രിത്രം വഴിമാറും ചിലർ വരുമ്പോൾ എന്നത് ഏറെ പ്രശസ്തമായ ഒരു പരസ്യവാക്യമാണ്. എന്നാൽ, കഠിനാദ്ധ്വാനവും അർപ്പണമനോഭാവവും ഉണ്ടെങ്കിൽ ആർക്കും ചരിത്രം സൃഷ്ടിക്കാനാവും എന്ന് സ്വന്തം ജീവിതത്തിലൂടെ തെളിയിച്ചിരിക്കുകയാണ് ലണ്ടനിലെ ഡൊമിനിക് ഡി ചേവീടൻ എന്ന മലയാളി യുവാവ്. കുടിയേറ്റക്കാരുടെ അനന്യസാധാരണമായ ജീവിതകഥകൾ പറയുന്ന ലണ്ടനിലെ മൈഗ്രേഷൻ മ്യുസിയത്തിൽ ഇനിമുതൽ ഡൊമിനിക്കിന്റെ കുടിയേറ്റകഥയും പ്രദർശനത്തിനുണ്ടാകും

കടലുകൾ താണ്ടി, ജന്മനാട്ടിൽ നിന്നും കാതങ്ങൾ അകലെയുള്ള വിദേശത്ത് ഡൊമിനിക് എത്തുന്നത് ബിസിനസ്സ് മാനേജ്മെന്റിൽ എം എസ് സി കോഴ്സ് ചെയ്യുവാനാണ്. സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിലെ മണ്ണിൽ പക്ഷെ പനിനീർ പൂക്കൾ വിരിച്ച പാതയായിരുന്നില്ല ഡൊമിനിക്കിനെ സ്വാഗതം ചെയ്തത്. കഷ്ടപ്പാടുകൾക്കിടയിലും തന്റെ നിശ്ചയദാർഢ്യം അയാൾ പക്ഷെ കൈവെടിഞ്ഞില്ല. കിട്ടിയ ജോലികൾ മുഴുവൻ ചെയ്തും ഏറെ അദ്ധ്വാനിച്ചും ജീവിതവും പഠനവും മുന്നോട്ട് കൊണ്ടുപോയ ഡൊമിനിക് ഇന്ന് ലണ്ടനിൽ പ്രമുഖനായ ഒരു റിയൽ എസ്റ്റേറ്റ് ഏജന്റിന്റെ സീനിയർ നെഗോഷിയേറ്ററാണ്.

കേരളത്തിൽ നിന്നെത്തിയ ഡൊമിനിക് പാർട്ട് ടൈം ജോലികൾ ചെയ്തിട്ടായിരുന്നു പഠനം തുടർന്നത്. ബ്രോംലി സൗത്ത് സ്റ്റേഷനിൽ ഈവനിങ് സ്റ്റാൻഡേർഡ് ന്യുസ് പേപ്പർ വിതരണം ചെയ്യുക എന്നതായിരുന്നു തന്റെ ആദ്യകാല തൊഴിലുകളിലൊന്ന് എന്ന് ഡൊമിനിക് ഓർക്കുന്നു. കണ്ടുമുട്ടുന്ന ആരുമായും സംസാരിക്കാനുള്ള കഴിവ് സ്വായത്തമാക്കിയത് ആ ജോലിയിൽ നിന്നായിരുന്നു. ആദ്യമാദ്യം പത്രം വാങ്ങി ചിരിച്ചുകൊണ്ട് സ്ഥലം വിട്ടിരുന്ന ഉപഭോക്താക്കളിൽ ചിലർ ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ കുറച്ചു നേരം തന്നോട് സംസാരിക്കാൻ മനസ്സുകാട്ടാൻ തുടങ്ങി എന്ന് അദ്ദേഹം പറയുന്നു.

ഇവരിൽ പലരുമായുള്ള സംഭാഷണം തനിക്ക് ധാരാളം സുഹൃത്തുക്കളെ നേടിത്തന്നു. ഇതോടെ ഇടയ്ക്കിടയ്ക്ക് അവർക്കൊപ്പം ചായകുടിക്കാനും മറ്റും സമയം കണ്ടെത്താൻ തുടങ്ങി. ജീവിതത്തിന്റെ എല്ലാ മേഖലകളിൽ നിന്നുള്ളവരുമായും സൗഹൃദമുണ്ടാക്കാൻ ഇത് സഹായിച്ചു എന്ന് ഡൊമിനിക് പറയുന്നു. ഭൗമ ശാസ്ത്രജ്ഞർ മുതൽ ടാക്സി ഡ്രൈവർമാർ വരെയുള്ളവർ തനിക്ക് സുഹൃത്തുക്കളായി എന്നും അദ്ദേഹം പറഞ്ഞു. ലോകത്തെവിടെയും മനുഷ്യസ്വഭാവവും പ്രകൃതവും ഒന്നുതന്നെയാണെന്നാണ് സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിൽ ഡൊമിനിക് പറയുന്നത്.

അവർ ആരെന്നോ, കൂടെ ആരൊക്കെയുണ്ടെന്നോ ഉള്ളത് ഒരു വിഷയമല്ല,. വരിലെല്ലാം തന്നെ താൻ ഒറ്റപ്പെടുന്നു എന്നൊരു ബോധം ഉണ്ടായിരിക്കും. തികച്ചും അപരിചിതരുമായി സംസാരിക്കാനും ബന്ധം സ്ഥാപിക്കാനും ആരംഭിച്ചത് തന്റെ വൈകാരികവും മാനസികവുമായ ഉന്നമനത്തിന് വഴിതെളിച്ചതായും അദ്ദേഹം പറയുന്നു. ബ്രിട്ടനിൽ കാലാകാലങ്ങളായി കുടിയേറുന്നവരുടെ വേറിട്ടകഥകളാണ് മൈഗ്രേഷൻ മ്യുസിയത്തിൽ ഉള്ളത്. സ്വയം വെട്ടിത്തെളിച്ച പാതയിലൂടെ നടന്ന് ബ്രിട്ടീഷ് സമൂഹത്തിൽ സ്വന്തമായ സ്ഥാനം നേടിയവരുടെ കഥകളാണ് ഇവിടെ പ്രദർശിപ്പിക്കുന്നത്.

അക്കൂട്ടത്തിലേക്കാണ് ഇപ്പോൾ തൃശ്ശൂർ ചെമ്പുകാവ് സ്വദേശി ഡൊമിനികിന്റെ കഥയും എത്തിയിരിക്കുന്നത്. കഴിഞ്ഞ ആറു വർഷമായി റിയൽ എസ്റ്റേറ്റ് രംഗത്ത് പ്രവർത്തിക്കുന്ന ഡൊമിനിക് ഇപ്പോൾ ലണ്ടനിലെ ഒരു പ്രമുഖ റിയൽ എസ്റ്റേറ്റ് സ്ഥാപനത്തിന്റെ മുതിർന്ന നെഗോഷിയേറ്റർ ആണ്.