lകൊല്ലം: കോവിഡ് വ്യാപനം രൂക്ഷമായ ഈ ലോക്ഡൗൺകാലത്തുകൊല്ലത്തെ അമ്മത്തൊട്ടിലിൽ കിട്ടിയത് 15 കുട്ടികളെ. ഒന്നേകാൽ വർഷത്തിനിടെയാണ് ഇത്രയും കുട്ടികൾ ഈ അമ്മ തൊട്ടിലിൽ എത്തിയത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കുട്ടികളെ അമ്മത്തൊട്ടിലിൽ ലഭിച്ചതും ഇവിടെയാണ്. അമ്മത്തൊട്ടിൽ ആരംഭിച്ചശേഷം ഇതുവരെ 40 കുട്ടികളെയാണ് ഇവിടെ ഉപേക്ഷിച്ചത്.

ഏറ്റവുംകൂടുതൽ കുട്ടികളെ ദത്തെടുക്കുന്നതും കൊല്ലത്തെ ശിശുക്ഷേമസമിതിയിൽനിന്നാണ്. 2019-നുശേഷം 21 കുട്ടികളെ ഇവിടെനിന്ന് ദത്തെടുത്തിട്ടുണ്ട്. രണ്ടുകുട്ടികളെ രാജ്യത്തിന് പുറത്തേക്കും 19 കുട്ടികളെ മറ്റു സംസ്ഥാനങ്ങളിലേക്കുമാണ് ദത്തെടുത്തിട്ടുള്ളത്. അമേരിക്ക, സ്‌പെയിൻ എന്നിവിടങ്ങളിലേക്കാണ് രണ്ടു കുട്ടികളെ ദത്തെടുത്തത്. സ്‌പെയിനിലേക്ക് പോകാൻ ഒരുകുട്ടികൂടി തയ്യാറെടുക്കുന്നു.

ജൂലായ് മാസം അമ്മത്തൊട്ടിലിൽ എത്തിയ രണ്ടുകുട്ടികളും പെൺകുട്ടികളാണ്. 21 പെൺകുട്ടികളെയും 19 ആൺകുട്ടികളെയുമാണ് ഇതുവരെ ലഭിച്ചത്. വിക്ടോറിയ ആശുപത്രിയോടു ചേർന്നുള്ള കെട്ടിടത്തിലാണ് അമ്മത്തൊട്ടിൽ പ്രവർത്തിക്കുന്നത്. കുട്ടിയുമായി എത്തുമ്പോൾ തനിയെ തൊട്ടിൽതുറന്നുകൊടുക്കും. കുഞ്ഞിനെ ഉപേക്ഷിക്കുന്നതിനുമുൻപ് ഒരിക്കൽക്കൂടി ചിന്തിക്കുന്നതിനുള്ള മുന്നറിയിപ്പുസന്ദേശവും ഇവിടെനിന്ന് കേൾക്കാം.

തൊട്ടിലിൽ കിടത്തിക്കഴിഞ്ഞാൽ വിക്ടോറിയ ആശുപത്രിയിൽ സൈറന്മുഴങ്ങും. ആർ.എം.ഒ., സൂപ്രണ്ട്് എന്നിവരടക്കമുള്ളവർക്ക് സന്ദേശവും ലഭിക്കും. തുടർന്ന് ആർ.എം.ഒ.യുടെ നേതൃത്വത്തിൽ എത്തിയാണ് കുഞ്ഞിനെ തൊട്ടിലിൽനിന്നു മാറ്റുന്നത്. ഐ.സി.യു.വിൽ പ്രവേശിപ്പിക്കുന്ന കുഞ്ഞിനെ വിദഗ്ധ പരിശോധനകൾക്കും ചികിത്സകൾക്കും ശേഷം ശിശുക്ഷേമസമിതിക്ക് കൈമാറും.