ഡബ്ലിനിലെ പല പ്രദേശങ്ങളിലും കൗമാരക്കാരുടെ സംഘങ്ങൾ നടത്തുന്ന അക്രമങ്ങളുടെ ഇരയായി ഇന്ത്യൻ വിദ്യാർത്ഥിയും. ഡബ്ലിനിലെ സെന്റ് സ്റ്റീഫൻ ഗ്രീൻ പാർക്കിൽ വച്ചാണ് ഇന്ത്യക്കാരിയായ വിദ്യാർത്ഥിക്കും, സുഹൃത്തിനും ക്രൂരമർദ്ദനം നേരിടേണ്ടി വന്നത്്. മർദ്ദനത്തിൽ അഞ്ജലി ശർമ്മ എന്ന ഇന്ത്യന് വിദ്യാർത്ഥിയുടെ ഒരു കണ്ണിന് താൽക്കാലികമായി കാഴ്ച നഷ്ടപ്പെടുകയും, സുഹൃത്തിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

തിങ്കളാഴ്ച രാത്രിയായിരുന്നു ഒരു കൂട്ടം കൗമാരക്കാർ ഇവരെ ആക്രമിച്ചത്.
പാർക്കിന്റെ പ്രവേശനകവാടത്തിൽ നിൽക്കുകയായിരുന്ന അഞ്ജലിയെയും സുഹൃത്തിനെയും ഒരു കൂട്ടം കൗമാരക്കാർ സമീപിക്കുകയായിരുന്നു. സുഹൃത്തിനെ ഇടിക്കാനും, ഇയർഫോൺ തട്ടിയെടുക്കാനുമെല്ലാം ശ്രമിച്ചതോടെ ഇരുവരും ഇവിടെ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ ഇതോടെ കൂട്ടത്തിലെ രണ്ടു മൂന്ന് പേർ സുഹൃത്തിനെ ക്രൂരമായി അടിക്കാനും ഇടിക്കാനും തുടങ്ങുകയായിരുന്നുവെന്ന് അഞ്ജലി പറയുന്നു. അവരിലൊരാൾ അഞ്ജലിയുടെ ബാഗ് തട്ടിപ്പറിക്കാൻ ശ്രമിക്കുകയും, കണ്ണിന് നേരെ ഒരു ക്യാൻ എറിയുകയുമായിരന്നു.

അഞ്ജലിയെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റെറ്റിനയ്ക്ക് പരിക്കേറ്റതിനാൽ ഏതാനും ആഴ്ചകളെടുത്ത് മാത്രമേ പരിക്ക് ഭേദമാകൂവെന്നും ഡോക്ടർമാർ അറിയിച്ചു.ഇതേ ദിവസം തന്നെ പരിസരത്ത് രാത്രി 8.30-ഓടെ മറ്റൊരു കൗമാരക്കാരനെയും ഏതാനും അക്രമികൾ ചേർന്ന് പരിക്കേൽപ്പിച്ചിരുന്നു. രണ്ട് സംഭവത്തിലും ഇതുവരെ അറസ്റ്റൊന്നും രേഖപ്പെടുത്തിയിട്ടില്ല.