ലോക കായിക മാമാങ്കത്തിന് കൊടികയറും മുൻപെ തിരശ്ശീല വീഴുമോ എന്ന ആശങ്കയിലാണ് ഇപ്പോൾ കായികലോകം. ഒളിംപിക്സ് വില്ലേജിലും കോവിഡ് വ്യാപനം വർദ്ധിക്കുവാൻ തുടങ്ങിയതോടെ, ആരംഭിക്കുവാൻ ഇനി രണ്ടു ദിവസം മാത്രം ബാക്കിയുള്ളപ്പോൾ ഒളിംപിക്സ് റദ്ദാക്കപ്പെടുവാനുള്ള സാധ്യത റ്റ്ടോക്യോ ഒളിംപിക്സ് സംഘാടകർ തള്ളിക്കളയുന്നില്ല. ജപ്പാന് 12 ബില്ല്യൺ ഡോളറിന്റെ ചെലവ് പ്രതീക്ഷിക്കുന്ന ഈ കായിക മാമാങ്കം റദ്ദാക്കുമോ എന്ന് ചോദ്യത്തിനാണ് അത് നിഷേധിക്കാതെ ഓർഗനൈസിങ് കമ്മിറ്റി തലവൻ ടോഷിരോ മുട്ടോ നിശബ്ദത പാലിച്ചത്.

ഒളിംപിക്സുമായി ബന്ധപ്പെട്ട 71 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ ഒളിംപിക്സ് വില്ലേജിൽ താമസിക്കുന്നവരും ഉണ്ട്. മാത്രമല്ല, ഒളിംപിക്സ് നടത്തുന്നതിനെതിരെ ജപ്പാനിൽ പൊതുജനരോഷം ഉയരുന്ന സാഹചര്യത്തിൽ ഉദ്ഘാടന പരിപാടികളിൽ തങ്ങളുടെ പ്രതിനിധികൾ പങ്കെടുക്കുകയില്ലെന്ന് മൊന്ന് സ്പോൺസർമാർ ഇന്നലെവ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. രോഗം ബാധിച്ചവരിൽ ഒരാളിലെങ്കിലും അതിവ്യാപനശേഷിയുള്ള ഡെൽറ്റ ഇനത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്.

ഉഗാണ്ടൻ ഭാരോദ്വാഹന ടീമിലെ ഒരാൾക്കാണ് ഇത് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതുവരെ ജപ്പാനെ കാര്യമായി വ്യാപിക്കാത്ത ഈ അപകടകാരിയായ ഇനം കൊറോണ ഒളിംപിക്സിനെത്തുന്നവരിൽ കൂടി പൊതുജനങ്ങളിലേക്കും പടരുമോ എന്ന ആശങ്കയാണ് ജപ്പാനിലെ സാധാരണക്കാരനെ പോലും ഈ മാമാങ്കത്തെ എതിർക്കാൻ പ്രേരിപ്പിക്കുന്നത്. രജ്യത്തേയും പൗരന്മാരെയും രക്ഷിക്കാനായി മത്സരങ്ങൾ പൂർണ്ണമായും നിർത്തണമെന്നും ഇപ്പോൾ ഇവിടെയെത്തിയിട്ടുള്ള മത്സരാർത്ഥികളേയും മറ്റ് അതിഥികളെയും അവരവരുടെ രാജ്യങ്ങളിലേക്ക് തിരിച്ചയയ്ക്കണമെന്നും അവശ്യപ്പെട്ട് ഒന്നരലക്ഷത്തോളം പേർ ഒപ്പിട്ട ഒരു നിവേദനവും സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്.

കോവിഡ് പ്രതിസന്ധിയിൽ ഒരു വർഷത്തോളം വൈകിയ ഒളിംപിക്സിന്റെ ഉദ്ഘാടന ഉത്സവം ഈ വെള്ളിയാഴ്‌ച്ചയാണ് നടക്കേണ്ടത്.. എന്നാൽ, അത് നടക്കുന്ന കാര്യം അനിശ്ചിതത്തിലാണെന്ന് സംഘാടക സമിതി തന്നെ സമ്മതിക്കുകയാണിപ്പോൾ. ചർച്ചകൾ തുടരുകയണെന്നും കോവിഡ് വ്യാപനം ഇനിയും ശക്തി പ്രാപിക്കുമോ എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും ഇനിയുള്ള തീരുമാനങ്ങളെന്നും മാത്രമാണ് ഔദ്യോഗിക കേന്ദ്രങ്ങൾ പറയുന്നത്.

അതിനിടെ ഇന്റർനാഷണൽ ഒളീംപിക്സ് കമ്മിറ്റിയുമായി നടത്തിയ ഒരു യോഗത്തിൽ ജാപ്പനീസ് പ്രധാനമന്ത്രിയും ജപ്പാനിൽ ഒളീംപിക്സിനെതിരെ ഉയരുന്ന ജനരൊഷാത്തേ കുറിച്ച് പരാമർശിച്ചു എന്നാണ് ചില വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്നും അറിയാൻ കഴിഞ്ഞത്. എന്നിരുന്നാലും കായികോത്സവം ഏറ്റവും നന്നായി നടത്തുവാൻ താൻ പ്രതിജ്ഞാബന്ധമാണെന്നും അദ്ദേഹം കമ്മിറ്റിയെ അറിയിച്ചു. ജാപ്പനീസ് പൗരന്മാരുടെ ആരോഗ്യവും ജീവനും ജാപ്പനീസ് സർക്കാർ സംരക്ഷിക്കുമെന്നും പ്രധനമന്ത്രി വ്യക്തമാക്കി.

അതിനിടെ, ഒളിംപിക്സിനെതിരെ ഉയരുന്ന ജനരോഷം അവഗണിക്കുന്നത് തങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് മനസ്സിലാക്കിയ സ്പോൺസർമാരും മുന്നോട്ട് വച്ച കാൽ പുറകോട്ട് എടുക്കാനുള്ള ശ്രമത്തിലാണ്. ഒളിംപിക്സ് വിഷയമാക്കി ഒരു പരസ്യവും തങ്ങൾ ഒളിംപിക്സ് നടക്കുന്ന സമയത്ത് ടെലിവിഷനിലൂടെ സംപ്രേഷണം ചെയ്യില്ലെന്ന് ടൊയോട്ടൊ വ്യക്തമാക്കി കഴിഞ്ഞു. മാത്രമല്ല ഉദ്ഘാടന മഹോത്സവത്തിൽ പങ്കെടുക്കാൻ തങ്ങളുടെ പ്രതിനിധിയെ അയയ്ക്കില്ലെന്നും അവർ പറഞ്ഞു. പാനാസോണിക്, ഫ്യുജി, എൻ ഇ സി ഗ്രൂപ്പ് തുടങ്ങിയവരും തങ്ങളുടെ പ്രതിനിധികളെ ഒളിംപിക്സ് ഉദ്ഘാടനത്തിൽ പങ്കെടുക്കാൻ അയയ്ക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ഇതിനുപുറമെ ജാപ്പനീസ് പ്രധാനമന്ത്രിയുമായുള്ള ഉച്ചകോടിക്ക് മുൻപായി ഒളിംപിക്സ് വേദിയിൽ എത്തുമെന്ന് പ്രഖ്യാപിച്ച ദക്ഷിണ കൊറിയൻ പ്രസിഡണ്ട് മൂൺ ജേ അതിൽ നിന്നും പിന്മാറി. ജാപ്പനീസ് സന്ദർശനം തന്നെ മൂൺ റദ്ദ് ചെയ്തേക്കും എന്നറിയുന്നു. ജപ്പാനുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള മൂണിന്റെ ശ്രമത്തെ സ്വയംഭോഗത്തോട് ഉപമിച്ച ഒരു ജാപ്പനീസ് നയതന്ത്ര ഉദ്യോഗസ്ഥന്റെ പ്രസ്താവന നേരത്തേ വിവാദമായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് യാത്ര റദ്ദ് ചെയ്യുന്നത് എന്നാണ് ദക്ഷിണ കൊറിയൻ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ഒളിംപിക്സ് ഉദ്ഘാടനവേളയിൽ ആലപിക്കേണ്ട സംഗീതം കമ്പോസ് ചെയ്ത പ്രശസ്ത ഗായകൻ കോണേലിയസ്സും ഉദ്ഘാടന ചടങ്ങിൽ നിന്നും വിട്ടുനിൽക്കുമെന്ന് അറിയിച്ചിട്ടുണ്ട്.