- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമിത്ഷാ സഹകരണ മന്ത്രിയായപ്പോൾ കേരളത്തിൽ പ്രതിഷേധം ഉയരാൻ കാരണം കള്ളപ്പണം പിടിക്കപ്പെടുമോ എന്ന ഭയം; കരുവന്നൂരിലെ ക്രൈംബ്രാഞ്ച് അന്വേഷണം കേസ് അട്ടിമറിക്കാനെന്ന് കെ സുരേന്ദ്രൻ
തിരുവനന്തപുരം: കരുവന്നൂരിലെ സഹകരണ ബാങ്ക് തട്ടിപ്പിൽ ക്രൈംബാഞ്ച് അന്വേഷണം നടക്കുന്നത് കേസ് അട്ടിമറിക്കാനുള്ള ആസൂത്രിതമായ ഗൂഢാലോചനയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. കരുവന്നൂരിലേത് സംസ്ഥാനം കണ്ടതിൽ വെച്ച് ഏറ്റവും വലിയ ബാങ്ക് തട്ടിപ്പാണെന്നും തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
കേന്ദ്ര ഏജൻസികൾ വരുമോയെന്ന ഭയം മൂലമാണ് സർക്കാർ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നത്. അന്വേഷണം നടത്തിയാൽ ഉന്നത സിപിഎം നേതാക്കളുടെ പങ്ക് പുറത്തുവരും. ബാങ്ക് തട്ടിപ്പിന്റെ ഫയലുകൾ സിപിഎം നേതാക്കൾ പൂഴ്‌ത്തി വെച്ചിരിക്കുകയാണ്. സഹകരണ ബാങ്കുകളിൽ സിപിഎമ്മിന് കോടിക്കണക്കിന് രൂപയുടെ കള്ളപ്പണമുണ്ട്. തിരഞ്ഞെടുപ്പിൽ കള്ളപ്പണം ഉപയോഗിക്കാൻ സിപിഎം സഹകരണ ബാങ്കുകളെ ഉപയോഗിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ഭാര്യയായ ഇപ്പോഴത്തെ മന്ത്രി മത്സരിച്ച മണ്ഡലത്തിലേക്കുള്ള കള്ളപ്പണം കരുവന്നൂരിൽ നിന്നാണ് പോയത്. എസി മൊയ്തീന്റെ ബന്ധുക്കളാണ് തട്ടിപ്പിന് പിന്നിലെ ബുദ്ധികേന്ദ്രങ്ങൾ.
സിപിഎം നിയന്ത്രണത്തിലുള്ള 106 സഹകരണബാങ്കുകളിൽ തട്ടിപ്പ് നടന്നിട്ടുണ്ട്. കരുവന്നൂർ ബാങ്കിലെ നിക്ഷേപകർ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ബാങ്കിലെ പണം ഉപയോഗിച്ചെന്ന് പറഞ്ഞതിനെ കുറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷിക്കണം. തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സിപിഎം സഹകരണ ബാങ്കിലെ കള്ളപ്പണം ഉപയോഗിച്ചതിനെതിരെ ബിജെപി കമ്മീഷനെ സമീപിക്കും. സഹകരണരംഗത്തെ വിശ്വാസത തകർക്കരുതെന്നാണ് മുഖ്യമന്ത്രി പറയുന്നത്. സഹകരണ പ്രസ്ഥാനങ്ങളുടെ വിശ്വാസത തകർക്കുന്നത് സിപിഎമ്മാണെന്ന് മുഖ്യമന്ത്രി ഓർമ്മിക്കണം.
അമിത്ഷാ സഹകരണ മന്ത്രിയായപ്പോൾ കേരളത്തിൽ പ്രതിഷേധം ഉയരാൻ കാരണം കള്ളപ്പണം പിടിക്കപ്പെടുമോ എന്ന ഭയമാണ്. കള്ളപ്പണ ലോബിയെ സംരക്ഷിക്കാനാണ് ഭരണ-പ്രതിപക്ഷങ്ങൾ പ്രതിഷേധിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.