- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഹാരിയുടെ പുസ്തകം ഇല്ലാതെയാക്കുന്നത് ചാൾസിന്റെ ഭാവിയെ; അതുവഴി അസ്ഥിരപ്പെടുത്തുന്നത് ബ്രിട്ടീഷ് രാജവംശത്തെ; ഹാരിയുടെ ആത്മകഥ ബ്രിട്ടീഷ് കൊട്ടാരത്തിന്റെ അകത്തളങ്ങളിൽ ഭയം വിതറുമ്പോൾ
രണ്ടും കല്പിച്ചിറങ്ങിയിരിക്കുകയാണ് ഹാരി എന്ന രാജകുമാരൻ. ഓപ്ര വിൻഫ്രിയുമായുള്ള വിവാദ അഭിമുഖവും ശിശു സംരക്ഷണത്തെ കുറിച്ചുള്ള പോഡ്കാസ്റ്റുമൊക്കെ ഏറ്റവുമധികം ആശങ്കയുയർത്തിയത് സ്വന്തം കുടുംബത്തിലായിരുന്നു. വംശീയ വിവേചനം മുതൽ മനുഷ്യത്വ രഹിതമായ പെരുമാറ്റം വരെ സ്വന്തം കുടുംബാംഗങ്ങളിൽ ആരോപിച്ച ഹാരിയുടെ, ഇനി പുറത്തിറങ്ങാൻ പോകുന്ന പുസ്തകം ബ്രിട്ടീഷ് രാജകുടുംബത്തെ അക്ഷരാർത്ഥത്തിൽ ഭയത്തിൽ ആഴ്‌ത്തിയിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അടുത്ത കിരീടാവകാശിയായ ചാൾസിനെയായിരിക്കും അത് ഏറ്റവും അധികം ബാധിക്കുക എന്നാണ് കൊട്ടാരം വൃത്തങ്ങൾ കരുതുന്നത്. ഒരു പക്ഷെ ചാൾസിന്റെ ജനസമ്മതിയും കീർത്തിയും തച്ചുടക്കാനുള്ള ആരോപണങ്ങൾ അതിലുണ്ടെങ്കിൽ അത് രാജകുടുംബത്തെ മൊത്തമായി തന്നെ ബാധിച്ചേക്കും എന്നും അവർ കരുതുന്നു. അടുത്തവർഷം ഇറങ്ങാൻ പോകുന്ന പുസ്തകത്തേക്കാൾ കൊട്ടാരം ഭയക്കുന്നത് രണ്ടാമത്തെ പുസ്തകം പ്രസിദ്ധീകരിക്കുക രാജ്ഞിയുടെ മരണശേഷമായിരിക്കുമെന്നവാർത്തയേയാണ്.
ചാൾസിന് അധികാരം കൈമാറുന്നതുപോലും അത് തടസ്സപ്പെടുത്തിയേക്കാം എന്നൊരു അഭിപ്രായം ഉയർന്നു വരുന്നു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി അധികാര കൈമാറ്റത്തിനുള്ള നടപടികൾ നടന്നുവരികയാണ്. തന്റെ രണ്ടു പുസ്തകങ്ങളിൽ ആദ്യത്തേത് അടുത്തവർഷമ്പ്രസിദ്ധീകരിക്കുമെന്നാണ് ഹാരി സ്ഥിരീകരിച്ചിരിക്കുന്നത്. തന്നെ താനാക്കിയ അനുഭവങ്ങളും, ജീവിത പരാജയങ്ങളും , അവയിൽ നിന്നും പഠിച്ച പാഠങ്ങളുമൊക്കെ ഉൾക്കൊള്ളുന്ന പുസ്തകം അമ്മ ഡയാനയുടെ ഇരുപത്തഞ്ചാം ചരമവാർഷികത്തോട് അനുബന്ധിച്ചായിരിക്കും പ്രസിദ്ധീകരിക്കുക.
എന്നാൽ, ഇതേ സമയത്താണ് എലിസബത്ത് രാജ്ഞിയുടെ സിംഹാസനാരോഹണത്തിന്റെ പ്ലാറ്റിനം ജൂബിലി എന്നതും കൊട്ടാരത്തെ ഏറെ വിഷമിപ്പിക്കുന്നു. ഇതുവരെയുള്ള അനുഭവത്തിന്റെ വെളിച്ചത്തിൽ, ഹാരിയുടെ പുസ്തകത്തിൽ രാജകൊട്ടാരത്തിനെതിരെ ആരോപണങ്ങൾ ഉണ്ടാകുമെന്നത് ഏതാണ്ട് ഉറപ്പാണ്. പ്ലാറ്റിനം ജൂബിലി പോലൊരു അവസരത്തിൽ അനാവശ്യ ആരോപണങ്ങൾ ഉയരുന്നത് ആഘോഷങ്ങളുടെ മാറ്റു കുറയ്ക്കുമെന്ന് രാജകൊട്ടാരം ഭയപ്പെടുന്നു.
തന്റെ ഭർത്താവിന്റെ മരണത്തിനു ശേഷം ഒരു വർഷം പോലും തികയുന്നതിനു മുൻപ് പ്രസിദ്ധീകരിക്കപ്പെടുന്ന പുസ്തകത്തെ കുറിച്ച് രാജ്ഞി അതീവ ഉത്കണ്ഠാകുലയാണെനാണ് കൊട്ടാരം വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ഏതായാലും ഇക്കാര്യത്തിൽ പരസ്യ പ്രതികരണം വേണ്ട എന്നാണ് കൊട്ടാരത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും തീരുമാനിച്ചിരിക്കുന്നത്. എരിതീയിൽ എണ്ണയൊഴിക്കലാകും അത്തരത്തിലുള്ള പ്രതികരണങ്ങൾ എന്ന് അവർ മനസ്സിലാക്കുന്നു.
രാജ്ഞി ബാൽമോറലിൽ വേനലവധി ചെലവഴിക്കാൻ എത്തിയ സന്ദർഭത്തിലാണ് ആരോഗ്യവുമായി ബന്ധപ്പെട്ട് മേഗൻ എഴുതിയ ഒരു പുസ്തകം ഉൾപ്പടെ നാലു പുസ്തകങ്ങൾ ഹാരിയും മേഗനും പ്രസിദ്ധീകരിക്കുന്നു എന്ന വാർത്ത പുറത്തുവന്നത്. ഇത് സ്ഥിരീകരിച്ച ഹാരിയുടെ വക്താവാണ് രണ്ടാമത്തെ പുസ്തകം രാജ്ഞിയുടെ മരണശേഷം മാത്രമേ പ്രസിദ്ധീകരിക്കൂ എന്ന വാർത്തയും പുറത്തുവിട്ടത്.
അഛനോടും സഹോദരനോടും അകലം പാലിക്കുമ്പോഴും പിതൃസഹോദര പുത്രിമാരായ ബിയാട്രീസ് രാജകുമാരിയും യൂജിനി രാജകുമാരിയും ഹാരിയോട് സ്നേഹവും അനുകമ്പയും പുലർത്തുന്നുണ്ട്. പണ്ട് കൊട്ടാരത്തിനുള്ളിൽ അവഗണിക്കപ്പെട്ടിരുന്നതായിരുന്നു ഹാരിയുടെ ശബ്ദം. ആ അവഗണനയാണ് എല്ലാം തുറന്നടിക്കാൻ ഹാരിയെ പ്രേരിപ്പിക്കുന്നത് എന്നാണ് അവർ കരുതുന്നത്.
കൊട്ടാരത്തിനകത്ത് വെറുമൊരു കോമാളിയായി കണക്കാക്കപ്പെട്ടിരുന്ന ഒരു ഭൂതകാലം മനസ്സിൽ സൃഷ്ടിച്ച മുറിവുകളാണ് ഹാരിയെ കൊട്ടാരത്തിനെതിരെ വീറോടെ പോരാടാൻ സജ്ജമാക്കുന്നത് എന്നും അവർ കരുതുന്നു.