- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാരുതി സുസുക്കിയും ഇലക്ട്രിക്കാവുന്നു; കോംപാക്ട് മോഡലിന് വില പത്ത് ലക്ഷത്തിൽ താഴെ
ഇന്ത്യയിൽ ഇലക്ട്രിക് വാഹനം പ്രഖ്യാപിച്ച് മാരുതിയുമായി സഹകരിക്കുന്ന ജാപ്പനീസ് വാഹന നിർമ്മാതാക്കളായ സുസുക്കി. മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ കീഴിൽ ഇന്ത്യയിൽ ആയിരിക്കും സുസുക്കിയുടെ ആദ്യ ഇലക്ട്രിക് വാഹനം എത്തുകയെന്നാണ് റിപ്പോർട്ട്. സുസുക്കിയുടെ ഇന്ത്യയിലെ സ്വാധീനം കണക്കിലെടുത്താണ് ഈ തീരുമാനം.
കോംപാക്ട് വാഹന ശ്രേണിയിലായിരിക്കും ആദ്യ ഇലക്ട്രിക് വാഹനം എത്തുകയെന്നാണ് വിവരം.ഇന്ത്യയിലെ അവതരണത്തിന് പിന്നാലെ തന്നെ സുസുക്കിയുടെ ജന്മനാടായ ജപ്പാനിലും പിന്നീട് യൂറോപ്യൻ രാജ്യങ്ങളിലും ഈ ഇലക്ട്രിക് വാഹനം എത്തിക്കുമെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ വിപണിയിൽ ലഭ്യമായ ഇലക്ട്രിക് വാഹനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കുറഞ്ഞ വിലയിൽ ഈ വാഹനം വിൽപ്പനയ്ക്ക് എത്തുമെന്നാണ് അറിയുന്നത്.
13,700 ഡോളറാണ് (10.19 ലക്ഷം രൂപ) പ്രതീക്ഷിക്കുന്ന വില. ഇന്ത്യയിൽ സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള സബ്സിഡി കുറച്ച് 10 ലക്ഷത്തിൽ താഴെ ഈ വാഹനം ലഭ്യമാക്കും. പ്രതിവർഷം 30 ലക്ഷത്തോളം വാഹനങ്ങൾ വിൽക്കുന്ന ഇന്ത്യൻ വാഹന വിപണിയിൽ ഇലക്ട്രിക്കിന്റെ സ്വാധീനം വളരെ ചെറുതാണെന്നാണ് വിലയിരുത്തൽ. എന്നാൽ 2030-ഓടെ ഇന്ത്യയിൽ വിൽക്കുന്ന വാഹനങ്ങളുടെ 30 ശതമാനവും ഇലക്ട്രിക്ക് വാഹനങ്ങളാക്കാനുള്ള ശ്രമങ്ങളും രാജ്യം നടത്തുന്നണ്ട്. ഇതിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇലക്ട്രിക് വാഹന നയം പ്രഖ്യാപിക്കുകയും ആനുകൂല്യങ്ങൾ ഒരുക്കുകയും ചെയ്യുന്നുണ്ട്.
വാഗൺആറിന്റെ ഇലക്ട്രിക് മോഡലായിരിക്കും മാരുതി ഇന്ത്യയിൽ എത്തിക്കുന്ന ആദ്യ ഇലക്ട്രിക് മോഡൽ എന്നായിരുന്നു ആദ്യ പ്രഖ്യാപനം. ഇതിനുപിന്നാലെ ഈ വാഹനം പലതവണയായി പരീക്ഷണയോട്ടം നടത്തുകയും ചെയ്തിരുന്നു. എന്നാൽ, ഇലക്ട്രിക് വാഹനം എത്തിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ രാജ്യത്ത് അപര്യാപ്തമാണെന്നായിരുന്നു മാരുതിയുടെ വിലയിരുത്തൽ.