- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജംഗ്ഷനിലെ കനറാ ബാങ്ക് ശാഖയിൽ ബോംബ് വെച്ചതായും ഉച്ചക്ക് 2 മണിക്ക് ബോംബ് പൊട്ടുമെന്നും അജ്ഞാത സന്ദേശം; പൊന്നാനിയെ ഭീതിയിലാക്കി വ്യാജ ബോംബ് ഭീഷണി സന്ദേശം; അതിഥി തൊഴിലാളിയായ ബംഗാളി പിടിയിൽ
മലപ്പുറം: പൊന്നാനിയെ ഭീതിയിലാക്കി വ്യാജ ബോംബ് ഭീഷണി.ബോംബ് വെച്ചെന്ന സന്ദേശം നൽകിയ അതിഥി തൊഴിലാളിയായ ബംഗാൾ സ്വദേശി അറസ്റ്റിൽ.ചൊവ്വാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് പൊന്നാനി പൊലീസ് സ്റ്റേഷനിലേക്ക് ഫോൺ കോൾ വന്നത്.പൊന്നാനി ചമ്രവട്ടം ജംഗ്ഷനിലെ കനറാ ബാങ്ക് ശാഖയിൽ ബോംബ് വെച്ചതായും ഉച്ചക്ക് 2 മണിക്ക് ബോംബ് പൊട്ടും എന്നുമുള്ള തരത്തിലായിരുന്നു സന്ദേശം.
ഇതോടെ പൊലീസ് സിഐ വിനോദ് വലിയാട്ടൂരിന്റെ നേതൃത്വത്തിൽ പൊലീസ് ബാങ്കിലേക്കെത്തുകയും, വിവരം ബാങ്ക് അധികൃതരെ അറിയിക്കുകയും, ബാങ്കിനകത്തുണ്ടായിരുന്ന ഇടപാടുകാരെ മുഴുവൻ പുറത്തിറക്കുകയും ചെയ്തു.ഇതിനിടെ ബോംബ് സ്‌ക്വാഡിനെയും, ഡോഗ് സ്‌ക്വാഡിനേയും അറിയിച്ചതിനെത്തുടർന്ന് സംഘം സ്ഥലത്ത് കുതിച്ചെത്തി. സമാന്തരമായി കോൾ വന്ന നമ്പർ തിരിച്ചറിയാനായി സൈബർ സെല്ലിനേയും ബന്ധപ്പെട്ടു.
സൈബർ സെല്ലുമായി സഹകരിച്ച് നടത്തിയ അന്വേഷണത്തിൽ ബംഗാൾ സ്വദേശി തപാൽ മണ്ഡൽ എന്ന അതിഥി തൊഴിലാളിയാണ് വ്യാജ സന്ദേശത്തിന് പിന്നിലെന്ന് സ്ഥിരീകരിക്കുകയും, ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. മണിക്കൂറുകളോളം ബാങ്കിനകത്ത് വിശദമായ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. അതിഥി തൊഴിലാളിയെ ചോദ്യം ചെയ്തപ്പോൾ, കോവിഡ് നിയമം ലംഘിച്ചതിന് പൊലീസ് പിഴ ചുമത്തിയതിന്റെ പ്രതികാരമായാണ് താൻ ഫോൺ ചെയ്തതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു.
ലഹരിയുടെ ആസക്തിയിലാണ് ഇയാൾ ഇത്തരമൊരു കൃത്യം നടത്തിയതെന്നും ഭീഷണി വ്യാജമായിരുന്നെന്നും കേസ് രജിസ്റ്റർ ചെയ്തതായും പൊന്നാനി പൊലീസ് അറിയിച്ചു.നാടിനെയാകെ മുൾമുനയിൽ നിർത്തിയ ബോംബ് ഭീഷണി വ്യാജമാണെന്ന് മണിക്കൂറുകൾക്ക് ശേഷം അറിഞ്ഞതോടെയാണ് നാട്ടുകാരുടെ ശ്വാസം നേരെ വീണത്.