പീരുമേട്: താലൂക്ക് ആശുപത്രിയിലെ മോർച്ചറിയുടെ താക്കോൽ കാണാതെ പോയതിനെ തുടർന്ന് പോസ്റ്റ്‌മോർട്ടം വൈകിയതായി പരാതി. പുല്ല് ചെത്താൻ പോകുന്നതിനിടെ കാലുതെന്നി വീണു മരിച്ച ഏറുമ്പടം സ്വദേശി പി.ആർ. സതീഷിന്റെ പോസ്റ്റ്‌മോർട്ടം വൈകിയതായാണ് ബന്ധുക്കൾ പരാതി നൽകിയത്. സതീഷിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഞായർ വൈകിട്ടാണ് താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിൽ എത്തിച്ചത്.

കോവിഡ് ടെസ്റ്റിനു വേണ്ടി സ്രവം എടുത്ത് ഇടുക്കിയിൽ കൊണ്ടുപോയി പരിശോധിപ്പിക്കുന്നതിന് ഇന്നലെ രാവിലെ ബന്ധുക്കൾ എത്തി. മോർച്ചറിയുടെ താക്കോൽ കാണാതെ വന്നതിനെ തുടർന്ന് 10 മണിക്ക് ശേഷമാണ് സ്രവം എടുത്ത് നൽകാൻ കഴിഞ്ഞത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയപ്പോഴേക്കും വൈകുന്നേരം 4.50 കഴിഞ്ഞു. ഇതോടെ ആശുപത്രി അധികൃതർ പോസ്റ്റ്‌മോർട്ടം ഇന്നത്തേക്കു മാറ്റിയെന്നു ബന്ധുക്കൾ പരാതിപ്പെടുന്നു.

എന്നാൽ സാധാരണ പാലിക്കേണ്ട നടപടിക്രമങ്ങൾ പൂർത്തിയായപ്പോഴേക്കും സമയം വൈകുകയായിരുന്നു എന്നും മറ്റു പരാതികൾ അടിസ്ഥാനരഹിതമാണെന്നും ആശുപത്രി സൂപ്രണ്ട് പറഞ്ഞു. പോസ്റ്റ്‌മോർട്ടം വൈകുന്നേരം 5നു മുൻപ് പൂർത്തിയാക്കുന്നതിനു കഴിയില്ലെന്ന സാഹചര്യത്തിലാണ് തൊട്ടടുത്ത ദിവസത്തേക്കു മാറ്റിയതെന്നാണു വിശദീകരണം.