ന്തും വെട്ടിത്തുറന്ന് പറയുന്നു എന്ന വ്യാജേന സ്വന്തം കുടുംബത്തിനെതിരെ ആരോപണങ്ങൾ ഉന്നയിക്കാൻ കിട്ടുന്ന ഒരവസരവും പാഴാക്കാതെ മുന്നോട്ടുപോകുന്ന ഹാരിയെ അവസാനം മുത്തശ്ശിക്കും മടുത്തിരിക്കുന്നു. നേരത്തേ പല വിവാദങ്ങളും ഉണ്ടായപ്പോൾ പോലും എല്ലാം മറക്കനും പൊറുക്കാനും തയ്യാറായികൂട്ടം തെറ്റി മേയുന്ന കൊച്ചുമകൻ തിരികെയെത്തുമെന്ന പ്രതീക്ഷയിൽ മനസ്സുനിറയെ സ്നേഹവുമായി കാത്തുനിന്ന എലിസബത്ത് രാജ്ഞിയും ഹാരിയെ കൈവിടുകയാണ്. ഒരുപക്ഷെ രാജ്ഞിയുടെ സിംഹാസനാരോഹണത്തിന്റെ പ്ലാറ്റിനം ജൂബിലിയുടെ ശോഭതന്നെ കെടുത്തിയേക്കാവുന്ന ഹാരിയുടെ ആത്മകഥയെഴുത്തിൽ രാജ്ഞിയുൾപ്പടെയുള്ള കുടുംബാംഗങ്ങൾ എല്ലാവരും അസ്വസ്ഥരാണെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നു.

മുത്തശ്ശി തന്റെ ജീവിതത്തിലെ മറ്റൊരു നാഴികക്കല്ല് കൂടി കടന്നുപോകുന്ന ഈ വേളയിൽ ഇത്തരത്തിലുള്ള ഒരു പുസ്തകവുമായി എത്തുന്നത് ഹാരിയും കുടുംബവും തമ്മിലുള്ള വിടവ് വർദ്ധിപ്പിക്കും എന്നാണ് കൊട്ടാരം നിരീക്ഷകർ കരുതുന്നത്. ഇത്തരത്തിൽ ഒരു പുസ്തകംഎഴുതുന്നു എന്നതുമാത്രമല്ല, അത് പ്രസിദ്ധീകരിക്കാനായി രാജ്ഞിയുടെ പ്ലാറ്റിനം ജൂബിലെ വർഷം തന്നെ തെരെഞ്ഞെടുത്തു എന്നതിലാണ് ബ്രിട്ടീഷ് രാജകുടുംബത്തിന് അമർഷം. തന്റെ ജീവിതത്തിന്റെ സത്യസന്ധമായ വിവരണം എന്ന് ഹാരി വിശേഷിപ്പിച്ച ഈ പുസ്തകം ഈ വർഷം അവസാനത്തോടെ അച്ചടി പൂർത്തിയാക്കും.

ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു ഭരണാധികാരി 70 വർഷം സിംഹാസനത്തിൽ തുടരുന്നത്. ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷത്തോടെ അത് അവിസ്മരണീയമാക്കുവാനാണ് രാജകുടുംബാംഗങ്ങൾ ഒത്തുചേർന്ന് ശ്രമിക്കുന്നത്. ഇതിനിടയിലാണ് അസ്വസ്ഥതയുളവാക്കുന്ന ആരോപണങ്ങളുമായി ഹാരി എത്തുമെന്ന് പ്രതീക്ഷിക്കുന്നത്. അടുത്ത ജൂണിൽ, രാജ്ഞിക്കും മറ്റ് കുടുംബാംഗങ്ങൾക്കുമൊപ്പം ബക്കിങ്ഹാം കൊട്ടാരത്തിന്റെ മട്ടുപ്പാവിൽ ഇരുന്ന് ആഘോഷങ്ങളിൽ പങ്കെടുക്കാൻ ഹാരിക്കും മേഗനും കുട്ടികൾക്കും അയച്ച ക്ഷണം റദ്ദാക്കിയേക്കും എന്നും ചില സൂചനകൾ: വരുന്നുണ്ട്.

ഔദ്യോഗിക ചുമതലകൾ നിർവ്വഹിക്കുന്നതിൽ കൊച്ചുമകനും കുടുംബവുമായുള്ള ബന്ധം ഇടയിൽ വരാതിരിക്കാൻ രാജ്ഞി ഏറെ ക്ലേശിക്കുന്നു എന്നാണ് കൊട്ടാരത്തിനകത്തു നിന്നും ലഭിക്കുന്ന വിവരം. അതുകൊണ്ടുതന്നെയാണ് നേരത്തേ പല ആരോപണങ്ങളും ഉന്നയിച്ചിട്ടും ആഘോഷങ്ങളിൽ പങ്കെടുക്കാൻ ഹാരിയേയും കുടുംബത്തേയും ക്ഷണിച്ചത്. എന്നാൽ, ഒത്തുതീർപ്പിനുള്ള എല്ലാ സാധ്യതകളും അടച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ ഹാരിയുടെ പക്ഷത്തുനിന്നും ഉണ്ടാകുന്നത്.