നിരവധി ക്രിമിനൽ കേസുകൾ നിത്യേനയെന്നോണം കേൾക്കുന്ന ക്രിമിനൽ കോടതി വരെ ഞെട്ടി ഒരു മകന്റെ ക്രൂരതയറിഞ്ഞ്. കവൻട്രി സെയിന്റ് ജോർജ്ജിൽ അമ്മയായ ഹസ്നഹാറിനൊപ്പം താംസിക്കുന്ന ആദിൽ ചൗധരി എന്ന 31 കാരനാണ് സമാനതകളില്ലാത്ത ക്രൂരതകൾ കാട്ടിയത്.

കഴിഞ്ഞവർഷം സെപ്റ്റംബർ 27 ന് ആദിൽ ചൗധരിയെ ഒരു കേസുമായി ബന്ധപ്പെട്ട് വീട്ടിൽ നിന്നും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തൊട്ടടുത്ത ദിവസം തന്നെ വിട്ടയച്ചതിനാൽ അയാൾ വീട്ടിൽ തിരികെ എത്തുകയും ചെയ്തു. അന്ന് വൈകിട്ട്, പൊലീസ് അറസ്റ്റ് ചെയ്തതിന്റെ കാര്യം അന്വേഷിച്ച അമ്മയോട് അയാൾ തട്ടിക്കയറുകയായിരുന്നു. മകന്റെ അക്രമവാസന അറിയാമായിരുന്ന അവർ കൂടുതൽ സംസാരിക്കാതെ കിടപ്പുമുറിയിലേക്ക് പിൻവലിഞ്ഞി.

പുറകെയെത്തിയ ആദിൽ അമ്മയോട് അവരുടെ മൊബൈൽ ഫോൺ തരാൻ ആവശ്യപ്പെട്ടു. തന്റെ ഫോൺ പൊലീസുകാർ പിടിച്ചെടുത്തു എന്നതായിരുന്നു കാരണമായി അയാൾ പറഞ്ഞത്. എന്നാൽ ഫോൺ നൽകാൻ അമ്മ വിസമ്മതിച്ചു. മകനിൽ നിന്നും രക്ഷനേടാൻ താഴത്തെ നിലയിലേക്ക് പോകാനൊരുങ്ങിയ അമ്മ, ഏണിപ്പടികളിൽ ഇട്ടിരുന്ന കാർപ്പറ്റിൽ മകൻ മൂത്രവിസർജ്ജനം ചെയ്തത് കാണുകയായിരുന്നു. ഉടൻ കാർപ്പറ്റ് വൃത്തിയാക്കുവാൻ ബ്ലീച്ചുമായി എത്തിയ അവരെ മകൻ തടയുകയും അവരുടെ കൈയിൽ നിന്നും ബലമായി ബ്ലീച്ച് പിടിച്ചുവാങ്ങി അമ്മയുടെ ദേഹത്ത് ഒഴിക്കുകയുമായിരുന്നു.

ദേഹത്തുവീണ ബ്ലീച്ചിന്റെ പൊള്ളുന്ന ചൂട് സഹിക്കാതെ അത് കഴുകിക്കളയാൻ കുളിമുറിയിൽ പോയി തിരിച്ചെത്തിയ അമ്മ കാണുന്നത് മകൻ വീട്ടിലെ ഗ്യാസ് പൈപ്പുകളെല്ലാം തുറന്നുവച്ചിരിക്കുന്നതാണ്. അതെല്ലാം അടച്ച് എത്തിയപ്പോൾ 40 പൗണ്ട് നൽകണമെന്ന് മകൻ ആവശ്യപ്പെട്ടു. ദേഹോപദ്രവം ഭയന്ന് മകനൊപ്പം കാഷ് മെഷീനിൽ പോയി പണമെടുത്ത് നൽകുകയും ചെയ്തു. തിരികെ വീട്ടിലെത്തിയപ്പോൾ അയാൾ അമ്മയുടെ മുഖത്ത് ശക്തിയായി അടിച്ചു. മാത്രമല്ല, തന്നെ പൊലീസ് അറസ്റ്റ് ചെയ്തതിനു കാരണം അമ്മയാണെന്നാരോപിച്ച് അവരുടെ കഴുത്തിന് പിടിച്ച് ഞെക്കുകയും ചെയ്തു.

അന്ന് വൈകുന്നേരം അയാൾ അമ്മയോട് അവരുടെ സഹോദരനെ വിളിക്കാൻ പറഞ്ഞു. വിളിച്ച ഉടനെ ഫോൺ തട്ടിപ്പറിച്ച് ടോയ്ലെറ്റിലേക്ക് വലിച്ചെറിഞ്ഞു. എങ്ങനെയോ അത് തിരിച്ചെടുത്ത അമ്മ പിന്നീട് സ്വന്തം സഹോദരനെ വിളിച്ചുവരുത്തി അവിടെനിന്നും രക്ഷപ്പെടുകയായിരുന്നു. അറസ്റ്റിലായപ്പോൾ ആദിൽ പക്ഷെ അമ്മയെ ദേഹോപദ്രവം ഏൽപ്പിച്ചു എന്ന ആരോപണം നിഷേധിച്ചു.