- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടൂറിസ്റ്റ് ടാക്സി തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കും; ടാക്സി തൊഴിലാളികൾക്ക് ഏകീകൃത ഐഡി കാർഡ് എന്ന ആവശ്യം പരിഗണിക്കുമെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ്
തിരുവനന്തപുരം: ടൂറിസം മേഖലയിൽ തൊഴിലെടുക്കുന്ന ടാക്സി തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് യോഗം ചേർന്നു. ടൂറിസ്റ്റ് പാക്കേജ് ടാക്സി തൊഴിലാളി മേഖലയിൽ പ്രവർത്തിക്കുന്ന വിവിധ ട്രേഡ് യൂണിയൻ പ്രതിനിധികൾ പങ്കെടുത്തു.
അനുഭവിക്കുന്ന നിരവധിയായ പ്രശ്നങ്ങളും ചില ആവശ്യങ്ങളും തൊഴിലാളികൾ യോഗത്തിൽ അവതരിപ്പിച്ചു. ടൂറിസം മേഖലയിലെ ടാക്സി തൊഴിലാളികൾക്ക് ഒരു ഏകീകൃത ഐഡി കാർഡ് വേണമെന്ന ആവശ്യം പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു. ശുചിമുറി, വിശ്രമിക്കാനുള്ള സൗകര്യം തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങളുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ എന്നിവയിൽ ആവശ്യമായ നടപടികൾ സ്വീകരിക്കും. ഡ്രൈവർമാർക്ക് വിദഗ്ധ പരിശീലനം നൽകി സഞ്ചാരികൾക്ക് മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്താനും യോഗത്തിൽ തീരുമാനിച്ചു.
തൊഴിലാളികളുടെ അടിസ്ഥാന ആവശ്യങ്ങൾ പരിഗണിക്കാൻ അതാത് മേഖലയിലെ റിസോർട്ട്, ഹോട്ടൽ ഉടമകളുടെ കൂടി മുൻകയ്യിൽ പദ്ധതികൾ ആസൂത്രണം ചെയ്യും. ധനകാര്യ, തൊഴിൽ വകുപ്പുകളുമായി ബന്ധപ്പെട്ട് ചർച്ച ചെയ്യേണ്ട ചില വിഷയങ്ങളും സംഘടനാപ്രതിനിധികൾ ഉന്നയിച്ചിട്ടുണ്ട്. ഇക്കാര്യം ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരുമായി ചർച്ചചെയ്യും.
ടൂറിസ്റ്റ് ടാക്സി ഡ്രൈവർമാരുടെ മാനസികാരോഗ്യവും മെച്ചപ്പെട്ട ജീവിത നിലവാരവും ഉറപ്പുവരുത്തുന്നതിന് വിനോദസഞ്ചാര വകുപ്പ് പ്രതിജ്ഞാബന്ധമാണെന്നും അവരുടെ ജീവൽപ്രശ്നമായി ഉയർന്നുവന്ന വിഷയങ്ങളെല്ലാം പരിഹരിക്കുന്നതിന് സർക്കാർ ക്രിയാത്മകമായ ഇടപെടലുകൾ നടത്തുമെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു. ടൂറിസം മേഖലയിലെ ടാക്സി ഡ്രൈവർമാർ, ടൂർ ഓപ്പറേറ്റർമാർ, റിസോർട്ട്, ഹോട്ടൽ, ഹൗസ്ബോട്ട് മാനേജ്മെന്റുകൾ എല്ലാവരും ഒരുമിച്ച് നിന്ന് പ്രവർത്തിച്ചാൽ മാത്രമേ ടൂറിസം മേഖലയിൽ മികച്ച മുന്നേറ്റം ഉണ്ടാക്കാൻ സാധിക്കുകയുള്ളു എന്ന് യോഗം ചൂണ്ടിക്കാട്ടി.
യോഗത്തിൽ പി നന്ദകുമാർ എംഎൽഎ, ടൂറിസം അഡീഷണൽ ചീഫ് സെക്രട്ടറി വി വേണു ഐഎഎസ്, ഡയറക്ടർ കൃഷ്ണ തേജ ഐഎഎസ്, യൂണിയൻ പ്രതിനിധികളായ തങ്കച്ചൻ, മുഹമ്മദ് നിസാർ, അൻസാർ സിഎം, ശ്രീനിവാസ് കെ, അബിൻ സുകുമാരൻ, ജോമോൻ ജോയ്, എസ് നാഗസംഗീത്, തുടങ്ങിയവർ പങ്കെടുത്തു.
മറുനാടന് മലയാളി ബ്യൂറോ