തിരുവനന്തപുരം: റേഷൻ കടകൾ വഴിയുള്ള സൗജന്യ ഓണക്കിറ്റ് വിതരണം ഈ മാസം 31 മുതൽ ആരംഭിക്കും. ഓഗസ്റ്റ് 16-നകം വിതരണം പൂർത്തിയാക്കും. ജൂൺ മാസത്തെ കിറ്റ് വിതരണം ഈ മാസം 28ന് അവസാനിപ്പിക്കാനും ഭക്ഷ്യ സിവിൽ സപ്ലൈസ് ഡയറക്ടർ നിർദ്ദേശം നൽകി.

മഞ്ഞ കാർഡ് (എഎവൈ) 31 മുതൽ ഓഗസ്റ്റ് രണ്ട് വരെയും പിങ്ക് കാർഡുകാർക്ക് (പിഎച്ച്എച്ച്) ഓഗസ്റ്റ് നാല് മുതൽ ഏഴ് വരെയും നീല കാർഡുകാർക്ക് (എൻപിഎസ്) ഒൻപത് മുതൽ 12 വരെയും വെള്ള കാർഡുകാർക്ക് 13 മുതൽ 16 വരെയുമാണ് കിറ്റ് വിതരണം.

ഓണം പ്രമാണിച്ച് മധുരവും പായസ കൂട്ടും അടക്കം 16 ഇനങ്ങളാണ് ഇത്തവണ കിറ്റിലുള്ളത്. മധുരത്തിനായി മിഠായി പൊതിക്കു പകരം ക്രീം ബിസ്‌ക്കറ്റ് ഓണക്കിറ്റിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും പണച്ചെലവ് കൂടുതലാണെന്നു കണക്കാക്കി പട്ടികയിൽ നിന്നു നീക്കി.പഞ്ചസാര, വെളിച്ചെണ്ണ, ചെറുപയർ, തുവരപ്പരിപ്പ്, തേയില, മുളകുപൊടി, ഉപ്പ്, മഞ്ഞൾ, ആട്ട, ഉപ്പേരി, പായസം തയാറാക്കാനുള്ള സേമിയ/പാലട/ഉണക്കലരി എന്നിവയിൽ ഏതെങ്കിലും ഒന്ന്, ഏലയ്ക്ക, അണ്ടിപ്പരിപ്പ് എന്നിവ കിറ്റിലുണ്ടാകും. ഒരു കിറ്റിന് 570 രൂപ ആകുമെന്നാണ് സർക്കാർ കണക്കാക്കുന്നത്.