- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് ബാധിച്ച് മരിച്ച ചുമട്ട് തൊഴിലാളിയുടെ മൃതദേഹം വീട്ടിൽ സൂക്ഷിക്കേണ്ടി വന്നത് എട്ട് മണിക്കൂറിലധികം; വീട്ടിൽ ഉണ്ടായിരുന്നത് കോവിഡ് ബാധിതയായ ഭാര്യ മാത്രം; പണിതീരാത്ത വീട്ടിൽ മൃതദഹം സൂക്ഷിക്കേണ്ടി വന്നത് കോഴിക്കോട് പൊടുപ്പിൽ നാലു സെന്റ് കോളനിയിൽ
കോഴിക്കോട്: കോവിഡ് ബാധിച്ച് മരണപ്പെടുന്നവരുടെ മൃതദേഹം ഒരു മണിക്കൂറിനകം സംസ്‌ക്കരിക്കണമെന്ന നിർദ്ദേശം നിലനിൽക്കുമ്പോൾ ചുമട്ടു തൊഴിലാളിയുടെ മൃതദേഹം വീട്ടിൽ സൂക്ഷിക്കേണ്ടിവന്നത് എട്ടു മണിക്കൂറിലധികം. താമരശ്ശേരി പൊടുപ്പിൽ നാലു സെന്റ് കോളനിയിലെ കക്കയം മുഹമ്മദിന്റെ മൃതദേഹമാണ് രോഗബാധിതയായ ഭാര്യ മാത്രമുള്ള പണിതീരാത്ത വീട്ടിൽ എട്ടു മണിക്കൂറിലധികം സൂക്ഷിക്കേണ്ട ദുരവസ്ഥയുണ്ടായത്.
ബുധനാഴ്ച രാവിലെ ഏഴരക്കാണ് മുഹമ്മദ് മരണപ്പെട്ടത്. ഭാര്യ പാത്തുമ്മയ്ക്ക് നേരത്തെ തന്നെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടർന്നാണ് മൃതദേഹം കോവിഡ് പരിശോധനക്ക് വിധേയമാക്കിയത്. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ വെച്ച് നടത്തിയ പരിശോധനാ ഫലം കോവിഡ് പോസിറ്റീവ് ആയിരുന്നു. കാൻസർ ബാധയെ തുടന്ന് ഭർത്താവിനെ പരിചരിക്കാൻ മെഡിക്കൽ കോളേജിൽ നിന്നപ്പോഴാണ് ഭാര്യക്ക് കോവിഡ് പിടിപെട്ടത്.
വീട്ടിൽ മുഹമ്മദും ഭാര്യയും മാത്രമാണ് താമസം. മരണം നടന്ന ഉടനെ തന്നെ ഉള്ളിയേരിയിലുള്ള മകളെ വരുത്തി പി പി ഇ ക്വിറ്റ് ധരിപ്പിച്ച് മൃതദേഹം കാണിക്കാനുള്ള സൗകര്യം നൽകിയിരുന്നു. തുടർന്നാണ് ആദ്യം ആശുപത്രിയിലേക്ക് മാറ്റിയത്. ആശുപത്രിയിൽ നിന്നും നേരെ ഖബർസ്ഥാനിലേക്ക് മൃതദേഹം എത്തിച്ച് അന്ത്യകർമ്മങ്ങൾ അവിടെ വെച്ച് നടത്തി ഉടൻ സംസ്‌കരിക്കാൻ സാധിക്കുമെന്നായിരുന്നു പ്രതീക്ഷ.
എന്നാൽ ബലി പെരുന്നാൾ പ്രമാണിച്ച് ബലികർമ്മം അടക്കമുള്ള തിരക്കും, ഖബർ ഒരുക്കാനുള്ള താമസവും കാരണം നാലു മണിയോടെ മാത്രമേ ഖബറടക്കം നടത്താൻ സാധിക്കുകയുള്ളൂ എന്നായിരുന്നു പള്ളിക്കമ്മിറ്റി ഭാരവാഹികളുടെ മറുപടി. ഇതോടെയാണ് ആശുപത്രിയിൽ നിന്നും വീണ്ടും മൃതദേഹം വീട്ടിലേക്ക് തിരികെ കൊണ്ടുവന്നത്.
അങ്ങിനെ രാവിലെ മുതൽ വൈകീട്ട് നാലു മണി വരെ മൃതദേഹത്തോടൊപ്പം ഭാര്യ തനിച്ചായി. ഇത്തരം അടിയന്തര സാഹചര്യത്തിൽ ഇടപെട്ട് മൃതദേഹം സംസ്‌കരിക്കാൻ അടിയന്തിര നടപടി സ്വീകരിക്കേണ്ട ആരോഗ്യ വകുപ്പ് അധികൃതരും, പഞ്ചായത്ത് അധികൃതരും വീടിന്റെ പരിസരത്തേക്ക് പോലും തിരിഞ്ഞ് നോക്കിയില്ല.
പഞ്ചായത്തിൽ കോവിഡ് വ്യാപനമുണ്ടാവുമ്പോൾ മൃതദേഹം അടക്കുന്ന കാര്യങ്ങൾ പോലും ലാഘവത്തോടെ കൈകാര്യം ചെയ്യുന്ന അധികൃതരുടെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. വീടുകൾ തിങ്ങി നിറഞ്ഞ പൊടുപ്പിൽ നാലു സെന്റ് കോളനിയിലെവീട്ടിലാണ് കോവിഡ് രോഗിയായ സ്ത്രീയ്ക്ക് എട്ടു മണിക്കൂറോളം മൃതദേഹത്തോടൊപ്പം കഴിയേണ്ടിവന്നത്. ഒടുവിൽ എസ് ഡി പി ഐ പ്രവർത്തകരാണ് വൈകീട്ട് സംസ്‌ക്കാര ചടങ്ങുകൾ നടത്തിയത്.
കെ വി നിരഞ്ജന് മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്.