ബ്രിട്ടൻ സ്വാതന്ത്ര്യത്തിലേക്ക് നീങ്ങിയതോടെ കോവിഡ് വ്യാപനത്തിനും ശക്തി വർദ്ധിക്കുകയാണ്. മരണനിരക്കിലും വൻ കുതിച്ചു ചാട്ടമാണ് ഉണ്ടായിരിക്കുന്നത്. ഇന്നലെ 96 കോവിഡ് മരണങ്ങളാണ് ബ്രിട്ടനിൽ രേഖപ്പെടുത്തിയത്. കഴിഞ്ഞയാഴ്‌ച്ചയിലെ കണക്കുമായി തട്ടിച്ചു നോക്കുമ്പോൾ 96 ശതമാനത്തിന്റെ വർദ്ധനവാണ് ഇക്കാര്യത്തിൽ ഉണ്ടായിരിക്കുന്നത്. 46,558 പേർക്ക് ഇന്നലെ പുതിയതായി കോവിഡ് സ്ഥിരീകരിച്ചപ്പോൾ ചികിത്സതെടി ആശുപത്രികളിലെത്തുന്ന കോവിഡ് രോഗികളുടെ എണ്ണവും വർദ്ധിക്കുകയാണ്.

ഏറ്റവും അവസാനം ലഭ്യമായ കണക്കുകൾ അനുസരിച്ച് ജൂലായ് 14 ന് 745 കോവിഡ് രോഗികളാണ് വിവിധ ആശുപത്രികളിലായി ചികിത്സതേടി എത്തിയത്. തൊട്ടു മുൻപത്തെ ആഴ്‌ച്ചയിലേതിനേക്കാൾ 33 ശതമാനത്തിന്റെ വർദ്ധനവാണ് ഇക്കാര്യത്തിൽ ഉണ്ടായിട്ടുള്ളത്. എന്നിരുന്നാലും പ്രത്യാശയുടെ ഒരുനുറുങ്ങുവെട്ടമായി, ഗോഗവ്യാപനത്തിലുള്ള വർദ്ധനവിന്റെ വേഗത കുറഞ്ഞുവരുന്നുണ്ട്. കഴിഞ്ഞയാഴ്‌ച്ചയിലേതിനേക്കാൾ 27 ശതമാനം മാത്രമാണ് രോഗവ്യാപനതോതിൽ വർദ്ധനവ് ഉണ്ടായിട്ടുള്ളു.

അതേസമയം, പബ്ബുകളിലും മറ്റും പ്രവേശനം അനുവദിക്കുന്നതിന് കോവിഡ് പാസ്സ്പോർട്ട് നിർബന്ധമാക്കിയേക്കും എന്ന വാർത്ത നിഷേധിക്കാൻ ഇന്നലെ പ്രധാനമന്ത്രിയുടെ ഓഫീസ് തയ്യാറായില്ല. എന്നാൽ സർക്കാരിന്റെ ഭാഗത്തുനിന്നും അത്തരത്തിലൊരു നീക്കമുണ്ടായാൽ അതിനെ ചെറുക്കുമെന്ന് ടോറി വിമതരും സിവിൽ ലിബർട്ടി പ്രവർത്തകരും പറയുന്നു. എന്നാൽ, സെപ്റ്റംബർ മുതൽ ഈ നിയമം പ്രാബല്യത്തിൽ വരുത്താൻ ഉറപ്പിച്ചിരിക്കുകയാണ് ബോറിസ് ജോൺസൺ.

അതെസമയം വളരെയധികം സെൻസിറ്റീവ് ആയ എൻ എച്ച് എസ് കോവിഡ്-19 കൂടുതൽ ആളുകൾക്ക് സെൽഫ് ഐസൊലേഷനുള്ള നിർദ്ദേശം നൽകാൻ തുടങ്ങിയതോടെ ബ്രിട്ടനിലാകെ ആശങ്ക പടർന്നിരിക്കുകയാണ്. വേനൽക്കാലമാകുമ്പോഴേക്കും ഇന്ധനക്ഷാമത്തിനും ഭക്ഷ്യക്ഷാമത്തിനും ഇത് വഴിതെളിച്ചേക്കുമെന്നാണ് ഈ രംഗത്തെ വിദഗ്ദർ കണക്കുകൂട്ടുന്നത്. മാത്രമല്ല, റെയിൽ ഗതാഗതം ഉൾപ്പടെ പലതിന്റെയും പ്രവർത്തനം താറുമാറായേക്കും. നിരവധി സ്‌കൂളുകളും ബിസിനസ്സ് സ്ഥാപനങ്ങളും അടച്ചുപൂട്ടേണ്ടതായും വന്നേക്കാം. ഇപ്പോൾ തന്നെ പലയിടങ്ങളിലും ജീവനക്കാർക്ക് ക്ഷാമം നേരിടുകയാണ്.

ഇപ്പോൾ ലഭിച്ചിരിക്കുന്ന സ്വാതന്ത്ര്യം കൂടുതൽ കരുതലോടെ ഉപയോഗിക്കണമെന്നാവശ്യപ്പെട്ട് നിരവധി ശാസ്ത്രജ്ഞരും രംഗത്തെത്തിയിട്ടുണ്ട്. ഇല്ലായെങ്കിൽ ഒരുപക്ഷെ വീണ്ടും ഒരു ലോക്ക്ഡൗണിലേക്ക് രാജ്യം തിരിച്ചുപോയേക്കുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു. നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞതോടെ കോവിഡ് മരണനിരക്കും വർദ്ധിച്ചേക്കുമെന്ന് സർക്കാരിന്റെ ശാസ്ത്രോപദേഷ്ടാവ് സർ പാട്രിക് വാലസ് മുന്നറിയിപ്പ് നൽകി.