കോട്ടയം: കൃഷിയിടത്തിലെ ഉരുൾപൊട്ടൽ സാധ്യത റബ്ബർകർഷകർക്ക് ഇനി സ്വന്തമായി കണ്ടെത്താം. ഇതിനായി 'ലാൻഡ്സ്ലൈഡ് സോണേഷൻ മാപ്പ്' എന്ന വെബ് പോർട്ടലിന് റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് രൂപംനൽകി. ഇതുവഴി റബ്ബർതോട്ടങ്ങളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള മേഖലകൾ കണ്ടെത്താനാവും. കേരള സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്റ് അഥോറിറ്റിയുടെയും ഡിജിറ്റൽ യൂണിവേഴ്സിറ്റിയുടെയും സഹകരണത്തോടെയാണിത് സാധ്യമാകുന്നത്.

വെള്ളിയാഴ്ച കോട്ടയത്തെ റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ വെബ്പോർട്ടൽ ഉദ്ഘാടനം ചെയ്യും. കേരള സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്റ് അഥോറിറ്റി കേരളത്തിലെ മണ്ണിടിച്ചിൽ സാധ്യതാമേഖലകൾ കണ്ടെത്തിയിട്ടുണ്ട്. കേരളത്തിലെ റബ്ബർതോട്ടങ്ങളുടെ മാപ്പിങ് റബ്ബർ ബോർഡും പൂർത്തിയാക്കിയിരുന്നു. ഇത് രണ്ടുംകൂടി ചേർത്താണ് ഉരുൾപൊട്ടൽ സാധ്യതയുള്ള തോട്ടങ്ങളുടെ മാപ്പിങ് പൂർത്തിയാക്കിയതെന്ന് റബ്ബർ ബോർഡ് എക്‌സിക്യുട്ടീവ് ഡയറക്ടർ ഡോ. കെ.എൻ.രാഘവൻ പറഞ്ഞു.

മണ്ണിടിച്ചിൽ സാധ്യതയനുസരിച്ച് റബ്ബർതോട്ടങ്ങളെ ലോ റിസ്‌ക്, മീഡിയം റിസ്‌ക്, ഹൈ റിസ്‌ക് എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്. ഓരോ മേഖലയിലും അവലംബിക്കേണ്ട കൃഷിരീതിയേതെന്നും എന്തൊക്കെ മുൻകരുതൽ സ്വീകരിക്കണമെന്നും പോർട്ടലിലുണ്ട്.