- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓൺലൈൻ പഠന കാലത്ത് അതിവേഗ മുന്നേറ്റം നടത്തി ബൈജൂസ്; സിംഗപ്പൂർ കമ്പനിയെ ഏറ്റെടുത്തത് 4467 കോടി രൂപ മുടക്കി: ബൈജൂസിലേക്ക് ഒഴുകി എത്തുന്നത് കോടികളുടെ നിക്ഷേപം
കോവിഡ് കാലത്ത് പഠനം ഡിജിറ്റലായതോടെ വിദ്യാഭ്യാസ രംഗത്ത് ബൈജൂസ് ആപ്പ് അതിവേഗ മുന്നേറ്റമാണ് നടത്തിയത്. ഇപ്പോൾ സിംഗപ്പൂരിലും താരമായിരിക്കുകയാണ് ബൈജൂസ്, സിംഗപ്പൂർ കമ്പനിയായ ഗ്രേറ്റ് ലേണിങ് കമ്പനിയെ 60 കോടി ഡോളറിന് (ഏകദേശം 4467 കോടി രൂപ) ഏറ്റെടുത്തിരിക്കുകയാണ് ബൈജൂസ്. ഇതോടെ യുണികോൺ കമ്പനികളിൽ ഏറ്റവുമധികം ഏറ്റെടുക്കൽ നടത്തിയ സ്റ്റാർട്ട്അപ്പ് എന്ന റെക്കോർഡും ബൈജൂസ് സ്വന്തമാക്കി. വിവിധ കമ്പനികളെ സ്വന്തമാക്കാനായി ഏകദേശം 220 കോടി ഡോളറാണ് ബൈജൂസ് ചെലവിട്ടത്.
ഗ്രേറ്റ് ലേണിങ്ങിന്റെ സ്ഥാപകരായ മോഹൻ ലഖംരാജു, ഹരി നായർ, അർജുൻ നായർ എന്നിവരുടെ നേതൃത്വത്തിൽ നിലവിലെ പ്രവർത്തനങ്ങൾ തുടരുമെന്നും ബൈജൂസ് അറിയിച്ചു. രാജ്യാന്തരതലത്തിൽ അംഗീകൃത സർവകലാശാലകളുമായി സഹകരിച്ച് ഡേറ്റാ സയൻസ്, ഡിജിറ്റൽ മാർക്കറ്റിങ്, നിർമ്മിത ബുദ്ധി, മെഷീൻ ലേണിങ് തുടങ്ങി വിഷയങ്ങളിൽ ബിരുദം, ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്‌സുകളാണ് ഗ്രേറ്റ് ലേണിങ് നൽകുന്നത്.
ഇതിനിടെ ബൈജൂസ് ലേണിങ് ആപ്പിലേക്ക് കോടികളുടെ നിക്ഷേപമാണ് വരുന്നത്. ഏറ്റവും അവസാനമായി, കഴിഞ്ഞ മാസം 350 ദശലക്ഷം ഡോളറിന്റെ നിക്ഷേപമാണ് നടത്തിയത്. ഇതോടെ ബൈജൂസ് സ്റ്റാർട്ടപ്പിന്റെ മൊത്തം മൂല്യം 1650 കോടി ഡോളറായി ( ഏകദേശം 120832.47 കോടി രൂപ) ഉയർന്നിരുന്നു. ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള സ്റ്റാർട്ടപ്പായ ബൈജൂസ് ലോകത്ത് പതിനൊന്നാം സ്ഥാനത്താണ്. 1600 കോടി ഡോളർ മൂല്യമുള്ള പേടിഎമ്മിനെയാണ് ബൈജൂസ് പിന്നിലാക്കിയത്.
യുബിഎസ് ഗ്രൂപ്പ്, ബ്ലാക്ക്‌സ്റ്റോൺ, അബുദാബി സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഹോൾഡിങ് കമ്പനിയായ എഡിക്യു , സൂം സ്ഥാപകൻ എറിക് യുവാൻ, ഫീനിക്‌സ് റൈസിങ് - ബീക്കൺ ഹോൾഡിങ്‌സ് എന്നിവരാണ് ബൈജൂസിൽ നിക്ഷേപം നടത്തിയിരിക്കുന്നത്. ഇതോടെയാണ് ബൈജൂസ് സംരംഭത്തിന്റെ മൂല്യം 1650 കോടി ഡോളറായി ഉയർന്നത്.
ഏപ്രിലിൽ തുടങ്ങിയ 150 കോടി ഡോളർ നിക്ഷേപം സമാഹരിക്കലിന്റെ ഭാഗമായാണ് ഇപ്പോൾ 350 ദശലക്ഷം ഡോളറിന്റെ ഫണ്ട് സമാഹരണം.
നേരത്തെ ബാരൺ ഫണ്ട്‌സ്, ബി ക്യാപിറ്റൽ ഗ്രൂപ്പ്, എക്‌സ്എൻ എക്‌സ്‌പോണന്റ് ഹോൾഡിങ് തുടങ്ങിയ നിക്ഷേപകരിൽ നിന്ന് കമ്പനി ഏപ്രിലിൽ 100 കോടി ഡോളർ സമാഹരിച്ചിരുന്നു. ആകാശ് എഡ്യൂക്കേഷണൽ സർവീസസ് ലിമിറ്റഡിനെ (എഇഎസ്എൽ) ഏപ്രിലിൽ 100 കോടി ഡോളറിന് ബൈജൂസ് സ്വന്തമാക്കുകയും ചെയ്തിരുന്നു. 2015 ൽ ആരംഭിച്ച ബൈജൂസ് ആപ്പ് ഉപയോഗിച്ച് 80 ദശലക്ഷത്തിലധികം വിദ്യാർത്ഥികളാണ് പഠിക്കുന്നത്.