കോവിഡ് വാക്സിന്റെ രണ്ടാം ഡോസിനായി ധൃതികൂട്ടരുതെന്ന നിർദ്ദേശം വന്നിരിക്കുന്നു. ധൃതി കൂട്ടി ഒരു നിശ്ചിത സമയത്തിനു മുൻപായി രണ്ടാം ഡോസ് എടുത്താൽ ഫലസിദ്ധി കുറവായിരിക്കുമത്രെ. രാജ്യത്തെ ഏറ്റവും മികച്ച യൂണിവേഴ്സിറ്റികളിൽ നിന്നുള്ള ഒരു കൂട്ടം ശാസ്ത്രജ്ഞന്മാർ നടത്തിയ പഠനത്തിൽ തെളിഞ്ഞത് വാക്സിന്റെ രണ്ടു ഡോസുകൾക്കുമിടയിൽ, കുറഞ്ഞത് ആറാഴ്‌ച്ചത്തെ ഇടവേളയുള്ളത് പ്രതിരോധ ശേഷി വർദ്ധിപ്പിക്കുമെന്നാണ്. ഇടവേള എട്ടാഴ്‌ച്ചയെങ്കിൽ ഇനിയും നല്ലത്.

വേനൽക്കാലത്തെ ക്വാറന്റൈൻ ഇല്ലാതെ വിദേശയാത്ര നടത്തുവാൻ ചെറുപ്പക്കാർ വാക്സിന്റെ രണ്ടു ഡോസുകളും എളുപ്പത്തിൽ പൂർത്തിയാക്കാൻ നെട്ടോട്ടമോടുന്നതിനിടയിലാണ് ഈ പഠന റിപ്പോർട്ട് പുറത്തുവന്നത്. ചില വാക്സിൻ കേന്ദ്രങ്ങളിൽ നേരിട്ട് ചെന്ന് വാക്സിൻ എടുക്കാവുന്ന സ്ഥിതിയാണുള്ളത്. ഫൈസറിന്റെ ഒന്നാം ഡോസ് എടുത്ത് മൂന്നാഴ്‌ച്ച കഴിഞ്ഞവർക്ക് വരെ ഇത്തരം കേന്ദ്രങ്ങളിൽ രണ്ടാം ഡോസ് നൽകുന്നുണ്ട്. ആംബർ ലിസ്റ്റിൽ ഉൾപ്പെട്ട രാജ്യങ്ങളീൽ സന്ദർശനം നടത്തി തിരിച്ചെത്തുമ്പോൾ വാക്സിന്റെ രണ്ടു ഡോസുകളും എടുത്തവർക്ക് ക്വാറന്റൈൻ ആവശ്യമില്ല എന്ന നിയമമാണ് രണ്ടാം ഡോസിനുള്ള തിരക്ക് വർദ്ധിപ്പിച്ചത്..

അഞ്ഞൂറോളം എൻ എച്ച് എസ് ജീവനക്കാരിൽ നടത്തിയ പഠനത്തിൽ തെളിഞ്ഞത് മൂന്നാഴ്‌ച്ചയ്ക്ക് പകരമായി പത്ത് ആഴ്‌ച്ചവരെ കത്തുനിന്നതിനാൽ ശരീരത്തിൽ ഉദ്പാദിപ്പിക്കപ്പെടുന്ന ആന്റിബോഡികളുടെ എണ്ണം ഇരട്ടിയായി എന്നാണ്. ഇന്തയിൽ നിന്നെത്തിയ ഡെൽറ്റാ വകഭേദത്തെ ചെറുക്കാൻ ഇത് ഫലപ്രദമാവുകയും ചെയ്തു. ഈ പഠനത്തെ നയിച്ച ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ മെഡിക്കൽമൈക്രോബയോളജിസ്റ്റ് പ്രൊഫസർ സൂസന്ന ഡുണാക്കെ പറയുന്നത് എട്ടാഴ്‌ച്ചത്തെ ഇടവേളയാണ് ഏറ്റവുംനല്ലതെന്നാണ്.

രണ്ട് ഡോസുകൾ എടുത്തവർക്ക് എൻ എച്ച് എസ് കോവിഡ്-19 ആപ്പ് നിർദ്ദേശിച്ചാലും സെൽഫ് ഐസൊലേഷനിൽ പോകണമെന്ന നിയന്ത്രണം അടുത്തമാസം എടുത്തുമാറ്റുവാൻ തീരുമാനിച്ചിരിക്കെ കൂടുതൽ പേർ പെട്ടെന്നുതന്നെ രണ്ടാം ഡോസെടുക്കാൻ ശ്രമിക്കും. ഇത് വാക്സിന്റെ ഫലപ്രാപ്തി കുറച്ചേക്കും. നേരത്തേ ഫൈസറിന്റെയും അസ്ട്രസെനെകയുടെയും വാക്സിനുകളുടെ രണ്ടുഡോസുകൾ തമ്മിലുള്ള ഇടവേള12 ആഴ്‌ച്ചയാക്കിയാൽ ഏറ്റവും നല്ല ഫലം ലഭിക്കുമെന്ന ഒരു റിപ്പോർട്ട് വന്നിരുന്നു.

എന്നാൽ പരമാവധിപേർക്ക് വാക്സിൻ നൽകുക എന്ന ഉദ്ദേശ്യത്തിൽ സർക്കാർ ഈ കാലാവധിയിൽ ഇളവു വരുത്തുകയായിരുന്നു. തണുപ്പ് വർദ്ധിക്കുന്നതിനുമുൻപായി പരമാവധിപേർക്ക് വാക്സിന്റെ രണ്ടു ഡോസുകളും നൽകുക എന്നതായിരുന്നു ഉദ്ദേശം.