തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരിച്ച നഴ്സുമാരുടെ കുടുംബത്തിന് സംസ്ഥാന നഴ്സിങ് കൗൺസിൽ രണ്ടുലക്ഷം രൂപ വീതം സഹായം നൽകും. കേരള നഴ്സസ് ആൻഡ് മിഡ് വൈവ്സ് കൗൺസിലിന്റെ രജിസ്ട്രേഷൻ ഉള്ളവരുടെ ആശ്രിതർക്കാണ് സഹായം നൽകുക. കോവിഡ് കാലത്ത് ജോലിക്കു വരുമ്പോഴോ പോകുമ്പോഴോ അപകടത്തിൽപ്പെട്ട് മരിച്ച നഴ്സുമാരുടെ ആശ്രിതർക്കും സഹായധനത്തിന് അർഹതയുണ്ട്.

സ്വന്തം ഫണ്ടിൽനിന്ന് നഴ്സുമാർക്ക് സഹായം നൽകാനുള്ള കൗൺസിൽ തീരുമാനത്തിന് സർക്കാർ അനുമതി നൽകി. കേരള നഴ്സിങ് കൗൺസിൽ രജിസ്ട്രേഷൻ നേടിയശേഷം സംസ്ഥാനത്തിനുപുറത്ത് ജോലിചെയ്യുന്നവർ അതത് സംസ്ഥാനങ്ങളിലെ കൗൺസിലിൽ രജിസ്റ്റർ ചെയ്യണം. ഇങ്ങനെയുള്ളവരുടെ കേരളത്തിലെ രജിസ്ട്രേഷൻ സാധുവല്ലാത്തതിനാൽ കേരളത്തിനു പുറത്ത് കോവിഡ് ബാധിച്ച് മരിച്ച നഴ്സുമാർക്ക് സഹായത്തിന് അർഹതയില്ലെന്ന് കൗൺസിൽ അധികൃതർ പറഞ്ഞു. ഇതിൽ വ്യക്തതവരുത്തിയാകും അപേക്ഷ സ്വീകരിക്കുക.