മുല്ലശേരി: ഒന്നിച്ച് ഹയർ സെക്കൻഡറി പരീക്ഷ എഴുതാൻ അമ്മയും മകനും. അന്നകര വടുക്കൂട്ട് വീട്ടിൽ അന്തോണിയുടെ ഭാര്യ ലില്ലി (68)യും മകൻ മനോജു (39)മാണ് പ്രതിസന്ധികളോട് പടവെട്ടി പരീക്ഷ എഴുതാൻ തയ്യാറെടുക്കുന്നത്. ലില്ലി സാക്ഷരതാ മിഷന്റെ ഹയർ സെക്കൻഡറി രണ്ടാം വർഷ തുല്യതാ പരീക്ഷയും മനോജ് ഒന്നാം വർഷ തുല്യതാ പരീക്ഷയുമാണ് എഴുതുന്നത്.

ഇരുവരും മുല്ലശേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ സാക്ഷരത തുല്യതാ പഠന കേന്ദ്രത്തിലെ വിദ്യാർത്ഥികളാണ്. ഇന്നു മുതൽ 31 വരെയാണു പരീക്ഷ. ശാരീരിക അവശതകൾ മൂലം ഏഴാം ക്ലാസിൽ പഠനം നിർത്തിയതാണു മനോജ്. സാക്ഷരതാ മിഷന്റെ തുല്യതാ പഠനത്തിലൂടെ തന്നെ ഏഴാം തരവും പത്താം തരവും ജയിച്ചാണ് മനോജ് ഹയർ സെക്കൻഡറിയിലെത്തിയത്.

1972ൽ ഉയർന്ന മാർക്കോടെ എസ്എസ്എൽസി പരീക്ഷ പാസായ ലില്ലിക്ക് ജീവിത സാഹചര്യങ്ങൾ മൂലം തുടർന്നു പഠിക്കാനായില്ല. ആദ്യം ഓൺലൈനായും പിന്നീട് നേരിട്ടുമായിരുന്നു തുല്യതാ പഠനം. സാക്ഷരത കോ ഓർഡിനേറ്റർ എം.എ. ജയലക്ഷ്മിയും 8 അദ്ധ്യാപകരും ചേർന്നാണ് ഇവരെ ഒരുക്കിയത്. മുല്ലശേരി ജിഎച്ച്എസ്എസിലെ തുല്യതാ പഠന കേന്ദ്രത്തിൽ അറുപതിലധികം പേരാണ് ഈ വർഷം ഹയർ സെക്കൻഡറി പരീക്ഷ എഴുതുന്നത്.