ന്യൂസൗത്ത് വെയ്ൽസിലെ ഓറഞ്ചിൽ നിന്ന് ബ്രിസ്ബനിലേക്ക് പുതിയ ജോലി കിട്ടി പോയ ബിബിനും കുടുംബത്തിനും ഉണ്ടായ വിധിയെ പഴിക്കുകയാണ് ഓസ്‌ട്രേലിയയിലെ മലയാളി സമൂഹം. ക്വീൻസ്ലാന്റിൽ ഉണ്ടായ അപകടത്തിൽ ബിബിന്റെ ഭാര്യയും ഒരു കുട്ടിയും മരിച്ചിരുന്നു. ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ട് കുട്ടികളും ബിബിനും ഇവരുടെ വേർപാട് പോലും അറിയാതെ ആശുപത്രിയിൽ കഴിയുകയാണ്. ആശുപത്രിയിൽ കഴിയുന്ന കുട്ടികളിൽ ഒരാളുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണെന്ന് അധികൃതർ വ്യക്തമാക്കി.

അപകടകാരണം കണ്ടെത്താൻ ഫൊറൻസിക് പരിശോധന ഉൾപ്പെടെയുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.ക്വീൻസ്ലാന്റിലെ ടൂവൂംബയ്ക്കടുത്ത് വ്യാഴാഴ്ച രാവിലെ കാറും ട്രക്കും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.

ബിബിനെ ഇന്നലെ വൈകിട്ട് ടൂവൂംബയിലെ ആശുപത്രിയിൽ നിന്ന് ക്വീൻസ്ലാന്റ് ചിൽഡ്രൻസ് ആശുപത്രിയോട് ചേർന്നുള്ള മാറ്റർ ആശുപത്രിയിലേക്ക് മാറ്റിയതായി കുടുംബ സുഹൃത്തുക്കൾ അറിയിച്ചു.
39 വയസ്സ് പ്രായമുള്ള ബിബിൻ ആയിരുന്നു ടൊയോട്ട ക്ലുഗെർ എസ് യു വി ഓടിച്ചിരുന്നത് എന്നാണ് ക്വീൻസ്ലാന്റ് പൊലീസ് അറിയിച്ചത്. 38 വയസ്സ് പ്രായമുള്ള ട്രക്ക് ഡ്രൈവർക്ക് ചെറിയ പരിക്കുകളെ തുടർന്ന് ആശുപത്രിയിൽ ചികിത്സ ലഭിച്ചതായി പൊലീസ് വ്യക്തമാക്കി.

അപകടത്തിന് ദൃക്സാക്ഷികൾ ഉണ്ടെങ്കിൽ മുന്നോട്ട് വരണെമന്നും ഡാഷ് കാം ഫൂട്ടേജോ മറ്റ് വിവരങ്ങളോ ഉള്ളവർ പൊലീസിനെ ബന്ധപ്പെടണമെന്നും പൊലീസ് ആവശ്യപ്പെട്ടു. കേരളത്തിൽ ചാലക്കുടി പോട്ട സ്വദേശികളാണ് അപകടത്തിൽപ്പെട്ട കുടുംബം