- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എക്സൈസ് റെയ്ഡിനിടെ കഞ്ചാവ് വിൽപ്പനക്കാരൻ കിണറ്റിൽ ചാടി; പൊക്കിയെടുത്തപ്പോൾ കണ്ടത് മടിക്കുത്തിൽ കഞ്ചാവ്
ചെറുപുഴ: ഓട്ടോറിക്ഷയിൽ കഞ്ചാവു വിൽപ്പനക്കിടെ രഹസ്യവിവരം കിട്ടിയെത്തിയ എക്സൈസ് സംഘത്തെ കണ്ട് രണ്ടംഗ സംഘം ഓടി രക്ഷപ്പെടാൻ ശ്രമിക്കവെ മടിക്കുത്തിലൊളിപ്പിച്ച കഞ്ചാവ് ശേഖരവുമായി പ്രതികളിലൊരാൾ കിണറ്റിൽ ചാടി. എക്സൈസ് സംഘം സാഹസികമായി പ്രതിയെ പിടികൂടി അറസ്റ്റു ചെയ്തു.
കഴിഞ്ഞ ദിവസം രാത്രി ഏഴോടെ ചെറുപുഴതിമിരി നെടുഞ്ചാൽ ഞാറ്റു തൊട്ടിയിലാണ് സംഭവം. സ്ഥലത്തെ പ്രധാന കഞ്ചാവു വിൽപ്പനക്കാരൻ വയക്കര കോക്കടവിലെ കാഞ്ഞിരത്തിങ്കൽ മൂട്ടിൽ മനു (39) ആണ് 101 ഗ്രാം കഞ്ചാവ് ശേഖരവുമായി എക്സൈസ് സംഘത്തെ കണ്ട് സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ ചാടിയത്. പിൻതുടർന്ന എക്സൈസ് സംഘം സാഹസികമായി പ്രതിയെ കിണറ്റിൽ നിന്നും കഞ്ചാവുമായി പുറത്തെടുത്തു. ഇതിനിടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച കൂട്ടുപ്രതി ചിറ്റാരിക്കാൽ പാലാവയലിലെ വലിയ വീട്ടിൽ ജിഷ്ണു(25)വിനെ സംഘം പിടികൂടി.
രഹസ്യ വിവരത്തെ തുടർന്ന് പയ്യന്നൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എൻ.വൈശാഖിന്റെ നേതൃത്വത്തിൽ പ്രിവന്റിവ് ഓഫിസർ വി.മനോജ്, പ്രിവന്റിവ് ഓഫിസർ ഗ്രേഡ് എം.രാജീവൻ, സിവിൽ എക്സൈസ് ഓഫിസർമാരായ പി.വി സനേഷ്, കെ.വി സന്തോഷ് എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പ്രതികളെ പിടികൂടിയത്. കഞ്ചാവ് വിൽപനക്കായി ഉപയോഗിച്ച കെ.എൽ 60 ജി 1605 നമ്പർ ഓട്ടോ ടാക്സി എക്‌സൈസ് അധികൃതർ കസ്റ്റഡിയിടുത്തിട്ടുണ്ട്.
അതേസമയം കുറ്റൂരിൽ എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ 20 ഗ്രാം കഞ്ചാവുമായി യുവാവിനെ പിടികൂടി. കുറ്റൂർ മേനോൻകുന്ന് കോളനിയിലെ ടി.ജോൺസണി(24)നെയാണ് റേഞ്ച് അസി. എക്സൈസ് ഇൻസ്പെക്ടർ എം.യുനസിന്റെ നേതൃത്വത്തിൽ പ്രിവന്റിവ് ഓഫിസർ വി.മനോജ്, സിവിൽ എക്സൈസ് ഓഫിസർ സൂരജ് എന്നിവരടങ്ങിയ സംഘം പിടികൂടിയത്.