ഡാളസ് :ഡാളസ് സെന്റ് പോൾസ് ഓർത്തഡോക്‌സ് ചർച്ചിൽ ജൂലൈ 18 ഞായറാഴ്ച വിശുദ്ധ കുർബ്ബാന മദ്ധ്യേ ,കാലം ചെയ്ത പരിശുദ്ധ ബസേലിയോസ് പൗലോസ് ദ്വിതീയൻ ബാവായെ സ്മരിച്ച് പ്രത്യേക പ്രാർത്ഥനയും ധൂപാർപ്പണവും നടത്തി.

വിശുദ്ധ കുർബ്ബാനക്കു ശേഷം നടന്ന അനുസ്മരണാമീറ്റിംഗിൽ വികാരി റവ: ഫാ. തോമസ്സ് മാത്യു,തിരുമേനിയുടെ പരിശുദ്ധിയെയും,നിഷ്‌കളങ്കതെയും സമർപ്പണ ജീവിതത്തെയും അനുസ്മരിച്ചു.അറുപതാമത്തെ വയസിൽ നിയുക്ത കാതോലിക്ക പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും, പതിനൊന്ന് വർഷക്കാലം കാതോലിക്ക ബാവയായി സഭയെ നയിക്കുകയും ചെയ്ത പൗലോസ് ദ്വിതീയൻ ബാവയുടെ വേർപാട് സഭയ്ക്കും കേരള ക്രൈസ്തവ സമൂഹത്തിനും തീരാനഷ്ടമാണെന്നും,എളിമയാർന്ന ജീവിതവും, തികഞ്ഞ പ്രാർത്ഥനാജീവിതവും കൈമുതലാക്കിയ അദ്ദേഹം സമൂഹത്തിൽ അവശതയനുഭവിക്കുന്നവർക്ക് എന്നും കൈത്താങ്ങായി വർത്തിച്ചിരുന്നു വെന്നും അച്ചൻ പറഞ്ഞു.

മുൻ സഭാ മാനേജിങ് കമ്മിറ്റി മെംബറും ഇടവക സെക്രട്ടറിയുമായ തോമസ്സ് രാജൻ തിരുമേനിയുടെമനുഷ്യസ്‌നേഹത്തെയും സഭയോടുള്ള അചഞ്ചലമായ വിശ്വാസത്തെയും സഭാമക്കളോടുള്ള കരുതലിനെയും കാരുണ്യപ്രവർത്തികളെയും പ്രകീർത്തിച്ചു. മാനേജിങ് കമ്മറ്റി അംഗം എന്ന നിലയിൽ പരിശുദ്ധ ബാവയുമായി ഏറെ അടുത്തു ബന്ധം പുലർത്തുവാനുള്ള ഭാഗ്യം ലഭിച്ചതായും സെക്രട്ടറി അനുസ്മരിച്ചു. എം എം വി എസ് പ്രതിനിധീകരിച്ചു സൂസൻ ചുമ്മാരും അനുസ്മരണ പ്രസംഗം നടത്തി