ന്ത്യയിൽ രാഷ്ട്രീയ ഭൂകമ്പം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന പെഗസ്സസിനെ കുറിച്ച് നിരവധി ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ദിനംപ്രതി പുറത്തുവരുന്നത്. ഇന്ത്യയിൽ പെഗസ്സസ് മുഖ്യമായും ലക്ഷ്യം വച്ചത് പ്രതിപക്ഷ നേതാക്കളെയും വിമതരേയുമൊക്കെയാണെങ്കിൽ അതിനേക്കാൾ ഒരുപടി കടന്ന് മറ്റു പലരാജ്യങ്ങളിലും ഭരണകർത്താക്കൾ തന്നെയാണ് ഈ ചാര സോഫ്റ്റ്‌വെയറിന്റെ ആക്രമണത്തിന് വിധേയമായിട്ടുള്ളത്. ഫ്രഞ്ച് പ്രസിഡണ്ട് ഉൾപ്പടെ ലോകത്തെ 50,000 ത്തോളം പ്രമുഖ വ്യക്തികളുടെ വിവരങ്ങളാണ് ഇസ്രയേലി സോഫ്റ്റ്‌വെയർ ഇതുവരെ ചോർത്തിയിട്ടുള്ളത് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.

പത്രപ്രവർത്തകരും മനുഷ്യാവകാശ പ്രവർത്തകരും ഉൾപ്പടെ പല പ്രമുഖരും ഇരകളുടെ കൂട്ടത്തിലുണ്ട്.. ഏതായാലും ഫ്രഞ്ച് പ്രസിഡണ്ടിന്റെ ഫോണും ചോർന്നു എന്ന വാർത്ത പുറത്തുവന്നതോടെ പാരിസ് പ്രോസിക്യുട്ടേഴ്സ് ഓഫീസ് ഇതു സംബന്ധിച്ച അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ വാർത്ത യാഥാർത്ഥ്യമാണെങ്കിൽ വളരെയേറെ ആശങ്കയുളവാക്കുന്ന ഒന്നാണ് എന്നായിരുന്നു ഒരു ഔദ്യോഗിക വക്താവിന്റെ പ്രതികരണം. ഇമ്മാനുവൽ മാക്രോണിന്റെ ഫോൺ നമ്പർ, ചോർത്തപ്പെട്ട ഫോൺ നമ്പറുകളുടെ കൂട്ടത്തിൽ ഉണ്ടെങ്കിലും ഫോണിൽ ഇതുവരെ സാങ്കേതിക പരിശോധന നടത്താത്തതിനാൽ, വിവരങ്ങൾ ചോർന്ന കാര്യം സ്ഥിരീകരിക്കാനായിട്ടില്ല.

സൗത്ത ആഫ്രിക്കൻ പ്രസിസണ്ട് സിറിൾ റാംഫോസ, പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ, ലോകാരോഗ്യ സംഘടന തലവൻ ടെഡ്രോസ് അഡ്നം ഗെബ്രെയെസൂസ് തുടങ്ങിയവരുടെ പേരും ഇരകളുടെ കൂട്ടത്തിലുണ്ട്. ആംനെസ്റ്റി പുറത്തുവിട്ട ലിസ്റ്റിലാണ് ഈ പേരുകളൊക്കെയുള്ളത്. അതേസമയം കഴിഞ്ഞകാലങ്ങളിൽ വിവരം ചോർത്തപ്പെട്ടവരുടെയും ഇനി ലക്ഷ്യം വയ്ക്കേണ്ടവരുടെയും ഒരു ലിസ്റ്റ് തങ്ങളുടെ പക്കൽ ഉണ്ടെന്ന വാർത്ത പെഗസ്സിസ് വികസിപ്പിച്ചെടുത്ത എൻ എസ് ഒ ഗ്രൂപ്പ നിഷേധിച്ചു.

അതേസമയം എൻ എസ് ഒ ഗ്രൂപ്പിൽ നിന്നും ചോർന്ന ലിസ്റ്റാണ് ആംനെസ്റ്റിയുടെ കൈയിൽ എത്തിയതെന്ന വാർത്തയും പുറത്തുവരുന്നുണ്ട്. ലോകമാകമാനമുള്ള ഭരണാധികാരികളെ മുഴുവൻ ഞെട്ടിച്ചിരിക്കുകയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ലിസ്റ്റും അതിനോടനുബന്ധിച്ചുള്ള വാർത്തകളും. നിലവിലെ മൂന്നു പ്രധാനമന്ത്രിമാരും മൊറോക്കോരാജാവും ലിസ്റ്റിൽ ഉൾപ്പെടുന്നു. എന്നാൽ, ഇത്തരത്തിൽ ഇരകളായെന്ന് ആരോപിക്കപ്പെടുന്ന ഭരണാധികാരികൾ ആരും തന്നെ അവരുടെ ഫോണുകൾ ഫൊറെൻസിക് പരിശോധനയ്ക്ക് നൽകുന്നതിന് സമ്മതിക്കാത്തതിനാൽ ഈ ചാര സോഫ്റ്റ്‌വെയറിന്റെ ആക്രമണം സ്ഥിരീകരിക്കാനായിട്ടില്ല.

അതേസമയം ഈ ചാര സോഫ്റ്റ്‌വെയറിനു പിന്നിലെ ബുദ്ധിയായ എൻ എസ് ഒ തങ്ങളുടെ ഇൻഫ്രാസ്ട്രക്ച്ചർ ഹോസ്റ്റ് ചെയ്യുവാൻ ആമസോൺ വെബ് സർവ്വീസ് ഉപയോഗിച്ചു എന്ന റിപ്പോർട്ടും ആംനെസ്റ്റി പുറത്തുവിട്ടു. അക്കാര്യം സ്ഥിരീകരിച്ച ആമസോൺ, ഹാക്കിങ് പോലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ അവർക്ക് ഹോസ്റ്റിങ് നൽകുന്നത് നിർത്തി എന്നും അറിയിച്ചു.

എൻ എസ് ഒ യ്ക്ക് ഹോസ്റ്റിംഗുമായി ബന്ധപ്പെട്ട സെവനം നൽകുന്ന മറ്റൊരു കമ്പനി അമേരിക്കൻ ആസ്ഥാനമായുള്ള ഡിജിറ്റൽ ഓഷനാണ്. മാധ്യമങ്ങൾ ഇവരുമായി ബന്ധപ്പെട്ടെങ്കിലും ഇതിനെ കുറിച്ച് പ്രതികരിക്കാൻ കമ്പനി വൃത്തങ്ങൾ തയ്യാറായില്ല.