ന്നലെ ബ്രിട്ടനിൽ 31,795 പേർക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിക്കപ്പെട്ടത്. കഴിഞ്ഞയാഴ്‌ച്ചയിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ 41 ശതമാനത്തിന്റെ കുറവാണ് ഇക്കാര്യത്തിൽ ഉണ്ടായിരിക്കുന്നത്. തുടർച്ചയായി നാലാം ദിവസമാണ് പ്രതിദിന രോഗബ്വാധിതരുടെ എണ്ണത്തിൽ കുറവ് ദർശിക്കുന്നത്. ചില സാങ്കേതിക പ്രശ്നങ്ങളാൽ ഇംഗ്ലണ്ടിലെ ഇന്നലത്തെ കോവിഡ് മരണസംഖ്യ ഇനിയും ലഭ്യമായിട്ടില്ല. സ്‌കോട്ട്ലാൻഡിൽ ഇന്നലെ 11 കോവിഡ് മരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.

അതേസമയം നാലരക്കോടിയിലേറെ ബ്രിട്ടീഷുകാർക്ക് വാക്സിന്റെ ആദ്യ ഡോസ് ലഭിച്ചുകഴിഞ്ഞു. മൂന്നരക്കോടിയിലേറെ പേർക്ക് രണ്ടു ഡോസുകളും ലഭിച്ചിട്ടുണ്ട്. എന്നിരുന്നാലും ചികിത്സതേറ്റി ആശുപത്രികളിലെത്തുന്ന കോവിഡ് രോഗികളുടെ എണ്ണത്തിൽ ഉണ്ടാകുന്ന വർദ്ധനവ് ആശങ്കയുണർത്തുന്നുണ്ട്. മൂന്നാം തരംഗത്തിന്റെ സാധ്യത തള്ളിക്കളയാനാകില്ല എന്ന വിദഗ്ദരുടെ മുന്നറിയിപ്പും രാജ്യത്തെ കൂടുതൽ ജാഗരൂകരാക്കിയിട്ടുണ്ട്.

അടുത്ത ഒരാഴ്‌ച്ചയോടെ മൂന്നാം തരംഗം അതിന്റെ പൂർണ്ണ ശക്തിയോടെ എത്തുമെന്നാണ് ചിലർ നൽകുന്ന മുന്നറിയിപ്പ്. പ്രതിവാരം 1 ലക്ഷം പുതിയ രോഗികൾ വരെ ഉണ്ടായേക്കാവുന്ന ഈ തരംഗം ശരത്ക്കാലത്തിന്റെ അവസാനം വരെ തുടരുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു. ഇംഗ്ലണ്ടിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പൂർണ്ണമായും എടുത്തുകളഞ്ഞത് രോഗവ്യാപനത്തിന്റെ ആക്കം വർദ്ധിപ്പിക്കുമെന്ന് ശാസ്ത്രോപദേശക സമിതി അംഗവും ലണ്ടൻ സ്‌കൂൾ ഓഫ് ഹൈജീൻ ആൻഡ് ട്രോപ്പിക്കൽ മെഡിസിൻഡയറക്ടറുമായ പ്രൊഫസർ ജോൺ എഡ്മണ്ട്സ് മുന്നറിയിപ്പ് നൽകുന്നു.

അതേസമയം എൻ എച്ച് എസിന്റെ കോവിഡ് 19 ആപ്പിന്റെ സെൽഫ് ഐസൊലേഷനുള്ള നിർദ്ദേശം പല മേഖലകളെയും നിശ്ചലമാക്കാൻ തുടങ്ങിയതായി റിപ്പോർട്ടുകൾ വരുന്നുണ്ട്. പൊലീസ് ഉദ്യോഗസ്ഥർ, ആരോഗ്യ പ്രവർത്തകർ, അതിർത്തി രക്ഷാ സൈനികർ, ട്രാൻസ്പോർട്ട് ജീവനക്കാർ, അഗ്‌നിശമന ജീവനക്കാർതുടങ്ങിയവരെ സെൽഫ് ഐസൊലേഷനിൽ പോകേണ്ടതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എന്നിരുന്നാലും അവരുടെ തൊഴിലുടമയോ മേലധികാരികളോ പരാമർശിക്കുകയും വാക്സിൻ രണ്ട് ഡോസുകളും എടുക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളു.

ജീവനക്കാരുടെ ക്ഷാമം നേരിടുന്ന അവസരത്തിൽ സർക്കാർ പുതിയ 200 രോഗപരിശോധനാ കേന്ദ്രങ്ങൾ കൂടി തുറന്നു. ഇവിടെ ആരു പരിശോധന നടത്തുമെന്ന കാര്യത്തിൽ ആശയക്കുഴപ്പം നിലനിൽക്കുകയാണ്. മാത്രമല്ല, ഇത് തുറക്കാൻ സർക്കാർ ഇത്രയും വൈകിയതെന്ത് എന്ന ചോദ്യത്തിനും മറുപടിയില്ല. അതിനിടെ ഇ-ഗെയ്റ്റ് പ്രവർത്തന രഹിതമായതിനെ തുടർന്ന് ഹീത്രൂ വിമാനത്താവളത്തിൽ എത്തിയ യാത്രക്കാർക്ക് പരിശോധനകൾ കഴിഞ്ഞ് പുറത്തിറങ്ങുവാൻ മൂന്ന് മണിക്കൂറോളം കാത്തുനിൽക്കേണ്ടി വന്നു. നൂറുകണക്കിന് യാത്രക്കാരെ പരിശോധിക്കുവാൻ കേവലം ഒരു ഉദ്യോഗസ്ഥൻ മാത്രമാണ് ഉണ്ടായിരുന്നത്.