- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി കാമറയുമായി അൻവർ സാദത്ത് ഓടിവരില്ല; നിറ കണ്ണുകളോടെ പ്രിയ സുഹൃത്തിന് വിട നൽകി പ്രവാസി മലയാളികൾ
കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രവാസി സംഘടനകളുടെ അമരക്കാർക്കും സജീവ പ്രവർത്തകർക്കും സുപരിചിതനാണ് അൻവർ സാദത്ത് എന്ന യുവാവ്. പ്രവാസി മലയാളികളുടെ പരിപാടികളിൽ നിറസാന്നിധ്യമാണ് തിങ്കളാഴ്ച അന്തരിച്ച അൻവർ. കഴുത്തിൽ ഒന്നോ രണ്ടോ ക്യാമറയും തൂക്കി കാണുന്നവർക്കെല്ലാം നിറ പുഞ്ചിരിയും സമ്മാനിച്ചാണ് അൻവറിന്റെ വരവ്. ചെറുതും വലുതുമായ ഓരോ പരിപാടികളിലും അൻവർ ഉണ്ടാകും. പരിപാടികൾക്ക് നേരത്തെയെത്തി ക്യാമറക്കണ്ണുകൾ തുറന്നുവക്കും അൻവർ. സംഘാടകർ ഏൽപിച്ച ദൗത്യത്തിനു പുറമെ എല്ലായിടത്തും അൻവറിന്റെ നോട്ടമെത്തും.
എന്നാൽ കുവൈത്തിലെ മലയാളി സമൂഹത്തെ ഏറെ നൊമ്പരപ്പെടുത്തുന്നതായിരുന്നു അൻവർ സാദത്ത് അൻസിന്റെ പൊടുന്നനെയുള്ള വിയോഗം. കുവൈത്തിലെ പ്രവാസി സംഘടന പരിപാടികളിലെ സ്ഥിരസാന്നിധ്യമായ ഫോേട്ടാഗ്രാഫർ എന്ന നിലയിൽ മിക്കവർക്കും സുപരിചിതനായിരുന്ന അൻവർ സാദത്ത് തിങ്കളാഴ്ചയാണ് അപ്രതീക്ഷിതമായി മരണത്തിനു കീഴടങ്ങിയത്.
കവറ് ചെയ്യാനെത്തുന്ന പരിപാടികളിൽ വേദിയിലെ ഔപചാരിക ചടങ്ങുകൾ മാത്രമല്ല, സദസിലെ കൗതുകങ്ങളും ഒപ്പിയെടുക്കാനായ ക്യാമറയുമായി ചലിച്ചുകൊണ്ടേയിരിക്കും. ആളുടെ ശ്രദ്ധ ക്ഷണിക്കാതെ അവരുടെ ഫൊട്ടോ ക്യാമറയിൽ പതിപ്പിക്കുക എന്നതാണ് ശീലം. നാമറിയാതെയെടുക്കുന്ന നമ്മുടെ പടം നന്നായിരിക്കുമെന്ന തത്വമനുസരിച്ച് നമ്മുടെ തരക്കേടില്ലാത്ത പടം അൻവറിന്റെ ക്യാമറയിൽ പതിഞ്ഞിരിക്കും. താനെടുത്ത പടങ്ങളിൽനിന്ന് മോശമല്ലാത്തവ തിരഞ്ഞെടുത്ത് അതിന്റെ ഉടമയ്ക്ക് താമസിയാതെ വാട്‌സാപ്പിലോ ഇ-മെയിലിലോ അയച്ചുകൊടുക്കുന്നതും അൻവറിന്റെ പതിവാണ്.
തൊഴിൽ ഫൊട്ടോഗ്രാഫിയുമായി ബന്ധപ്പെട്ടതല്ലെങ്കിലും അൻവർ ക്യാമറയെ പ്രണയിച്ചുവെന്നതാണ് ശരി. സമൂഹ മാധ്യമങ്ങളിലും സജീവമായിരുന്നു അൻവർ. പല വിഷയങ്ങളിലും ചടുലമായ വാക്കുകളിലുള്ള പ്രതികരണമാകും അത്. കോവിഡ് വാക്‌സീൻ സ്വീകരിച്ച് ദിവസങ്ങൾക്ക് ശേഷമാണ് അൻവർ സാദത്ത് പനിപിടിച്ച് ആശുപത്രിയിൽ എത്തുന്നത്.
ഏതാനും ദിവസമായി അമീരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ഈ ഘട്ടങ്ങളിലെല്ലാം പ്രിയ സുഹൃത്തിനെ ആരോഗ്യത്തോടെ തിരിച്ചുലഭിക്കാനുള്ള പ്രാർത്ഥനയിലായിരുന്നു പ്രവാസി സമൂഹം. സമൂഹ മാധ്യമങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ അൻവർ സാദത്തിനായുള്ള പ്രാർത്ഥന ആഹ്വാനങ്ങൾ നിറഞ്ഞുനിന്നിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന അദ്ദേഹത്തിെന്റ ആരോഗ്യം അൽപം മെച്ചപ്പെട്ടുവെന്ന് ഞായറാഴ്ച വിവരം ലഭിച്ചപ്പോൾ എല്ലാവരും ആശ്വസിച്ചു. എന്നാൽ, തിങ്കളാഴ്ച വീണ്ടും വഷളായി. ഒടുവിൽ വിധിയുടെ തീർപ്പിന് മുന്നിൽ നിസ്സഹായനായി കീഴടങ്ങി.
ഫോട്ടോഗ്രാഫർ എന്ന നിലയിൽ സ്വയം അടയാളപ്പെടുത്തിയ ജീവിതമായിരുന്നു അദ്ദേഹത്തിൻേറത്. മറ്റു തൊഴിലിനിടയിലും കാമറയെ അത്രമേൽ പ്രണയിക്കീകയായിരുന്നു അൻവർ. ഗൾഫ് മാധ്യമത്തിൽ ഉൾപ്പെടെ അദ്ദേഹത്തിന്റെ നിരവധി മികച്ച ചിത്രങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിപുലമായ സൗഹൃദ വലയത്തിന് ഉടമയായിരുന്ന അദ്ദേഹം സാമൂഹിക, സാംസ്‌കാരിക പ്രവർത്തന മേഖലയിലും സജീവമായിരുന്നു. സമൂഹ മാധ്യമങ്ങളിലും സജീവമായി ഇടപെട്ടിരുന്നു. സൗമ്യമായ പെരുമാറ്റവും പുഞ്ചിരിയും ആയിരുന്നു മുഖമുദ്ര. കോഴിക്കോട് ബിലാത്തിക്കുളം സ്വദേശിയാണ്. ഭാര്യ: അൻസില.