കോഴിക്കോട്: ഓൺലൈൻ ഗെയിം കളിക്കാനായി അമ്മ അറിയാതെ മക്കൾ അക്കൗണ്ടിൽനിന്നും പിൻവലിച്ചത് ഒരു ലക്ഷത്തിലധികം രൂപ. പണം നഷ്ടമായതിന് പിന്നിൽ മക്കളാണെന്ന് കണ്ടെത്തിയത് അക്കൗണ്ടിൽ നിന്നു പണം നഷ്ടമാകുന്നതായി വീട്ടമ്മ കോഴിക്കോട് സൈബർ പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ.

ഒരു ലക്ഷത്തിലധികം രൂപ നഷ്ടമായതായുള്ള വീട്ടമ്മയുടെ പരാതിയിൽ അന്വേഷമം നടത്തിയതോടെയാണ് മക്കൾ കുടുങ്ങിയത്. പൊലീസ് അന്വേഷണത്തിൽ ഒൻപതിലും പത്തിലും പഠിക്കുന്ന രണ്ട് മക്കളും ബന്ധുവായ കുട്ടിയും ഓൺലൈൻ ഗെയിമിനായി പണം ചെലവഴിച്ചതായി കണ്ടെത്തുകയായിരുന്നു. വീട്ടമ്മയുടെ ഭർത്താവ് വിദേശത്താണ്. ഓൺലൈൻ പഠനത്തിനാണ് മക്കൾക്ക് സ്മാർട്ട് ഫോണും ടാബും വാങ്ങി നൽകിയത്. നിരോധിച്ച 'പബ്ജി'യാണ് ഇവർ കളിച്ചിരുന്നതെന്നു സൈബർ പൊലീസ് പറയുന്നു.

ഗെയിമിന്റെ പുതിയ ഘട്ടങ്ങൾ പിന്നിടാൻ മൂവർക്കും പണം വേണ്ടി വന്നു. അമ്മയുടെ ഇന്റർനെറ്റ് ബാങ്കിങ് പാസ്‌വേഡും മറ്റു വിവരങ്ങളും അറിയാവുന്ന കുട്ടികൾ അക്കൗണ്ടിൽനിന്നു പണം എടുക്കുകയായിരുന്നു. വീട്ടമ്മ പൊലീസിൽ പരാതി നൽകിയപ്പോഴും മൂവരും ഇക്കാര്യം അറിയിച്ചില്ല. പിന്നീട് സൈബർ സെൽ ഇൻസ്‌പെക്ടർ പി.രാജേഷിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങൾ പുറത്താകുന്നത്.