കിളിമാനൂർ: മൊബൈൽ ഫോണിലൂടെ പെൺകുട്ടികളുമായി സൗഹൃദം സ്ഥാപിച്ച ശേഷം വലയിലാക്കി ചൂഷണം ചെയ്യുന്ന സംഘത്തിലെ മൂന്ന് പേരെ പള്ളിക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം മുണ്ടക്കയം എരുമേലി വടക്ക് പുഞ്ചവയൽ കോളനി സ്വദേശികളായ ചലഞ്ച് എന്ന ഷൈൻ(20), ചൊള്ളമാക്കൽ വീട്ടിൽ ജോബിൻ(19), ചാത്തന്നൂർ സ്വദേശിയായ 17 കാരൻ എന്നിവരാണ് അറസ്റ്റിലായത്.

സമൂഹ മാധ്യമ ഗ്രൂപ്പുകളിൽ നിന്ന് പെൺകുട്ടികളുടെ നമ്പർ ശേഖരിച്ചാണ് ചതിയിൽപ്പെടുത്തുന്നത്. പെൺകുട്ടികളുടെ ഫോണിലേക്ക് മിസ്ഡ് കോൾ ചെയ്താണ് ഓപ്പറേഷൻ തുടങ്ങുന്നത്. തിരിച്ചു വിളിക്കുന്നതോടെ സൗഹൃദം സ്ഥാപിക്കും. തുടർന്ന് അശ്ലീല ചർച്ചകൾ നടക്കുന്ന വിവിധ ഗ്രൂപ്പുകളിലേക്ക് ചേർക്കുകയും നമ്പരുകൾ മറ്റുള്ളവർക്ക് കൈമാറുകയും ചെയ്യുന്നു. ഇത്തരത്തിൽ വശീകരിച്ച് പീഡനത്തിനടക്കം ഉപയോഗിക്കുന്ന സംഘങ്ങൾ സജീവമാണെന്ന് പൊലീസ് പറഞ്ഞു.

സ്റ്റേഷൻ പരിധിയിലെ 15 കാരിയെ ഇത്തരത്തിൽ വലയിലാക്കിയത് ചാത്തന്നൂർ സ്വദേശിയായ 17 കാരനാണ്. ലഹരി മരുന്നുകൾക്കും മൊബൈൽ ഗെയിമുകൾക്കും അടിമയായ ഇയാൾ വഴിയാണ് എരുമേലി സ്വദേശികളായ പ്രതികൾക്ക് പെൺകുട്ടിയുടെ നമ്പർ ലഭിച്ചത്. ഇവർ വീഡിയോ കോളിലൂടെ പെൺകുട്ടിയെ ഭീഷണിപ്പെടുത്തുന്നത് പതിവായി.

പെൺകുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത കണ്ടതിനെ തുടർന്ന് രക്ഷിതാക്കൾ വിവരം ചോദിച്ചറിയുകയും പൊലീസിനെ സമീപിക്കുകയും ചെയ്തു. പോക്‌സോ, ഐ.ടി. ആക്ടുകൾ പ്രകാരം കേസെടുത്ത പള്ളിക്കൽ പൊലീസ് പ്രതികളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

ഇവരിൽ നിന്ന് കണ്ടെടുത്ത മൊബൈൽ ഫോണുകൾ പരിശോധിച്ചതിൽ നിന്ന് ഇത്തരത്തിൽ നിരവധി പെൺകുട്ടികളെ സംഘം വലയിലാക്കിയതായുള്ള സൂചനകൾ ലഭിച്ചിട്ടുണ്ട്. അന്വേഷണത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഇത്തരത്തിൽ വശീകരിച്ച് പീഡനത്തിനടക്കം ഉപയോഗിക്കുന്ന സംഘങ്ങൾ സജീവമാണെന്ന് പൊലീസ് പറഞ്ഞു.

പള്ളിക്കൽ എസ്.എച്ച്.ഒ. പി.ശ്രീജിത്തിന്റെ നേതൃത്വത്തിൽ എസ്‌ഐ. എം.സഹിൽ, വിജയകുമാർ, ഉദയകുമാർ, സി.പി.ഒ. രാജീവ്, ബിനു, ശ്രീരാജ്, പ്രസേനൻ, രഞ്ജിത്ത് എന്നിവരുൾപ്പെട്ട സംഘം പിടികൂടിയ പ്രതികളെ കോടതി റിമാൻഡ് ചെയ്തു.