- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമൽജ്യോതി വിദ്യാർത്ഥികളുടെ കുരുമുളക്മെതി യന്ത്രത്തിന് പേറ്റന്റ്; കുറഞ്ഞ ചെലവിൽ യന്ത്രം കർഷകരിലേക്ക് എത്തും
കാഞ്ഞിരപ്പള്ളി: അമൽജ്യോതി എഞ്ചിനീയറിങ് കോളേജിലെ വിദ്യാർത്ഥികൾ കണ്ടുപിടിച്ച കുരുമുളക്മെതി യന്ത്രത്തിന് പേറ്റന്റ് ലഭിച്ചു. കർഷകർക്ക് കുറഞ്ഞ ചെലവിൽ അനായാസം കുരുമുളക് മെതിച്ചെടുക്കാൻ കഴിയുന്ന യന്ത്രമാണിത്. കൈകൊണ്ട് കറക്കിയും വൈദ്യുതി ഉപയോഗിച്ചും പ്രവർത്തിപ്പിക്കാൻ കഴിയുന്ന യന്ത്രമാണ് വികസിപ്പിച്ചത്. ഭാരംകുറവാണ്. ചെറിയ അളവിൽവരെ കുരുമുളക് മെതിക്കാമെന്നത് പ്രത്യേകതയാണ്.
പഠനത്തിന്റെ ഭാഗമായി 2011-ലാണ് വിദ്യാർത്ഥികൾ യന്ത്രം വികസിപ്പിച്ചെടുക്കുന്നത്. കുരുമുളക് പറിക്കുമ്പോൾത്തന്നെ വേർതിരിക്കാൻ കഴിയുന്ന വിധമാണ് യന്ത്രത്തിന്റെ രൂപ കൽപന. ഉണങ്ങുന്നതുവരെ കാത്തിരിക്കേണ്ടതില്ല. കുരുമുളകിന്റെ തൊലിപൊട്ടുക തുടങ്ങിയ പ്രശ്നങ്ങൾ ഇല്ല. മിനിറ്റിൽ 250 കിലോഗ്രാംവരെ മെതിക്കാവുന്ന യന്ത്രമാണിത്. കുരുമുളകും തിരിയും പ്രത്യേകമായി വേർതിരിച്ച് വീഴുന്ന രീതിയിലാണ് യന്ത്രത്തിന്റെ പ്രവർത്തനം. 5000 മുതൽ 10,000 രൂപ വരെയാണ് യന്ത്രം നിർമ്മിക്കാനുള്ള ചെലവ്. കുറഞ്ഞ ചെലവിൽ യന്ത്രം കർഷകരിലേക്ക് എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കോളേജ് അധികൃതർ പറഞ്ഞു. അമൽജ്യോതി മാനേജ്‌മെന്റ് നൽകിയ 10,000 രൂപയാണ് ആദ്യം ലഭിച്ച ധനസഹായം.
കോളേജിലെ 2007-11 ബാച്ച് മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർത്ഥികളായ എസ്.സ്റ്റീവ്, അരുൺ തോമസ്, ബ്രോണിൻ സിറിയക്, ഷാ പി.ഇസ്മായിൽ, ജിഷ്ണു രാജീവ് എന്നിവരാണ് യന്ത്രം വികസിപ്പിച്ചെടുത്തത്. അദ്ധ്യാപകരായ അജോഷ് അബ്രഹാം, കെ.ബാലചന്ദ്രൻ എന്നിവർ നിർദേശങ്ങൾ നൽകി. കണ്ടുപിടിത്തത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കോളേജ് മാനേജർ ഫാ. ഡോ. മാത്യു പായിക്കാട്ട്, പ്രിൻസിപ്പൽ ഡോ. സെഡ് വി.ളാകപ്പറമ്പിൽ, അസി.മാനേജർ ഫാ. ബെന്നി കൊടിമരത്തുംമൂട്ടിൽ, രജിസ്ട്രാർ പ്രൊഫ. ടോമി ജോസഫ്, മെക്കാനിക്കൽ എൻജിനീയറിങ് മേധാവി ഡോ. ബിനു സി.എൽദോസ് എന്നിവർ അഭിനന്ദിച്ചു.