- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചിരട്ടപ്പാൽ ഇറക്കുമതി ചെയ്ത് റബർ വിപണി തകർക്കാൻ ആസൂത്രിത അണിയറ നീക്കം: ഇൻഫാം
കോട്ടയം: ചിരട്ടപ്പാൽ അഥവാ കപ്പ് ലമ്പ്ന് സ്റ്റാൻഡേർഡ് നിശ്ചയിച്ച് വൻതോതിൽ അനിയന്ത്രിതമായി ഇറക്കുമതി ചെയ്ത് റബർ വിപണി തകർക്കാനുള്ള ആസൂത്രിത നീക്കം അണിയറയിലൊരുങ്ങുന്നത് റബർ മേഖലയ്ക്ക് ഇരുട്ടടിയാകുമെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയാർ അഡ്വ.വി സി.സെബാസ്റ്റ്യൻ പറഞ്ഞു.
ജൂലൈ 29 ന് ചേരുന്ന ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് യോഗത്തിൽ കപ്പ്ലമ്പ്ന് സ്റ്റാൻഡേർഡ് നിശ്ചയിക്കാൻ അജണ്ടയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് സ്വാഭാവികമായും റബർ ബോർഡിന്റെ അറിവോടെയാണ്. റബർ ബോർഡിലെ ഉന്നതരാണ് ഈ കർഷകദ്രോഹപദ്ധതിക്കു പിന്നിലെന്നുള്ളത് ഞെട്ടിക്കുന്നതാണ്. ഒരു കിലോ ഗ്രേഡ് 4 റബറിന് 165-170 എന്ന ആശ്വാസവിലയിൽ കോവിഡ് കാലത്തും വിപണി സജീവമായിരിക്കുമ്പോൾ വിലയിടിച്ച് നിലവാരം കുറഞ്ഞ ചണ്ടിപ്പാൽ ഇറക്കുമതി ചെയ്യുവാനുള്ള കർഷക ദ്രോഹ നീക്കത്തിനെതിരെ സംഘടിക്കുവാൻ കർഷകരും കർഷകസംഘടനാ നേതൃത്വങ്ങളും മുന്നോട്ടുവരണം.
ഏതാണ്ട് നാലുവർഷം മുമ്പ് ഡൽഹിയിൽ നടന്ന ഇത്തരം നീക്കം കർഷകപ്രതിഷേധത്തെത്തുടർന്ന് കേന്ദ്രസർക്കാർ ഉപേക്ഷിച്ചിരുന്നു. ഈ വിഷയത്തിൽ കൂടുതൽ പഠനം വേണമെന്നാണ് അന്നു നിർദ്ദേശിച്ചത്. പഠനം നടത്തിയവർ പച്ചക്കൊടി കാണിച്ചിരിക്കുന്നത് കർഷകർക്ക് വെല്ലുവിളിയാണ്. അന്നു പറഞ്ഞതുപോലെ തന്നെ ഇന്നും പറയുന്നത് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നാണ്. ഈ വിഷയം അജണ്ടയിൽ ഉൾപ്പെടുത്തിയിരിക്കുന്നുവെന്നതാണ്. ഇതിന്റെ യാഥാർത്ഥ്യം വ്യക്തമാക്കാൻ കേന്ദ്രസർക്കാരും റബർ ബോർഡും തയ്യാറാകണം.
ചണ്ടിപ്പാലിന് നിലവാര മാനദണ്ഡം നിശ്ചയിച്ചാൽ ഉടൻതന്നെ അനിയന്ത്രിത കപ്പ് ലമ്പ് ഇറക്കുമതിയുണ്ടാകും. ആഭ്യന്തരവിപണിയിലെ ഉല്പാദനക്കുറവും വിദേശരാജ്യങ്ങളിലെ വിലക്കുറവും ആയുധമാക്കി റബർ ബോർഡ് വെയ്ക്കുന്ന യഥാർത്ഥമല്ലാത്ത ഉല്പാദന ഉപഭോഗ ഇറക്കുമതി കണക്കുകൾ ഇതിന് ആധാരമായാൽ ആഭ്യന്തര റബർ വിപണിവില കുത്തനെ ഇടിയും. കേന്ദ്രസർക്കാർ ഈ നീക്കത്തിൽ നിന്നു പിന്തിരിയണമെന്നും പാർലമെന്റംഗങ്ങൾ ഉൾപ്പെടെ ജനപ്രതിനിധികളും രാഷ്ട്രീയ നേതൃത്വങ്ങളും സജീവ ഇടപെടൽ ഉടൻ നടത്തണമെന്നും വി സി.സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.