കോവിഡ് എന്ന മഹാമാരി അവസാനിക്കുകയില്ലെന്നും ഇനിയുള്ള കാലം മനുഷ്യർ ഈ മഹാമാരിക്കൊപ്പം ജീവിക്കാൻ നിർബന്ധിതരാണെന്നുമുള്ള പ്രവചനം അന്വർത്ഥമാക്കും വണ്ണം കൊറോണയുടെ മറ്റൊരു വകഭേദത്തെ കൂടി കണ്ടെത്തിയിരിക്കുന്നു.

ഡെൽറ്റ വകഭേദത്തെ ലോകം ഒരുവിധം നിയന്ത്രണത്തിലാക്കി കൊണ്ടുവരുമ്പോഴാണ് അതിവ്യാപനശെഷിയുള്ളതെന്ന് വിശ്വസിക്കപ്പെടുന്ന പുതിയ വകഭേദത്തെ കണ്ടെത്തിയിരിക്കുന്നത്. കൊളംബിയയിൽ നിന്നും ഉദ്ഭവിച്ചത് എന്ന് വിശ്വസിക്കപ്പെടുന്ന, ബി 1.621 എന്ന് ശാസ്ത്രീയ നാമം നൽകിയിട്ടുള്ള ഈ വകഭേദത്തെ ഇതുവരെ പതിനാറുപേരിലാണ് കണ്ടെത്തിയിരിക്കുന്നത്.

നിലവിൽ ഇംഗ്ലണ്ടിലെ കോവിഡ് ബാധയുടെ 99 ശതമാനം വരുന്ന ഡെൽറ്റ വകഭേദത്തേക്കാൾ അപകടകാരിയാണ് ഈ പുതിയ വകഭേദം എന്ന് തെളിയിക്കുവാൻ ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് പറയുന്നത്. മാത്രമല്ല, നിലവിലുള്ള ഏതെങ്കിലും വാക്സിനെതിരെ ഇതിന് പ്രതിരോധ ശേഷിയുള്ളതായും കണ്ടെത്തിയില്ല. ഇത് സാമൂഹിക വ്യാപനം നടത്തുന്നതായും കണ്ടെത്തിയിട്ടില്ല. എന്നാൽ, ആശങ്കപ്പെടേണ്ട രീതിയിലുള്ള ചില ജനിതകമാറ്റങ്ങൾ ഇതിന് സംഭവിച്ചിട്ടുണ്ട്.

ആൽഫ വകഭേദത്തിന്റെ വ്യാപനശേഷി വർദ്ധിപ്പിച്ച എ 501 വൈ എന്ന ജനിതകമാറ്റം ഇതിലും കണ്ടെത്തിയിട്ടുണ്ട്. അതുപോലെ വാക്സിനെതിരെ പ്രതിരോധമുയർത്താൻ ബീറ്റ വകഭേദത്തെ സഹായിക്കുന്നു എന്ന് വിശ്വസിക്കപ്പെടുന്ന ഇ 484കെ എന്ന ജനിതകമാറ്റവും ഇതിൽ കണ്ടെത്തിയിട്ടുണ്ട്. സാർസ്-കോവ്-2 വൈറസ് പെരുകുംതോറും ചില ജനിതക തകരാറുകൾ മൂലം കൂടെക്കൂടെ ജനിതകമാറ്റത്തിന് വിധേയമാകുന്നുണ്ട്. ഒട്ടുമിക്ക ജനിതകമാറ്റങ്ങളും അപകടകാരികളല്ല.

എന്നാൽ, ഇത്തരത്തിലുള്ള ജനിതക മാറ്റങ്ങളുടെ ഫലമായി വ്യാപനശേഷി വർദ്ധിക്കുകയോ അല്ലെങ്കിൽ മനുഷ്യ ശരീരത്തിൽ കൂടുതൽ കാലം ആധിവസിക്കുവാനുള്ള കഴിവ് നേടുകയോ ചെയ്താൽ അത് അപകടകരമാണ്. ഇതുവഴി വ്യാപനതോത് വർദ്ധിക്കുവാനും വൈറസിനെ അടുത്ത തലമുറയിലേക്ക് കൂടി കൈമാറുവാനും കഴിഞ്ഞേക്കും. ഇക്കഴിഞ്ഞ ജനുവരിയിൽ കൊളംബിയയിലാണ് ലോകാരോഗ്യ സംഘടന ബി. 161 എന്ന വകഭേദത്തെ ആദ്യമായി കണ്ടെത്തിയത്.

ഇതിനുശേഷം അമേരിക്ക, സ്പെയിൻ, മെക്സിക്കൊ, നെതർലൻഡ്സ് എന്നിവയുൾപ്പടെ 25 രാജ്യങ്ങളിൽ ഇതിന്റെ സാന്നിദ്ധ്യം സ്ഥിരീകരിക്കപ്പെട്ടു. ഇംഗ്ലണ്ടിൽ ഇതുവരെ 16 കോവിഡ് രോഗികളിൽ ഇതിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവയിൽ അധികവും ലണ്ടനിൽ തന്നെയാണ് കണ്ടെത്തിയത്. മാത്രമല്ല, ഈ വകഭേദത്തിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചവരിൽ ഭൂരിഭാഗവും 30 വയസ്സിൽ താഴെ പ്രായമുള്ളവരും ആണ്.

സാമൂഹ്യവ്യാപനം നടന്നിട്ടില്ലെന്ന് പബ്ലിക് ഹെൽത്ത്ഇംഗ്ലണ്ട് പറയുമ്പോഴും, ഈ വകഭേദം സ്ഥിരീകരിച്ചവരിൽ മൂന്നു പേർ മാത്രമാണ് വിദേശ യാത്ര നടത്തിയത് എന്ന യാഥാർത്ഥ്യവും നിലനിൽക്കുന്നു.