- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെഡിക്കൽ കോളേജുകൾ കൂടുതൽ രോഗീസൗഹൃദമാകുന്നു; അത്യാഹിത വിഭാഗത്തിൽ രോഗികൾക്ക് കൂടുതൽ സൗകര്യങ്ങളൊരുങ്ങുന്നു
തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രികൾ കൂടുതൽ രോഗീസൗഹൃദമാകണമെന്ന ആരോഗ്യവകുപ്പുമന്ത്രി വീണാജോർജിന്റെ നിർദേശപ്രകാരം ആദ്യപടിയായി മെഡിക്കൽ കോളേജ് അത്യാഹിതവിഭാഗത്തിൽ രോഗികൾക്ക് കൂടുതൽ സൗകര്യമൊരുക്കാൻ നടപടിയായി. ലോക്ക്ഡൗൺ കഴിയുമ്പോൾ കൂടുതൽ രോഗികൾ ആശുപത്രിയിലെത്താനുള്ള സാധ്യത മുന്നിൽകണ്ടാണ് ആശുപത്രി അധികൃതർ അത്യാഹിതവിഭാഗത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ നടപടി സ്വീകരിക്കുന്നത്.
അത്യാഹിതവിഭാഗത്തിൽ എത്തുന്ന രോഗികൾ കൂടുതലും അഡ്‌മിറ്റ് ചെയ്യപ്പെടേണ്ടതരത്തിൽ ഗുരുതരാവസ്ഥയിലെത്തുന്നവരാണ്. അവർക്ക് രക്തപരിശോധനകളും സ്‌കാനിംഗും ഉൾപ്പെടെ വിവിധ രോഗനിർണയ പരിശോധനകൾക്ക് വിധേയമാക്കേണ്ടി വരും. തിരക്കുള്ള സമയങ്ങൾ രോഗികളെ ഈ പരിശോധനകൾക്ക് കൊണ്ടുപോകാൻ വീൽചെയറുകൾക്കും ട്രോളികൾക്കും ക്ഷാമമുണ്ടാകാറുമുണ്ട്. അതിനു പരിഹാരമെന്നോണം അത്യാഹിതവിഭാഗത്തിലെ വീൽചെയറുകൾക്കും ട്രോളികൾക്കുമായി ഒരു രജിസ്റ്റർ സൂക്ഷിക്കുവാനാണ് ഒരു തീരുമാനം.
വാർഡുകളിലും ഐസിയുകളിലുമൊക്കെ കൊണ്ടുപോകുന്ന ട്രോളികളുടെ കണക്കുകൾ രജിസ്റ്ററിൽ രേഖപ്പെടുത്തി യഥാസമയം തിരികെയെത്തിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. അതിനുമാത്രമായി ഒരു ജീവനക്കാരനെ നിയോഗിക്കും. രോഗികളെ വാർഡിലെത്തിക്കുന്നതിനും പരിശോധനകൾക്ക് കൊണ്ടുപോകുന്നതിനുമായി എട്ടുപുരുഷന്മാരും രണ്ട് സ്ത്രീകളുമുൾപ്പെടെ 10 ജീവനക്കാരെ പേഷ്യന്റ് ഹെൽപ്പേഴ്‌സ് എന്ന നിലയിൽ അത്യാഹിതവിഭാഗത്തിൽ കൂടുതലായി നിയോഗിച്ചു.
10 ട്രോളികളും 10 വീൽചെയറുകളും കൂടി അത്യാഹിതവിഭാഗത്തിലേയ്ക്ക് മാത്രമായി വാങ്ങാനുള്ള നിർദേശവും നൽകിയതായി സൂപ്രണ്ട് ഇൻ ചാർജ് ഡോ ജോബിജോൺ അറിയിച്ചു. ആരോഗ്യവകുപ്പുമന്ത്രി വീണാജോർജും അഡീഷണൽ ചീഫ് സെക്രട്ടറി ഡോ ആശാതോമസും സർക്കാർ മെഡിക്കൽ കോളേജുകളിലെ പ്രിൻസിപ്പൽമാരും സൂപ്രണ്ടുമാരുമായി നടത്തിയ വീഡിയോകോൺഫറൻസിൽ ആശുപത്രികൾ കൂടുതൽ രോഗീസൗഹൃദമാക്കണമെന്ന നിർദ്ദേശം മുന്നോട്ടുവച്ചിരുന്നു. അതിന്റെ ഭാഗമെന്നോണമാണ് ആദ്യം അത്യാഹിതവിഭാഗത്തിൽ രോഗികൾക്ക് കൂടുതൽ സൗകര്യമൊരുക്കാൻ നടപടി സ്വീകരിച്ചത്.
മറുനാടന് മലയാളി ബ്യൂറോ