റിയാദ്: ഇരുപത്തിയെട്ടു വർഷത്തെ ഗൾഫ് പ്രവാസം അവസാനിപ്പിച്ച് കേളി കേന്ദ്ര രക്ഷാധികാരി സമിതി അംഗവും കേളി മുൻ പ്രസിഡന്റുമായ ദയാനന്ദൻ ഹരിപ്പാട് നാട്ടിലേക്ക് മടങ്ങുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി ജോലി സംബന്ധമായ പ്രശ്‌നങ്ങളാൽ കേളിയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ സജീവമായിരുന്നില്ല. 1976 ലാണ് ദയാനന്ദൻ തന്റെ പ്രവാസജീവിതത്തിനു തുടക്കം കുറിക്കുന്നത്. 17 വർഷത്തോളം വടക്കേ ഇന്ത്യയിൽ ചണ്ഡിഗറിൽ ജോലി ചെയ്തതിനു ശേഷമാണ് 1993ൽ റിയാദിലെത്തുന്നത്. ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് തൃക്കുന്നപ്പുഴയാണ് സ്വദേശം. ഭാര്യ ഷീജ, ഏക മകൻ മേജർ (ഡോ.) മോഹിത് ദയാനന്ദൻ ആംഡ് ഫോഴ്‌സസ് മെഡിക്കൽ സർവീസിൽ ഡോക്ടറായി സേവനം അനുഷ്ടിക്കുന്നു.

2002 ലാണ് കേളിയിൽ അംഗമാകുന്നത്. കേളിയുടെ വളർച്ചയുടെ ഘട്ടങ്ങളിൽ വിവിധ സംഘടനാ ചുമതലകൾ നിർവ്വഹിച്ചിട്ടുള്ള ദയാനന്ദൻ റിയാദിലെ രാഷ്ട്രീയ സമൂഹ്യ സാംസ്‌കാരിക രംഗത്തും സജീവമായിരുന്നു. കേളിയുടെ സാംസ്‌കാരിക വിഭാഗം കൺവീനർ, കേന്ദ്ര കമ്മിറ്റി അംഗം, കേന്ദ്ര ജോ: ട്രഷറർ, കേളി പ്രസിഡന്റ്, മീഡിയ വിഭാഗം കൺവീനർ എന്നീ ചുമതലകൾ നിർവ്വഹിച്ചിരുന്നു. കൂടാതെ ഗൾഫ് ദേശാഭിമാനിയുടെ റിയാദ് ബ്യുറോ ലേഖകനായിരുന്നു. ചുരുങ്ങിയ കാലയളവിൽ റിയാദ് ഇന്ത്യൻ മീഡിയ ഫോറം അംഗവുമായിരുന്നു.

ബത്ത അപ്പോളോ ഡിമോറോ ഹോട്ടലിൽ കോവിഡ് പ്രൊട്ടോക്കോൾ പാലിച്ചുകൊണ്ട് സംഘടിപ്പിച്ച യാത്രയയപ്പ് യോഗത്തിൽ കേളി കേന്ദ്ര രക്ഷാധികാരി സമിതി കൺവീനർ കെപിഎം സാദിഖ് അധ്യക്ഷത വഹിച്ചു. കേളിയിൽ അംഗമായതു മുതൽ ദൈനംദിന സംഘടനാപ്രവർത്തനങ്ങളിൽ ദയാനന്ദൻ കാണിച്ച ആത്മാർത്ഥതയും കാര്യക്ഷമതയും സജീവമായ ഇടപെടലുകളും സാദിഖ് എടുത്തുപറഞ്ഞു. റിയാദിലെ പൊതു സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ മേഖലകളിൽ പ്രവർത്തിക്കുന്ന മറ്റ് മുഖ്യധാരാ സംഘടനാ പ്രവർത്തകരും നേതാക്കളുമായി വളരെ സൗഹൃദപരമായ ബന്ധം നിലനിർത്താൻ ദയാനന്ദനു കഴിഞ്ഞിട്ടുണ്ടെന്നും സാദിഖ് പറഞ്ഞു.

രക്ഷാധികാരി സമിതി അംഗം ജോസഫ് ഷാജി ആമുഖ പ്രഭാഷണം നടത്തി. രക്ഷാധികാരി സമിതി അംഗവും കേളി ആക്ടിങ് സെക്രട്ടറിയുമായ ടിആർ സുബ്രഹ്‌മണ്യൻ ചടങ്ങിൽ സ്വാഗതം ആശംസിച്ചു. രക്ഷാധികാരി സമിതി അംഗങ്ങളായ സതീഷ്‌കുമാർ, ഗോപിനാഥൻ വേങ്ങര, കേളി ആക്ടിങ് പ്രസിഡന്റ് ചന്ദ്രൻ തെരുവത്ത്, വൈസ് പ്രസിഡന്റുമാരായ സുരേന്ദ്രൻ കൂട്ടായി, പ്രഭാകരൻ കണ്ടോന്തർ, ജോ: സെക്രട്ടറി സുരേഷ് കണ്ണപുരം, സെക്രട്ടറിയേറ്റ് അംഗം ഷമീർ കുന്നുമ്മൽ, ഏരിയ രക്ഷാധികാരി കമ്മിറ്റി കൺവീനർമാരായ അനിൽ അറക്കൽ, മനോഹരൻ, ജോഷി പെരിഞ്ഞനം, പ്രദീപ് കൊട്ടാരത്തിൽ, ബാലകൃഷ്ണൻ, ഫിറോസ് തയ്യിൽ, കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഓപി മുരളി, സുനിൽ മലാസ്, മധു ബാലുശ്ശേരി, ബേബിക്കുട്ടി മാത്യു, ബോബി മാത്യു, പ്രദീപ്രാജ്, ലിബിൻ, സെൻ ആന്റണി, ന്യുസനയ്യ സെൻട്രൽ യുണിറ്റിനെ പ്രതിനിധീകരിച്ച് ബൈജു ബാലചന്ദ്രൻ, മാധ്യമ വിഭാഗം പ്രതിനിധി ജവാദ് പരിയാട്ട്, ജീവകാരുണ്യ വിഭാഗം കൺവീനർ നസീർ മുള്ളൂർക്കര, കേളിയിൽ നിലവിലെ ഏറ്റവും സീനിയർ അംഗമായ പ്രകാശൻ ബത്ത എന്നിവർ ആശംസകൾ നേർന്നു.

കേന്ദ്ര രക്ഷാധികാരി സമിതിയുടെ ഉപഹാരം കൺവീനർ കെപിഎം സാദിഖ് ദയാനന്ദനു് കൈമാറി. ബൈജു ബാലചന്ദ്രനും ബേബി ചന്ദ്രകുമാറും ചേർന്ന് ന്യുസനയ്യ സെൻട്രൽ യുണിറ്റിനുവേണ്ടിയും മധു ബാലൂശ്ശേരിയും ചന്ദ്രൻ തെരുവത്തും ചേർന്ന് ബദിയ ഏരിയക്കുവേണ്ടിയും ദയാനന്ദനെ പൊന്നാട അണിയിച്ചു. യാത്രയയപ്പിനു നന്ദി രേഖപ്പെടുത്തിക്കൊണ്ട് ദയാനന്ദൻ സംസാരിച്ചു.