പ്രവാസികൾക്ക് സഹായകമാകുന്ന തരത്തിൽ റീ എൻട്രി, ഇഖാമ കാലാവധി നീട്ടി സൗദി അറേബ്യ നീട്ടി. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽനിന്ന് സൗദിയിലേക്ക് വരാനുള്ള പ്രവാസികൾക്ക് ഇത് ഏറെ ആശ്വാസമാകും. റീ എൻട്രി വിസയുടെ കാലാവധി അടുത്ത മാസം 31 വരെ സൗജന്യമായി നീട്ടി സൽമാൻ രാജാവ് ഉത്തരവ് പുറപ്പെടുവിച്ചു.ഇതേ കാലയളവിലേക്ക് ഇഖാമയും സൗജന്യമായി നീട്ടിയിട്ടുണ്ട്. സൗദിയിലുള്ള വിസിറ്റ് വിസക്കാർക്കും ഈ ആനുകൂല്യം ലഭിക്കും.

സൗദിയിലേക്ക് യാത്രാ വിലക്ക് നിലനിൽക്കുന്ന രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്കാണ് വിസാ കാലാവധി വീണ്ടും നീട്ടിനൽകാൻ രാജാവിന്റെ ഉത്തരവ്. സൗദിയിൽ നിന്നും അവധിക്ക് നാട്ടിൽ പോയി മടങ്ങാൻ കഴിയാതെ കുടുങ്ങിയ പ്രവാസികൾക്കാണ് വീണ്ടും രാജകാരുണ്യം അനുവദിച്ചത്. നിലവിൽ സൗദിയിലേക്ക് യാത്രാവിലക്കുള്ള രാജ്യങ്ങളിലെ പ്രവാസികളുടെ വിസാ കാലാവധി ഒരു മാസത്തേക്ക് കൂടി പുതുക്കി നൽകാനാണ് തീരുമാനം.

സൗദി ഭരണാധികാരി സൽമാൻ രാജാവാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇത് സംബന്ധിച്ച് നിർദ്ദേശം ജവാസാത്ത് വകുപ്പിന് കൈമാറിയതായും രാജ വിജ്ഞാപനം വ്യക്തമാക്കുന്നു. ഈ മാസം കാലവധി തീരുന്ന റെസിഡന്റ് വിസ, എക്സിറ്റ് റീ എൻട്രി വിസ, വിസിറ്റിങ് വിസ എന്നിവയാണ് സൗജന്യമായി പുതുക്കി നൽകുക. ഓഗസ്റ്റ് 31 വരെയാണ് പുതിയ വിജ്ഞാപന പ്രകാരം കാലാവധി നീട്ടി നൽകുക. നേരത്തെ ജൂലൈ 31 വരെ ഇത്തരം വിസകളുടെ കാലാവധി രാജ ഉത്തരവിലൂടെ സ്വമേധയാ നീട്ടി നൽകിയിരുന്നു.