരിട്ടിയിൽ താമസിക്കുന്ന അമിത് കുമാറിന് അവകാശം നൽകണമെന്ന രാജന്റെ ഡയറിക്കുറിപ്പ് ലഭിച്ചതോടെയാണ് അയൽവാസികൾ ഇദ്ദേഹത്തെ ഫോണിലൂടെ വിവരമറിയിച്ചത്. ഉടൻ തന്നെ ബൈക്കിൽഎ ഇരിട്ടിയിൽ നിന്നും എത്തിയ അമിത് അന്ത്യകർമ്മങ്ങൾ ചെയ്യുകയായികരുന്നു. അയൽവാസികളായ വിമുക്തഭടൻ ടി.വി.രാധാകൃഷ്ണൻ, റിട്ട അദ്ധ്യാപകൻ കെ.വി.പ്രഭാകരൻ, മലായി രാജൻ, സാമൂഹികപ്രവർത്തകൻ കെ.ദാമോദരൻ, മോഹൻ കാരക്കീൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടത്തിയ ശവസംസ്‌കാര ചടങ്ങിലാണ് അന്ത്യകർമങ്ങൾ ചെയ്യാൻ അമിത്കുമാറിന് അവസരം നൽകിയത്.

ദീർഘകാലം മുംബൈയിലെ സ്വകാര്യ കമ്പനിയിലുണ്ടായിരുന്ന ജോലി മതിയാക്കി 40 വർഷം മുൻപാണ് രാജനും ഭാര്യയും മയ്യിലെത്തിയത്. താമരശ്ശേരി സ്വദേശിയാണെങ്കിലും അദ്ദേഹത്തെ അന്വേഷിച്ച് ആരുമെത്തിയില്ല. നാട്ടുകാർക്ക് അയാൾ ബോംബെ രാജനായിരുന്നു. മയ്യിലിൽ സ്വകാര്യ ബാങ്കിങ് നടത്തിയെങ്കിലും പൊളിഞ്ഞു. പലരും പണം തിരിച്ചടച്ചില്ലത്രെ. 10 വർഷം മുമ്പ് ഇവരുടെ വാടകവീടിന്റെ സമീപത്ത് വാടകയ്ക്ക് താമസിച്ചിരുന്നയാളാണ് അമിത് കുമാർ. ഇരുവർക്കും ഹിന്ദിയറിയുന്നതിനാൽ അടുപ്പമായി. അടുപ്പം സ്‌നേഹമായി. മക്കളില്ലാത്ത ഈ കുടുംബത്തിന് തുണയായി. അമിത്കുമാർ പിന്നീട് ഇരിട്ടിയിലേക്ക് താമസം മാറിയെങ്കിലും എപ്പോഴും സഹായത്തിനുണ്ടായിരുന്നു.