- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പഠനത്തിന് മൊബൈൽ ഫോണില്ലാത്തതിന്റെ പേരിൽ വീടുവിട്ടിറങ്ങി; പെൺകുട്ടിക്ക് ഫോൺ സമ്മാനിച്ച് പൊലീസുകാരൻ
ഏറ്റുമാനൂർ: പഠനത്തിന് മൊബൈൽ ഫോണില്ലാത്തതിന്റെ സങ്കടത്തിൽ വീടു വിട്ടിറങ്ങിയ പെൺകുട്ടിക്ക് പൊലീസുകാരന്റെ വക മൊബൈൽ ഫോൺ സമ്മാനം. കഴിഞ്ഞ 23നാണു സംഭവം. മൂന്ന് കുട്ടികളുള്ള വീട്ടിൽ ഓൺലൈൻ പഠനത്തിന് ഒരു ഫോൺ മാത്രമാണുള്ളത്. കുട്ടികൾക്ക് ഒരേ സമയത്താണ് ഓൺലൈൻ ക്ലാസുകൾ. ഇതു മൂലം പെൺകുട്ടിക്ക് പഠനം സാധ്യമായിരുന്നില്ല.
കുട്ടികളുടെ അച്ഛൻ മരിച്ചുപോയതാണ്. അമ്മ സ്വകാര്യ സ്‌കൂളിൽ താൽക്കാലിക ജോലി ചെയ്തു ലഭിക്കുന്നതാണ് ഏക വരുമാനം. സഹോദരങ്ങൾക്കു പഠിക്കേണ്ടി വന്നതിനാൽ കഴിഞ്ഞ ദിവസം നടന്ന പരീക്ഷയുടെ ഉത്തരക്കടലാസുകൾ അപ്ലോഡ് ചെയ്യാൻ പോലും പെൺകുട്ടിക്കു സാധിച്ചില്ല. മാനസിക വിഷമത്തിൽ അവൾ വീടു വിട്ടിറങ്ങി. ബന്ധുക്കൾ പരാതി നൽകിയതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു.
വീട്ടിൽ നിന്ന് ഇറങ്ങിയ പെൺകുട്ടി തിരുവനന്തപുരം നെടുമങ്ങാടുള്ള പിതൃസഹോദരന്റെ വീട്ടിലേക്കു പോകാനാണ് ഉദ്ദേശിച്ചത്. എന്നാൽ ട്രെയിനിൽ തിരുവനന്തപുരത്ത് എത്തിയ ശേഷം അവിടെ നിന്ന് ബസിൽ പേരൂർക്കടയിൽ ഇറങ്ങിയപ്പോൾ പോകേണ്ട വഴി നിശ്ചയമില്ലാതെ വന്നു. തുടർന്ന് ബസ് സ്റ്റോപ്പിൽ കണ്ട സ്ത്രീയുടെ മൊബൈൽ ഫോൺ വാങ്ങി വീട്ടിലേക്കു വിളിച്ചു. ഈ സമയം അന്വേഷണത്തിനു വീട്ടിലെത്തിയ വനിതാ പൊലീസ് ഉദ്യോഗസ്ഥർ ആ നമ്പറിലേക്കു തിരിച്ചുവിളിക്കുകയും സ്ഥലം മനസ്സിലാക്കി പേരൂർക്കട പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തു. പെൺകുട്ടിയെ പേരൂർക്കട പൊലീസ് കണ്ടെത്തി. തുടർന്ന് ഏറ്റുമാനൂരിൽ നിന്നു ബന്ധുക്കളും പൊലീസുമെത്തി കുട്ടിയെ തിരിച്ചെത്തിച്ചു.
പെൺകുട്ടി വീടുവിട്ടു പോകാനുള്ള കാരണം അറിഞ്ഞ ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ സി.ആർ.രാജേഷ് കുമാർ അപ്പോൾ തന്നെ പെൺകുട്ടിക്കു പഠനത്തിനായി മൊബൈൽ ഫോൺ വാങ്ങി നൽകി. ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരാക്കിയ ശേഷം പെൺകുട്ടിയെ ബന്ധുക്കൾക്കൊപ്പം വിട്ടു. സ്റ്റേഷൻ ഹൗസ് ഓഫിസറുടെ പ്രവൃത്തിയെ കോടതി അഭിനന്ദിക്കുകയും ചെയ്തു.