ഹ്‌റൈനിൽ നാളെ മുതൽ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ. രാജ്യത്ത് കഴിഞ്ഞ 14 ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രണ്ട് ശതമാനത്തിലും കുറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ബലിപ്പെരുന്നാൾ അവധി ദിവസങ്ങളിൽ ജാഗ്രതയുടെ ഭാഗമായി രാജ്യത്ത് ഓറഞ്ച് അലേർട്ട് ലെവൽ പ്രകാരമുള്ള നിയന്ത്രണങ്ങൾ സ്വീകരിച്ചിരുന്നു.

ഗ്രീൻ ലെവൽ പ്രകാരം ഷോപ്പുകളിലും ഷോപ്പിങ് മാളുകളിലും വാക്‌സിൻ എടുത്തവർക്കും എടുക്കാത്തവർക്കും പ്രവേശിക്കാൻ സാധിക്കും. വീടുകളിൽ സ്വകാര്യ ചടങ്ങുകളിലും ഔട്ട്‌ഡോർ ഇവന്റുകളിലും കോൺഫറൻസുകളിലും സർക്കാർ കേന്ദ്രങ്ങളിലും ഇവർക്ക് പങ്കെടുക്കാം. സ്പോർട്സ് സെന്ററുകൾ, നീന്തൽക്കുളങ്ങൾ , വിനോദ കേന്ദ്രങ്ങൾ എന്നിവയിലും പ്രവേശനം അനുവദിക്കും. താൽപര്യമുള്ള കുട്ടികൾക്ക് വിദ്യാഭ്യാസ, പരിശീലന സ്ഥാപനങ്ങളിൽ എത്താമെന്നും ഔട്ട്‌ഡോർ സ്പോർട്സ് പരിപാടികളിലെ പൊതുജന പങ്കാളിത്തം സാധ്യമാവുമെന്നും അധിക്യതർ അറിയിച്ചു.

റസ്റ്റോറന്റുകൾ, കഫേകൾ, ബാർബർ ഷോപ്പുകൾ, സലൂണുകൾ, സ്പാകൾ എന്നിവിടങ്ങളിലും പ്രവേശനം അനുവദിക്കും. സിനിമാ തിയേറ്ററുകൾ, ഇൻഡോർ കോൺഫറൻസുകളും പരിപാടികളും, ഇൻഡോർ സ്പോർട്സ് പരിപാടികൾ എന്നിവയിൽ വാക്‌സിനേഷൻ പൂർത്തിയാക്കിയവർക്കും കോവിഡ്മുക്തർക്കും മാത്രമായിരിക്കും പ്രവേശനം. ഗ്രീൻ ലെവലിലും സാമൂഹിക അകലം പാലിക്കണമെന്നും കോവിഡ് ജാഗ്രതാ നിർദേശങ്ങളിൽ വിട്ടുവീഴ്ചയരുതെന്നും അധിക്യതർ അറിയിച്ചിട്ടുണ്ട്.