മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളം വഴി സ്വർണം കടത്താൻ കൂട്ടുനിന്ന മൂന്നു കസ്റ്റംസ് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സർവീസിൽ നിന്നും പിരിച്ചു വിട്ടു.

കസ്റ്റംസ് ഇൻസ്പെക്ടർമാരായ രോഹിത് ശർമ, സാകേന്ദ്ര പസ്വാൻ, കൃഷൻ കുമാർ എന്നിവർക്കെതിരെയാണ് നടപടി. 2019 ഓഗസ്റ്റ് 19ന് കണ്ണൂർ വിമാനത്താവളം വഴി 4.5 കിലോ സ്വർണം കടത്താൻ കൂട്ടുനിന്നതിനാണ് നടപടി. കേസിൽ മുഖ്യ പ്രതിയായ കസ്റ്റംസ് ഇൻസ്പെക്ടർ രോഹിത് പണ്ഡിറ്റ് എന്നയാളെ നേരത്തെ സർവീസിൽ നിന്നും പിരിച്ചുവിട്ടിരുന്നു.

കണ്ണൂർ വിമാനത്താവളം തുടങ്ങിയതു മുതൽ വടക്കെ മലബാറിലെ കള്ളക്കടത്തുകാരുടെ ഹബ്ബായി കണ്ണൂർവിമാനത്താവളം മാറിയിരുന്നു. നേരത്തെ ചില കസ്റ്റംസ് ഉദ്യോഗസ്ഥന്മാർ സ്വർണക്കടത്തുകാർക്ക് ഒത്താശ ചെയ്യുന്നതായി ആരോപണമുയർന്നിരുന്നു. ഇതിനെ തുടർന്നാണ് കേന്ദ്രരഹസ്യാന്വേഷണവിഭാഗം അന്വേഷണമാരംഭിച്ചത്. ഇപ്പോൾ പിരിച്ചുവിടപ്പെട്ട ഉദ്യോഗസ്ഥന്മാർക്കെതിരെ വ്യക്തമായ തെളിവുലഭിച്ചതിനെ തുടർന്ന് നേരത്തെ സസ്പെൻഷനിലായിരുന്നു.