മൂന്നാർ: അഞ്ചുകോടി രൂപ വിലമതിക്കുന്ന അഞ്ചുകിലോ തിമിംഗില ഛർദി (ആംബർഗ്രിസ്) യുമായി മൂന്നാറിൽ അഞ്ച് പേർ അറസ്റ്റിൽ. പഴയ മൂന്നാർ സ്വദേശി മുനിയസ്വാമി (48), ഇയാളുടെ സഹോദരൻ തമിഴ്‌നാട് വത്തലഗുണ്ഡിൽ താമസിക്കുന്ന മുരുകൻ (42), വത്തലഗുണ്ട് സ്വദേശി രവികുമാർ (40), തേനി എരുമചോല സ്വദേശി വേൽമുരുകൻ (43), തേനി കല്ലാർ സ്വദേശി സേതു (21) എന്നിവരാണ് വനംവകുപ്പിന്റെ പിടിയിലായത്.

മൂന്നാറിൽ ആംബർഗ്രിസ് കൈമാറാൻ ശ്രമിക്കുന്നതായി വനംവകുപ്പ് വിജിലൻസ് വിഭാഗത്തിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് സംഘം അറസ്റ്റിലായത്. ഇതെത്തുടർന്ന് വിജിലൻസ് സംഘവും മൂന്നാർ റെയ്ഞ്ചറുടെ നേതൃത്വത്തിലുള്ള സംഘവും നടത്തിയ പരിശോധനയിലാണ് പഴയ മൂന്നാറിലെ ലോഡ്ജിൽനിന്നു വെള്ളിയാഴ്ച വൈകീട്ട് ഇവരെ പിടികൂടിയത്.

ആംബർഗ്രിസ് ലഭിച്ചത് എവിടെനിന്നെന്നും ആർക്കാണ് കൈമാറാൻ കൊണ്ടുവന്നതെന്നും അറിയാൻ ഇവരെ ചോദ്യംചെയ്തുവരുകയാണ്. മൂന്നാർ റെയ്‌ഞ്ചോഫീസർ എസ്.ഹരീന്ദ്രകുമാർ, വിജിലൻസ് ഡെപ്യൂട്ടി റേഞ്ചർ ജെയ്‌സൺ ജോസഫ്, ബി.എഫ്.ഒ.മാരായ സുധീഷ് സോമൻ, ദീനീഷ് കെ.എസ്, ഉമ്മർകുട്ടി എംപി, ഷിബുക്കുട്ടൻ, അലൻലാൽ സി.എസ്. എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.