ബിക്കിനി ധരിക്കാതെ ഷോട്സ് ധരിച്ച് കളിക്കാനിറങ്ങിയ നോർവേയുടെ വനിതാ ബീച്ച് ഹാൻഡ്ബോൾ ടീമിന് 1500 യൂറോ പിഴ ചുമത്തിയിരിക്കുകയാണ് യൂറോപ്യൻ ഹാൻഡ് ബോൾ ഫെഡറേഷൻ. മത്സരത്തിൽ പങ്കെടുക്കുമ്പോൾ നീന്തൽ വസ്ത്രങ്ങൾ ധരിക്കണമെന്നാണ് ഇന്റർനാഷണൽ ഹാൻഡ്ബോൾ ഫെഡറേഷന്റെ നിർദ്ദേശം. ബിക്കിനി ബോട്ടം ധരിക്കാതെ ഷോർട്സ് ധരിച്ച് യൂറോപ്യൻ ബീച്ച് ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തതിനാണ് ഓരോ കളിക്കാർക്കും 150 പൗണ്ട് വീതം പിഴ ചുമത്തിയിരിക്കുന്നത്.

വെങ്കല മെഡലിനു വേണ്ടി സ്പെയിനുമായി നടന്ന മത്സരത്തിൽ പക്ഷെ നോർവ്വീജിയൻ ടീം പരാജയമടഞ്ഞിരുന്നു. ടീമിന് പിഴചുമത്തിയെതിനെതിരെ കടുത്ത പ്രതികരണവുമായി നോർവേ രംഗത്തെത്തിയിട്ടുണ്ട്.. കായിക ലോകത്ത് നിലനിൽക്കുന്ന പുരുഷമേധാവിത്വത്തിന് നല്ലൊരു ഉദാഹരണമാണ് ഈ പിഴ ശിക്ഷ എന്നാണ് നോർവേ കൾച്ചർ ആൻഡ് സ്പോർട്സ് മന്ത്രി ആബിദ് രാജ പ്രതികരിച്ചത്. 2021-ൽ ഇത്തരത്തിലൊരു സംഭവം നടക്കരുതായിരുന്നു എന്ന് നോർവീജിയൻ വോളിബോൾ ഫെഡറേഷൻ പ്രസിഡണ്ട് എറിക് സോർഡാലും പ്രതികരിച്ചു.

ഇത്തരത്തിലുള്ള വസ്ത്രധാരണം പിഴ ക്ഷണിച്ചുവരുത്തുമെന്ന് ടീമംഗങ്ങൾക്ക് ബോദ്ധ്യമുണ്ടായിരുന്നു. അതറിഞ്ഞു തന്നെയായിരുന്നു അവർ ബിക്കിനി ബോട്ടത്തിനു പകരം ഷോർട്സ് അണിഞ്ഞ് മത്സരിക്കാനെത്തിയത്. പിഴയടക്കാൻ തങ്ങൾക്ക് സന്തോഷമേയുള്ളുവെന്ന് പിഴ ചുമത്തിക്കൊണ്ടുള്ള അറിയിപ്പ് വരുന്നതിനു മുൻപ് തന്നെ പല ടീമംഗങ്ങളും പറഞ്ഞിരുന്നു. എന്നാൽ, ഓരോ കളിക്കാർക്കും 50 യൂറോ വീതം ചുമത്തുമെന്നായിരുന്നു അവർ പ്രതീക്ഷിച്ചിരുന്നത്.

ബീച്ച് സ്പോർട്സിൽ വസ്ത്രങ്ങൾക്ക് അമിത പ്രധാന്യം നൽകുന്നുണ്ട്. 2012-ലാണ് ഇന്റർനാഷണൽ ഹാൻഡ്ബോൾ ഫ്രെഡറേഷൻ ബീച്ച് ഹാൻഡ്ബോൾ കളിക്കുമ്പോൾ സ്ത്രീകൾ ബിക്കിനി ബോട്ടം ധരിക്കണമെന്ന നിയമം പാസ്സാക്കുന്നത്. ഇത് ശരീരത്തോട് ഇറുകി കിടക്കണതായിരിക്കണമെന്നും, കാലുകളുടെ മേല്ഭാഗത്തേക്ക് ഒരു കട്ട് ഉണ്ടാകണമെന്നും അതുപോലെ വശങ്ങളുടെ നീളം 10 സെന്റീമീറ്ററിൽ കൂടരുതെന്നും നിഷ്‌കർഷയുണ്ട്. അതായത്, തുടയുടെ സൗന്ദര്യം മുഴുവൻ പ്രദർശിപ്പിക്കാൻ ഉതകുന്നതായിരിക്കണം വസ്ത്രധാരണം. അതേ സമയം പുരുഷ താരങ്ങൾക്ക് ഷോർട്സ് ധരിച്ച് കളിക്കാം. ഷോർട്സ് ധരിച്ച് കളിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നോർവെ സംഘാടകരെ സമീപിച്ചിരുന്നെങ്കിലും ആവശ്യം നിരസിക്കപ്പെടുകയായിരുന്നു.

യൂറോപ്പിൽ ബിക്കിനി വിവാദം കൊഴുക്കുമ്പോൾ ശരീരത്തിലൊട്ടിക്കിടക്കുന്ന ബിക്കിനിയണിഞ്ഞ് പരിശീലനത്തിനിറങ്ങിയ അമേരിക്കൻ ബീച്ച് വോളി ടീം ഇന്നലെ ഒളിംപിക്സ് വില്ലെജിന്റെ ശ്രദ്ധാകേന്ദ്രമായി. ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് തടയുവാൻ ഇളകുന്ന കട്ടിലുകൾ നൽകിയും സെല്ഫ്ഐസൊലേഷൻ നിർബന്ധിതമാക്കിയും വിവാദത്തിലായ ടോക്കിയോ ഒളിംപിക്സിൽ ഇനി ബിക്കിനിയും വിവാദമുണ്ടാക്കുമോ എന്ന് ഉറ്റുനോക്കുകയാണ് കായികലോകം.