- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാലിലൂടെ കോവിഡ് വാക്‌സിനേഷൻ സ്വീകരിച്ച് പ്രണവ്; അപൂർവ്വം ഈ കുത്തി വയ്പ്പ്
ആലത്തൂർ: ജന്മനാ ഇരു കൈകളുമില്ലാത്ത ആലത്തൂർ പെരുങ്കുളം ദേവകി നിവാസിൽ പ്രണവ് (22) കാലിലൂടെ കോവിഡ് പ്രതിരോധ കുത്തിവയ്‌പ്പെടുത്തു. ഇത്തരമൊരു കോവിഡ് വാക്‌സിനേഷൻ അപൂർവമെന്ന് ആരോഗ്യവകുപ്പ്. കൈകളില്ലാത്ത പ്രണവ് വാക്‌സീൻ സ്വീകരിക്കാനെത്തിയപ്പോൾ ആരോഗ്യ പ്രവർത്തകർ ആദ്യം അമ്പരന്നു. സാധാരണ കയ്യിലാണു കുത്തിവയ്ക്കുന്നത്. ആരോഗ്യ വകുപ്പിൽനിന്നു നിർദ്ദേശം എത്തിയതോടെ കാൽ വഴി വാക്‌സീൻ സ്വീകരിച്ചു.
ഇരു കൈകളുമില്ലാത്ത പ്രണവ് സൈക്കിൾ ചവിട്ടിയാണ് ആലത്തൂർ പഴയ പൊലീസ് സ്റ്റേഷനിലെ വാക്‌സിനേഷൻ കേന്ദ്രത്തിലെത്തിയത്. ഒപ്പം അച്ഛൻ ബാലസുബ്രഹ്മണ്യനും ഉണ്ടായിരുന്നു. കോവിഷീൽഡ് വാക്‌സീന്റെ ആദ്യ ഡോസ് സ്വീകരിച്ചു നിരീക്ഷണ സമയത്തിനുശേഷം സൈക്കിളിൽ തന്നെ വീട്ടിലേക്കു മടങ്ങി. കാലിൽ വാക്‌സീൻ സ്വീകരിച്ച വിവരം പ്രണവ് മാധ്യമങ്ങളെ അറിയിച്ചു.
വാക്‌സിനേഷൻ മടിക്കുന്നവർക്കുള്ള സന്ദേശം കൂടിയാണു കാൽവഴിയുള്ള തന്റെ വാക്‌സിനേഷനെന്ന് അദ്ദേഹം പറഞ്ഞു.പ്രതിസന്ധിയിൽ തളരാത്ത പ്രണവ് ചിത്രകാരൻ കൂടിയാണ്. സൈക്കിളിലാണു യാത്ര. നെഞ്ചോടു ചേർത്തു നിയന്ത്രിച്ചാണു സൈക്കിൾ ഓടിക്കുന്നത്.
രണ്ടു പ്രളയങ്ങളിലും താൻ വരച്ച ചിത്രങ്ങൾ പ്രദർശിപ്പിച്ച് ആ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്ത പ്രണവിന്റെ പ്രവൃത്തിക്കു കേരളം കയ്യടിച്ചിരുന്നു. ഒട്ടേറെ പ്രമുഖർക്കൊപ്പം പ്രണവ് കാൽ ഉപയോഗിച്ചു പകർത്തിയ സെൽഫികൾ സമൂഹമാധ്യമങ്ങളിൽ ഹിറ്റാണ്.